ഏഴരപ്പൊന്നാനയുടെ യഥാര്‍ത്ഥ കഥ

Wednesday 21 February 2018 2:45 am IST
വര്‍ഷത്തില്‍ രണ്ടുദിവസം മാത്രമാണ് ഏഴരപ്പൊന്നാനകളെ ഭക്തരുടെ ദര്‍ശനത്തിനായി പുറത്തെടുക്കുന്നത്. എട്ടാം ഉത്സവദിവസം അര്‍ദ്ധരാത്രിയില്‍ ഏഴരപ്പൊന്നാന ദര്‍ശനം നടക്കും. ഏഴരപ്പൊന്നാന ദര്‍ശനം ഭക്തര്‍ക്കു നല്‍കുന്ന സായൂജ്യം വിവരിക്കാനാവില്ല. 23നാണ് ഏഴരപ്പൊന്നാന ദര്‍ശനം.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള മഹാക്ഷേത്രമായ ഏറ്റുമാനൂരമ്പലം പ്രസിദ്ധികൊണ്ട് ഭാരതത്തിലെ മഹാദേവക്ഷേത്രങ്ങളില്‍ പ്രമുഖസ്ഥാനത്തു നില്‍ക്കുന്നു.  ഖരപ്രകാശ മഹര്‍ഷിയാല്‍ പ്രതിഷ്ഠിക്കപ്പെട്ട അഘോര (അത്യുഗ്ര) മൂര്‍ത്തിയായ ശിവന്റെ സാന്നിധ്യമാണ് ഈ തിരുസന്നിധിയിലുള്ളത്. ആ ദേവ സന്നിധിയില്‍ പ്രാര്‍ത്ഥിച്ചാല്‍ സാധിക്കാത്തതായി ഒന്നുമില്ല. തിരുമുന്നില്‍ഭക്തിയോടു കൂടി ഭജനമിരുന്നാല്‍ ഒഴിയാത്ത ബാധയും ഭേദപ്പെടാത്ത രോഗവുമില്ലെന്നും ഭക്തര്‍ വിശ്വസിക്കുന്നു.

'എഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പാതൊഴുന്നേന്‍ തൊഴുന്നേന്‍ തൊഴുന്നേന്‍ ഞാന്‍ തിരുനാഗത്തളയിട്ട തൃപ്പാദം...'

ഏറ്റുമാനൂരപ്പന്റെ ഏഴരപ്പൊന്നാനയും പണ്ടേക്കുപണ്ടേ പുകള്‍ പെറ്റതാണ്. 1972 ല്‍ പുറത്തിറങ്ങിയ 'അക്കരപ്പച്ച'യെന്ന മലയാള ചിത്രത്തില്‍ മാധുരിയുടെമനോഹര ശബ്ദത്തിലെത്തിയ ഈ വയലാര്‍ -ദേവരാജന്‍ ഗാനം ഏഴരപ്പൊന്നാനയുടെ ഖ്യാതി വാനോളമുയര്‍ത്തി. ഏറ്റുമാനൂരപ്പനെ മനംനിറഞ്ഞു വിളിക്കുന്ന ഭക്തരുടെമനസ്സില്‍ പൊന്നാനകള്‍ക്കും വലിയ സ്ഥാനമുണ്ട്.

പേരുസൂചിപ്പിക്കും പോലെ സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച പൂര്‍ണ്ണ രൂപത്തിലുള്ള ഏഴുവലിയ ആനകളുടെയും ഒരു ചെറിയ ആനയുടെയും പ്രതിമകള്‍ ചേര്‍ന്നതാണ് ഏഴരപ്പൊന്നാന. വരിയ്ക്കപ്ലാവിന്റെ തടിയില്‍ ആനയുടെ രൂപംകൊത്തിയെടുത്ത ശേഷം അതിന്റെ പുറത്ത് സ്വര്‍ണ്ണപ്പാളികള്‍ തറച്ചാണ് എട്ടുപൊന്നാനകളും നിര്‍മ്മിക്കപ്പെട്ടത്. വലിയ ആനകള്‍ക്ക് ഒരു തുലാംവീതം സ്വര്‍ണ്ണം വേണ്ടിവന്നു, ചെറിയ ആനയ്ക്ക് അരതുലാം സ്വര്‍ണ്ണവും. ഇന്നത്തെ അളവില്‍ മൊത്തം 75 കിലോതൂക്കം വരുമിത്. ഏഴ് ആനകള്‍ക്ക് രണ്ടടി വീതം ഉയരവും ചെറിയ ആനയ്ക്ക് ഒരടി ഉയരവുമാണുള്ളത്.

