പ്രപഞ്ച പ്രതിഭാസങ്ങളെല്ലാം പ്രാജ്ഞനില്‍

Wednesday 21 February 2018 2:30 am IST

ജാഗ്രത്ത്, സ്വപ്‌നം, സുഷുപ്തി എന്നീ മൂന്ന് അവസ്ഥകളിലെ വിശ്വന്‍, തൈജസന്‍, പ്രജ്ഞന്‍ എന്നീ പാദങ്ങളെ സ്ഥൂലം, സൂക്ഷ്മം, കാരണം എന്നിങ്ങനെ പറയാം. ഈ ഇന്നിനേയും വേണ്ടപോലെ പഠിച്ചാണ് ആത്മാവിനെക്കുറിച്ച് വേദാന്തികള്‍ അറിയുന്നത്. ഉപാധിയുമായി ചേര്‍ന്നിരിക്കുന്നവനും ഗുണങ്ങളെ പ്രകടമാക്കുന്നവനുമായ ഈശ്വരന്റെ മൂന്ന് ഭാവങ്ങളാണ് മൂന്ന് പാദങ്ങള്‍. സമഷ്ടിയില്‍ അധിദൈവമെന്നും വ്യഷടി അധ്യാത്മമെന്നും പറയുന്നു.

അദ്ധ്യാത്മമായ സ്ഥൂലരൂപം വൈശ്വാനരന്‍ (വിശ്വന്‍) സൂക്ഷ്മം തൈജസന്‍, കാരണം പ്രാജ്ഞന്‍. സ്ഥൂലം സൂക്ഷ്മത്തിലും സൂക്ഷ്മം കാരണത്തിലും ലയിക്കുന്നു. കാരണമായ അവിദ്യയില്‍നിന്നും മുക്തമാകുമ്പോള്‍ നാലാമത്തെ പാദമായ തുരീയം. മൂന്ന്അവസ്ഥകള്‍ക്കും സാക്ഷിയായ ആത്മാവ്തന്നെയാണിത്. ആത്മാവിന്റെ നാല് അവസ്ഥകളെ 4 പാദങ്ങളായി പറഞ്ഞ് ഓങ്കാരത്തോട് താദാത്മ്യം കാണിച്ചിരിക്കുന്നു. അ, ഉ, മ്, അമാത്ര എന്നിങ്ങനെ 4 പാദങ്ങള്‍ ഓങ്കാരത്തിനുണ്ട്. അ- സ്ഥൂലം, ഉ- സൂക്ഷ്മം, മ്- കാരണം, അമാത്ര- മൂന്നിനും അപ്പുറം.

ഏഷ സര്‍വ്വേശ്വര ഏഷ സര്‍വ്വജ്ഞ

ഏഷോ/ന്തര്യാമേ്യഷ യോനിഃ സര്‍വ്വസ്യ

പ്രഭവാപ്യയൗ ഭൂതാനാം

ഇവന്‍ സര്‍വ്വേശ്വരനും സര്‍വ്വജ്ഞനും സര്‍വ്വ അന്തര്യാമിയും എല്ലാറ്റിന്റേയും ഉല്‍പ്പത്തിസ്ഥാനവുമാകുന്നു. എല്ലാ ജീവജാലങ്ങളും ഇവനില്‍നിന്നാണ് ഉണ്ടാകുന്നത്. ലയിക്കുന്നതും ഇവനില്‍തന്നെ.

വൃഷ്ടിയില്‍ പ്രാജ്ഞനായും സമഷ്ടിയില്‍ ഈശ്വരനായും പറഞ്ഞ സഗുണ ആത്മസ്വരൂപത്തില്‍നിന്നാണ് ഈ പ്രപഞ്ചം ഉണ്ടായത്. അദ്ധ്യാത്മമായും അധിദൈവമായുമിരിക്കുന്ന ആത്മാവ് എല്ലാറ്റിന്റേയും ഈശ്വരനായും എല്ലാം അറിയുന്നവനായും എല്ലാറ്റിന്റേയും ഉള്ളില്‍ പ്രവേശിച്ച് അവയെ പ്രവര്‍ത്തിപ്പിക്കുന്നവനുമാണ്. എല്ലാ ഭൂതജാലങ്ങളും ഉണ്ടാകുന്നതും ലയിക്കുന്നതും ഇതിലാണ്.