തിരുവിതാംകൂര്‍ രാജാവ് വൈക്കത്തപ്പനു വഴിപാടായി നിശ്ചയിച്ച് ഉണ്ടാക്കി അയച്ച പൊന്നാനകളെ ഏറ്റുമാനൂര്‍ ദേവന്‍ ഇടയ്ക്കുവച്ച് തട്ടിയെടുത്തതാണെന്നൊരുകഥ കാലങ്ങളായി പ്രചാരത്തിലുണ്ട്. കൊട്ടാരത്തില്‍ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ 'ചില ഈശ്വരന്മാരുടെ പിണക്കം' എന്ന അധ്യായത്തില്‍ പരാമര്‍ശിച്ചതോടെ കഥയ്ക്ക് പ്രചുര പ്രചാരമായി.

കരമാര്‍ഗ്ഗം തിരുവനന്തപുരത്തു നിന്ന് വൈക്കത്തേക്ക് പൊന്നാനകളെ കൊണ്ടുപോകും വഴി ഏറ്റുമാനൂരെത്തിയപ്പോള്‍ പൊന്നാനകളെ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരത്തറയിലിറക്കിവച്ചു ഹരിക്കാരന്മാരും ചുമട്ടുകാരും കുളിക്കാനുമുണ്ണാനും പോയി. അവര്‍ തിരികെ വന്നുനോക്കിയപ്പോള്‍ ആരെയും അടുക്കാനനുവദിക്കാതെ പൊന്നാനകളുടെ തലയില്‍ ഓരോ വലിയ സര്‍പ്പങ്ങളിരിക്കുന്നതായി കണ്ടു. ഇതിനെപ്പറ്റി പ്രശ്‌നംവെപ്പിച്ചുനോക്കിയപ്പോള്‍ ഈ ആനകളെ തനിക്കു വേണമെന്നാണ് ഏറ്റുമാനൂര്‍ ദേവന്റെ ആഗ്രഹം എന്നും കണ്ടു. അങ്ങനെ ഏഴരപ്പൊന്നാനകളെ രാജാവ് ഏറ്റൂമാനൂരപ്പനു സമര്‍പ്പിക്കുകയും ചെയ്തുവെന്നാണ് ഐതിഹ്യമാലയിലെ പ്രസ്തുത അധ്യായത്തിലെ കഥ. 

പ്രചാരത്തില്‍ വന്നമറ്റൊരു കഥനം, പൊന്നാനകളെ ജലമാര്‍ഗ്ഗം വൈക്കത്തേക്ക് കൊണ്ടുപോകുംവഴി വള്ളം നീങ്ങാതായെന്നും തുടര്‍ന്ന് പ്രശ്‌നംവച്ചു നോക്കിയപ്പോള്‍ ഏറ്റുമാനൂരപ്പന്റെ ഇംഗിതം മേല്‍പ്പറഞ്ഞ രീതിയിലാണെന്നറിഞ്ഞ് നടയില്‍ സമര്‍പ്പിച്ചുവെന്നുമാണ്. ദേവഭാവം അറിയുന്നവര്‍ക്കാര്‍ക്കും ഈ മിഥ്യാ കഥനങ്ങള്‍ വിശ്വസിക്കാനാവില്ല.

വാസ്തവം എന്ത്?

ഏഴരപ്പൊന്നാനകള്‍ ഏറ്റുമാനൂരപ്പന്റെ സന്നിധിയിലെത്തിയതിന്റെ വാസ്തവം വേറെയാണ്. ഐതിഹ്യമാലയുടെതന്നെ 'പുരുഹരിണപുരേശമാഹാത്മ്യം' എന്ന അധ്യായത്തില്‍ ഏഴരപ്പൊന്നാനയുടെ യഥാര്‍ത്ഥ ചരിത്രം തെളിവുസഹിതം രേഖപ്പെടുത്തിയിട്ടുണ്ട്. ടി.കെ. ബാലകൃഷ്ണപ്പണിക്കര്‍ രചിച്ച ഏറ്റുമാനൂര്‍ ക്ഷേത്രമാഹാത്മ്യം എന്ന ഗ്രന്ഥത്തിലും പൊന്നാനകള്‍ ഏറ്റുമാനൂരെത്തിയതെങ്ങനെയെന്നതിന്റെ ആഖ്യാനമുണ്ട്.

കൊല്ലവര്‍ഷം 904 മുതല്‍ വേണാടുഭരിച്ചിരുന്ന അനിഴം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് സ്വന്തം രാജ്യത്തിന്റെ അതിരുകള്‍ വിപുലമാക്കുവാനാഗ്രഹിക്കുകയും അതിനായി അയല്‍പക്കത്തുള്ള ചെറുരാജ്യങ്ങള്‍ ആക്രമിച്ചു കീഴടക്കുകയും ചെയ്തു. ദേശങ്ങനാട്, ഇളയിടത്തുസ്വരൂപം, കായംകുളം, ചെമ്പകശ്ശേരി, വടക്കുംകൂര്‍, തെക്കുംകൂര്‍ എന്നീ രാജ്യങ്ങള്‍ ഇത്തരത്തില്‍ വേണാടിന്റെ ഭാഗമായിത്തീര്‍ന്നു. 925 ല്‍ മാര്‍ത്താണ്ഡവര്‍മ്മ കീഴടക്കിയ തെക്കുംകൂര്‍ രാജ്യത്തിന്റെ ഭാഗമായിരുന്നു അന്ന് ഏറ്റുമാനൂര്‍. ചെറുരാജ്യങ്ങള്‍ കീഴടക്കാന്‍ നടത്തിയ യുദ്ധങ്ങളില്‍ നിരപരാധികളായ ധാരാളമാളുകള്‍ക്ക് ജീവഹാനി സംഭവിച്ചു. അതുപോലെ തെക്കുംകൂറില്‍ കൈവശപ്പെടുത്തിയ വസ്തുക്കളില്‍ ഏറ്റുമാനൂര്‍ ക്ഷേത്രംവക വസ്തുക്കളും ഉള്‍പ്പെട്ടിരുന്നു. മറ്റൊരുകാര്യം, മഹാരാജാവിന്റെ സൈന്യം ഏറ്റുമാനൂരിലെ മാധവിപ്പിള്ള നിലത്തില്‍ പ്രവേശിക്കുകയും അവിടുത്തെ പുരയിടങ്ങളിലെ ഫലപുഷ്ടിയുള്ള വൃക്ഷങ്ങളും മാധവിപ്പള്ളിമഠവും നശിപ്പിച്ചു കളയുകയും ചെയ്തുവെന്നതാണ്.  ഇതെല്ലാം ഭഗവാന്റെ കോപത്തിനു നിദാനങ്ങളാവുകയും കൊട്ടാരത്തില്‍ പലതരത്തിലുള്ള അനിഷ്ടസംഭവങ്ങള്‍ കണ്ടുതുടങ്ങുകയും ചെയ്തു. അതിനുപരിഹാരമായി പൊന്നാനകളെ ഏറ്റുമാനൂരപ്പന്റെ നടയില്‍ സമര്‍പ്പിക്കാമെന്ന് മഹാരാജാവ് നിശ്ചയിച്ചു.

ദ്വിഗ്വിജയം നടത്തി രാജ്യം വിപുലപ്പെടുത്തിയതിനാല്‍ അഷ്ടദിക്ക് ഗജങ്ങളെ പ്രതിനിധീകരിച്ച് എട്ടുപൊന്നാനകളെയാണ് വഴിപാടായി ഉറപ്പിച്ചത്. ഐരാവതം, പുണ്ഡീരകം, കൗമുദം, അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാര്‍വഭൗമന്‍, വാമനന്‍ എന്നിവയാണ് ദിക്ക്ഗജങ്ങള്‍. ഇവയില്‍ വാമനന്‍ ചെറുതായതുകൊണ്ട് അര പൊന്നാനയാകുകയാണുണ്ടായത്.

പൊന്നാനകളുടെ നിര്‍മ്മാണമാരംഭിച്ചെങ്കിലും അതുപൂത്തിയാകുംമുമ്പ്, കൊല്ലവര്‍ഷം 933ല്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് നാടുനീങ്ങി. തുടര്‍ന്ന് അധികാരത്തില്‍ വന്ന കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ മഹാരാജാവായിരുന്നു. ധര്‍മ്മരാജാവ് എന്നറിയപ്പെട്ടിരുന്ന കാര്‍ത്തിക തിരുനാള്‍ തന്റെ മുന്‍ഗാമിയുടെ വഴിപാട് എത്രയുംവേഗം പൂര്‍ത്തിയാക്കാനുറപ്പിച്ചു. അങ്ങിനെ 964 ല്‍ പൊന്നാനകളുടെ പണിപൂര്‍ത്തിയാക്കുകയും അക്കൊല്ലം ഇടവം 12 വെള്ളിയാഴ്ച ആഘോഷപൂര്‍വ്വം ഏറ്റുമാനൂരപ്പന്റെ തിരുനടയില്‍ സമര്‍പ്പിക്കുകയും ചെയ്തു. 