സ്ഥൂലവും സൂക്ഷ്മവുമായ എല്ലാ പ്രപഞ്ചവും ജാഗ്രത് സ്വപ്‌നം എന്നിവയിലൂടെയാണ് അനുഭവപ്പെടുന്നത്. അതിന് കാരണമായിരിക്കുന്നത് പ്രാജ്ഞനാണ്. പ്രാജ്ഞന്‍തന്നെ സമഷ്ടിയിലെ ഈശ്വരന്‍. എല്ലാ പ്രപഞ്ച പ്രതിഭാസങ്ങളും പ്രാജ്ഞനിലാണ്. എല്ലാ അവസ്ഥാഭേദങ്ങളോടുംകൂടി എല്ലാറ്റിനേയും അറിയുന്നതിനാലാണ് സര്‍വ്വജ്ഞനായത്. ഉള്ളിലിരുന്ന് എല്ലാറ്റിനേയും നിയന്ത്രിക്കുന്നതിനാല്‍ സര്‍വ്വാന്തര്യാമി. എല്ലാറ്റിന്റേയും നിയാമകനായി ഭരണം നടത്തുന്നതിനാല്‍ സര്‍വ്വേശ്വരന്‍. ഇപ്രകാരം സര്‍വ്വേശ്വരനും സര്‍വ്വജ്ഞനും സര്‍വ്വാന്തര്യാമിയും ആയതിനാല്‍ എല്ലാറ്റിന്റേയും യോനി അഥവാ ഉദ്ഭവസ്ഥാനവും ഇതല്ലാതെ മറ്റൊന്നല്ല. ഇതെല്ലാംകൊണ്ട് ഭൂതങ്ങളുടെ ഉദ്ഭവ, ലയസ്ഥാനം ഇവന്‍തന്നെ.

അടുത്ത ഉപനിഷദ് മന്ത്രത്തിനു മുമ്പായി ഗൗഡപാദകാരികയുടെ 9 ശ്ലോകങ്ങളുടെ പഠനം നടത്തുകയാണെങ്കില്‍ അതില്‍ വിശ്വന്‍, തൈജസന്‍, പ്രാജ്ഞന്‍ എന്നീ 3 പാദങ്ങളെപ്പറ്റിയുളള എല്ലാ സംശയങ്ങളും ഇല്ലാതെയാകും. ഒപ്പംതന്നെ ഈ പ്രപഞ്ചസൃഷ്ടിയുമായി ബന്ധപ്പെട്ട വിവിധങ്ങളായ ചിന്താധാരകളേയും പ്രതിപാദിച്ചിട്ടുണ്ട്. ആചാര്യസ്വാമികള്‍ മാണ്ഡൂക്യകാരികയ്ക്കും ഭാഷ്യമെഴുതിയിട്ടുള്ളതിനാല്‍ കാരികയിലെ സംശയങ്ങളും എളുപ്പത്തില്‍ ദൂരീകരിക്കാം.