ഏഴരപ്പൊന്നാനകള്‍ക്കൊപ്പം സ്വര്‍ണ്ണം കൊണ്ടുള്ള തോട്ടിയും വളറും ഒരുപഴുക്കാക്കുലയും നടയ്ക്കുവെച്ചു. 168 പറനിലവും ഇരുപത്തിമൂന്നര മുറിപുരയിടവും ഒരുമഠവും ഏറ്റുമാനൂര്‍ മഹാദേവനായി ദേവസ്വത്തിലേയ്ക്കു വെച്ചൊഴിഞ്ഞു കൊടുക്കുകയും ചെയ്തു.

'മഹാരാജാവ് പ്രായശ്ചിത്തമായി എട്ടു മാറ്റില്‍ ഏഴായിരത്തി ഒരുന്നൂറ്റി നാല്‍പത്തിമൂന്നേ അരയ്ക്കാല്‍ കഴഞ്ചു സ്വര്‍ണ്ണംകൊണ്ട് ഏഴര ആനകളെയും ഏഴുകഴഞ്ചു സ്വര്‍ണ്ണംകൊണ്ട് തോട്ടിയും വളറും തൊണ്ണൂറ്റാറര കഴഞ്ചു സ്വര്‍ണ്ണംകൊണ്ട് ഒരുപഴുക്കാക്കുലയും നടയ്ക്കുവെച്ചു. മാണിക്കംദേശത്തുള്‍പ്പെട്ട 168 പറനിലവും ഇരുപത്തിമൂന്നരമുറിപുരയിടവും ഒരുമഠവും ഏറ്റുമാനൂര്‍ മഹാദേവനായി ദേവസ്വത്തിലേയ്ക്കുവെച്ചൊഴിഞ്ഞുകൊടുത്തതായും ഒരുപ്രായശ്ചിത്തച്ചാര്‍ത്ത് കൊല്ലം 964-ാംമാണ്ട് ഇടവമാസം പന്ത്രണ്ടാംതിയതി എഴുതിവെച്ചതായി ദേവസ്വത്തില്‍ ഇപ്പോഴും കാണുന്നുണ്ട്. ഈ ഏഴരപൊന്നാനകളെ കാര്‍ത്തിക തിരുനാള്‍രാമവര്‍മ്മ മഹാരാജാവ്  വൈക്കത്തപ്പനു വഴിപാടായി കൊടുത്തയച്ചതാണെന്നും ആനകളെ കൊണ്ടുപോയവര്‍ ഏറ്റുമാനൂരെത്തിയപ്പോള്‍ ഏറ്റുമാനൂര്‍ മഹാദേവന്റെ വിരോധംകൊണ്ട് ആനകളെ അവിടെനിന്നുകൊണ്ടുപോകാന്‍ നിവൃത്തിയില്ലാത്തതിനാല്‍ അവ ഏറ്റുമാനൂര്‍ ദേവന്റേതായിത്തീര്‍ന്നെന്നും മറ്റും ഒരു ഐതിഹ്യമുണ്ട്. മേല്‍പറഞ്ഞ പ്രായശ്ചിത്തച്ചാര്‍ത്തുകൊണ്ട് ആദ്യംപറഞ്ഞതു തന്നെ വാസ്തവമാണെന്നുവിചാരിക്കാം.

കാര്യങ്ങള്‍ ഇത്ര സ്പഷ്ടമായിരിക്കേ എന്തുകൊണ്ടാവും വൈക്കത്തപ്പനു കൊണ്ടുപോയ ഏഴരപ്പൊന്നാനകളെ ഏറ്റുമാനൂരപ്പന്‍ തട്ടിയെടുത്തതാണെന്നൊരു കഥപ്രചരിച്ചത്? ഈചോദ്യത്തിന് കൃത്യമായ ഉത്തരം ലഭ്യമല്ല. 'വൈക്കത്ത് അഷ്ടമിദര്‍ശനത്തിന് ഇപ്പോഴും ഏറ്റുമാനൂര്‍ദേശക്കാരാരും പോകാറില്ല' എന്ന് ഐതിഹ്യമാലയില്‍കാണുന്നു'. 'ഏറ്റുമാനൂര്‍ ദേശത്തുള്ളവര്‍ മുന്‍കാലങ്ങളില്‍ വൈക്കം ക്ഷേത്രത്തില്‍ ദര്‍ശനംനടത്തുക പതിവായിരുന്നു. വൈക്കത്ത് ദര്‍ശനത്തിനെത്തുന്നവരെ തെക്കുവശത്തുള്ള കാടിക്കുഴിയില്‍ തളളിയിടുമെന്നൊരു മിഥ്യാധാരണ പ്രചരിച്ചിരുന്നു' എന്ന് ഏറ്റുമാനൂര്‍ ക്ഷേത്രമാഹാത്മ്യത്തിലും കാണുന്നുണ്ട്. ഇതുരണ്ടും വച്ചുകൊണ്ട് ഇരുദേശക്കാരും തമ്മില്‍ അക്കാലത്തു സ്പര്‍ദ്ധ നിലനിന്നിരുന്നുവെന്നു കണക്കാക്കാമെങ്കില്‍ ആ സ്പര്‍ദ്ധ തന്നെയായിരിക്കില്ലേ വ്യാജക്കഥയ്ക്കു പിന്നിലുമെന്ന് ഊഹിക്കാനേ നിവൃത്തിയുള്ളൂ.

ടിപ്പുവിന്റെ ഭരണകാലത്ത് പടയോട്ടങ്ങളെ ഭയന്ന്തിരുവിതാംകൂര്‍ മഹാരാജാവ് ഏറ്റുമാനൂരപ്പന് മുന്നില്‍ ശരണം പ്രാപിക്കുകയും പടയോട്ടം അവസാനിപ്പിച്ച് പോരാളികള്‍ മടങ്ങിയപ്പോള്‍ രാജാവ് ഭഗവാന് ഏഴരപ്പൊന്നാനകളെ സമര്‍പ്പിച്ചുവെന്നും മറ്റൊരു ഐതിഹ്യവുമുണ്ട്. കൊല്ലവര്‍ഷാരംഭത്തിന്റെയും ടിപ്പുവിന്റെ പടയോട്ടത്തിന്റെയും കാലഗണനം ഈ ഐതിഹ്യത്തിനുബലം നല്‍കുന്നുമുണ്ട്.

ഏഴരപ്പൊന്നാന ദര്‍ശനം

വര്‍ഷത്തില്‍ രണ്ടുദിവസം മാത്രമാണ് ഏഴരപ്പൊന്നാനകളെ ഭക്തരുടെ ദര്‍ശനത്തിനായി പുറത്തെടുക്കുന്നത്. എട്ടാം ഉത്സവദിവസം അര്‍ദ്ധരാത്രിയില്‍ ഏഴരപ്പൊന്നാന ദര്‍ശനം നടക്കും.  ഏഴരപ്പൊന്നാന ദര്‍ശനം ഭക്തര്‍ക്കു നല്‍കുന്ന സായൂജ്യം വിവരിക്കാനാവില്ല. 23നാണ് ഏഴരപ്പൊന്നാന ദര്‍ശനം.

ക്ഷേത്രത്തിലെ ആസ്ഥാനമണ്ഡപത്തിലാണ് ദര്‍ശനവും വലിയ കാണിക്കയും നടക്കുന്നത്.   ആസ്ഥാന മണ്ഡപത്തിന്റെ മുന്നിലെ പന്തലില്‍ വലിയ കാണിക്കസമയത്ത് സര്‍വ്വാഭരണവിഭൂഷിതനായി എഴുന്നള്ളുന്ന ഭഗവാന് അകമ്പടി സേവിക്കാന്‍ ഏഴരപ്പൊന്നാനകള്‍ അണിനിരക്കും. മണ്ഡപത്തില്‍ പ്രത്യേകം ക്രമീകരിച്ച പീഠത്തില്‍ മഹാദേവന്റ തിടമ്പിന് ഇരുവശവുമായാണ് പൊന്നാനകളെ അണിനിരത്തുന്നത്. ഇടതുഭാഗത്ത് നാലും വലതുഭാഗത്ത് മൂന്നും പൊന്നാനകളെയും മുന്നിലായി പീഠത്തില്‍ അരപ്പൊന്നാനയെയും സ്ഥാപിക്കും.