പരമാര്‍ത്ഥ സ്വരൂപമായ നാലാം പാദത്തെ 

വിവരിക്കുന്നു-

നാന്തഃ പ്രജ്ഞം ന ബഹിഃ പ്രജ്ഞം 

നോഭയതഃ പ്രജ്ഞം

ന പ്രജ്ഞാനഘനം നപ്രജ്ഞം നാപ്രജ്ഞം

അദൃശ്യമവ്യവഹാര്യമഗ്രാഹ്യ

മലക്ഷണമചിന്ത്യ-

മവ്യപദേശ്യമേകാത്മ പ്രത്യയസാരം 

പ്രപഞ്ചോപശമം

ശാന്തം ശിവമദ്വൈതം ചതുര്‍ത്ഥം മത്യന്തേ

സ ആത്മാ സ വിജ്‌ഞേയ

ഉള്ളില്‍ പ്രജ്ഞ (അറിവ്)യില്ലാത്തവനും പുറത്ത് പ്രജ്ഞയില്ലാത്തവനും അകത്തും പുറത്തും പ്രജ്ഞയില്ലാത്തവനും കട്ടപിടിച്ച പ്രജ്ഞാനമില്ലാത്തവനും അറിയുന്നവനോ അറിയാത്തവനോ അല്ലാത്തവനും കാണാന്‍ കഴിയാത്തവനും വ്യവഹരിക്കുവാന്‍ കഴിയാത്തവനും ഗ്രഹിക്കാന്‍ കഴിയാത്തവനും ലക്ഷണങ്ങള്‍ ഒന്നും ഇല്ലാത്തവനും ചിന്തിക്കുവാന്‍പോലും ആകാത്തവനും ശബ്ദങ്ങളെക്കൊണ്ട് പറയാനാകാത്തവനും ആത്മാവ് ഏകമാണെന്ന ബോധംകൊണ്ട് മാത്രം അറിയപ്പെടുന്നവനും ജാഗ്രത് തുടങ്ങിയ ധര്‍മ്മങ്ങളില്ലാത്ത പ്രപഞ്ചത്തിന്റെ ഉപശമത്തോടുകൂടിയവനും രാഗദേ്വഷാദികള്‍ ഇല്ലാതെ ശാന്തമായവനും ശിവമായവനും രണ്ടില്ലാത്തവനുമായി നാലാമത്തെ പാദത്തെ അറിവുള്ളവര്‍ കരുതുന്നു അവനാണ് ആത്മാവ്. അവനെയാണ് അറിയേണ്ടത്.

'സോയമാത്മാ ചതുഷ്വാത്' എന്ന് നേരത്തെ പറഞ്ഞ ആത്മാവിന്റെ നാലു പാദങ്ങളില്‍ 'അയം' എന്ന വാക്കിനെക്കൊണ്ട് സൂചിപ്പിച്ച ആദ്യത്തെ മൂന്ന് പാദങ്ങളെ കഴിഞ്ഞ മന്ത്രംവരെ വിവരിച്ചു. ഈ മന്ത്രത്തില്‍ 'സ' എന്ന വാക്ക് കൊണ്ട് പരമാത്മാവിന്റെ തുരീയ അവസ്ഥയെ പറയുകയാണ്.

വിധി, നിഷേധം എന്നീ രണ്ട് രീതികളാണ് ഒരു കാര്യത്തെ വ്യക്തമാക്കാനായി സ്വീകരിക്കുന്നത്. ആത്മാവിനെ വിധി മുഖേനയുള്ള ലക്ഷണം പറയുവാന്‍ പറ്റാത്തതുകൊണ്ട് നിഷേധരൂപത്തില്‍ ഇവിടെ വിവരിക്കുന്നു. അന്തഃപ്രജ്ഞനല്ല എന്നാല്‍ സ്വപ്‌നാവസ്ഥയിലെ തൈജസനല്ല എന്നും ബഹിപ്രജ്ഞനല്ല എന്നാല്‍ ജാഗ്രദാവസ്ഥയിലെ വൈശ്വാനരനല്ല എന്നും അറിയിക്കണം. ജാഗ്രത്തിനും സ്വപ്‌നത്തിനും ഇടയ്ക്കുള്ള അവസ്ഥയെ  ഉഭയ പ്രജ്ഞനല്ല എന്ന് പറഞ്ഞ് നിഷേധിച്ചു. സുഷുപ്തിയിലെ പ്രാജ്ഞനല്ല എന്ന് കാണിക്കാന്‍ പ്രജ്ഞാന ഘനന്‍ അല്ല എന്നു പറഞ്ഞു. ഒരുമിച്ച് എല്ലാം അറിയുന്നവനല്ല എന്നര്‍ത്ഥത്തില്‍ ന പ്രജ്ഞം. അറിയുന്നവനല്ല എന്നു പറഞ്ഞാല്‍ ചൈതന്യമില്ലാത്തതാണെന്ന് കരുതാതിരിക്കാനാണ് ന അപ്രജ്ഞം എന്ന് വിശേഷിപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.