അര്‍ദ്ധരാത്രിയോടെ ശ്രീകോവിലില്‍ നിന്ന് മഹാദേവനെ ആസ്ഥാന മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. തുടര്‍ന്ന് മണ്ഡപത്തിന് മുന്നില്‍ സ്ഥാപിച്ച ചെമ്പില്‍ കഴകക്കാര് പൊന്നിന്‍ കുടംവയ്ക്കും. പണ്ടാരപ്രതിനിധിയും ദേവസ്വം അധികൃതരും ക്ഷേത്ര ഉപദേശക സമിതിഭാരവാഹികളും ആയിരക്കണക്കിന് ഭക്തരും കാണിക്കയര്‍പ്പിച്ച് ദേവനെ വണങ്ങും. ഏഴരപ്പൊന്നാന ദശര്‍നത്തിലൂടെ സര്‍വ്വൈശ്വര്യവും സിദ്ധിക്കുമെന്നാണ് വിശ്വാസം. കുംഭമാസത്തിലെ രോഹിണിനാളില്‍ അര്‍ധരാത്രി ഭഗവാന്‍ ശരഭമൂര്‍ത്തിയായി എത്തി ഇന്ദ്രന്റെ ബ്രഹ്മഹത്യാപാപം തീര്‍ത്തുവെന്നാണ് വിശ്വാസം. സകലദേവന്മാരും സന്നിഹിതരാകുന്ന ആ സന്ദര്‍ഭത്തില്‍ അഷ്ടദിഗ്ഗജങ്ങളാല്‍ സന്നിഹിതനാകുന്ന ശ്രീപരമശിവനെ വണങ്ങി കാണിക്ക അര്‍പ്പിക്കുന്നതാണ് ഭക്തജനലക്ഷങ്ങളുടെ സായൂജ്യം. പുലര്‍ച്ചെ രണ്ടുമണിവരെ എഴുന്നള്ളത്ത് നടക്കും. തുടര്‍ന്ന് കാണിക്കയര്‍പ്പിക്കാനായുള്ള പൊന്നിന്‍ കുടം കൊടിമരച്ചുവട്ടിലേക്കു മാറ്റും. ഏഴരപ്പൊന്നാനകളെയും കൊടിമരച്ചുവട്ടില്‍ ഇറക്കിവച്ച് എഴുന്നള്ളിക്കും. 

ഏഴരപ്പൊന്നാനയെ പുറത്തെടുക്കുന്ന മറ്റൊരവസരം ആറാട്ടുദിവസത്തിലാണ്. ആറാട്ടുദിവസം തിരുവഞ്ചൂര്‍ പുഴയില്‍ ആറാടി പേരൂര്‍ കവലയിലെത്തുന്ന ഭഗവാനെ എതിരേല്‍ക്കാന്‍ ഗജവീരന്മാരോടൊപ്പം ഏഴരപ്പൊന്നാനകളും എത്തിച്ചേരുന്നു. ഈ രണ്ടുദിവസങ്ങള്‍ മാത്രമേ പൊന്നാനകളെ പുറത്തെടുക്കാറുള്ളൂ.

ഏഴരപ്പൊന്നാനകള്‍ കൂടാതെ മറ്റൊരു ചെറിയ പൊന്നാനകൂടി ഭഗവാന്റെതായുണ്ട്. തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുനാള്‍ കാഴ്ചവച്ചതാണിത്. എന്നാലിത് ഏഴരപ്പൊന്നാനകളുടെ കൂട്ടത്തില്‍ എഴുന്നള്ളിക്കാറില്ല.  

'ധ്യായേത്‌കോടിരവിപ്രഭം, ത്രിനയനം

ശീതാംശുഗംഗാധരം

ദക്ഷാംഘ്രിസ്ഥിതവാമകുഞ്ചിതപദം

ശാര്‍ദ്ദൂലചര്‍മ്മോദ്ധൃതം

വഹ്നംഡോലമഥാഭയം, ഡമരുകം,

വാമേസ്ഥിതാംശ്യാമളാം

കല്‍ഹാരാം, ജപസൃക്ശുകാം, കടി

കരാംദേവിംസഭേശീംസദാം'

ഈ ധ്യാനമന്ത്രം ജപിച്ച് ഏറ്റുമാനൂരപ്പനെ വണങ്ങുന്ന ഭക്തരുടെ മനസ്സില്‍ ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളുന്ന തിരുരൂപം തന്നെയാണ് നിറഞ്ഞുനില്‍ക്കുന്നത്.

(കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ 

കസ്റ്റംസ് അസി. കമ്മീഷണറാണ് ലേഖകന്‍)

 

 

 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.