മാം അപി സര്‍വ്വക്ഷേത്രേഷു ക്ഷേത്ര ജ്ഞം വിദ്ധി (13-2)

Wednesday 21 February 2018 2:40 am IST

ഭഗവാന്‍ അര്‍ജ്ജുനനെ ഭാരത! എന്നുവിളിക്കുന്നു. ഭായില്‍-ബ്രഹ്മമാകുന്ന ദീപ്തിയില്‍ എപ്പോഴും തന്‍ ആയി വര്‍ത്തിക്കുന്നവനേ! എന്ന് സംബോധനയുടെ അര്‍ത്ഥം.

ഞാനും ക്ഷേത്രജ്ഞനാണ്. ജീവാത്മാവ് ഒരു ക്ഷേത്രത്തിലെ കാര്യങ്ങള്‍, കാരണങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ ഇവ അറിയുന്നു; അവയ്ക്ക് ശക്തി പകരുന്നു. പക്ഷേ ഞാന്‍ ആ രീതിയില്ല ക്ഷേത്രജ്ഞനായി നിലകൊള്ളുന്നത്. സകലദേവ-മനുഷ്യ-മൃഗ, വൃക്ഷ-പക്ഷി-ജല-ജന്തുക്കളുടെയും ശരീരങ്ങളിലും-ക്ഷേത്രങ്ങളിലും ക്ഷേത്രജ്ഞനായി നിലകൊള്ളുന്നു. ആ ക്ഷേത്രങ്ങളിലെ ജീവാത്മാക്കള്‍ക്ക്-ക്ഷേത്രജ്ഞന്മാര്‍ക്ക് -ശക്തി പകര്‍ന്നുകൊടുത്തുകൊണ്ട് നില്‍ക്കുന്നു. ഈ വസ്തുത ഞാന്‍ മുന്‍പ് പറഞ്ഞിട്ടുള്ളത് ഓര്‍ക്കുന്നുണ്ടാവുമല്ലോ.

''അഹമാത്മാ ഗുഡാകേശ!

സര്‍വ്വഭൂതാശയസ്ഥിതഃ'' (10-20)

(=എല്ലാ പ്രാണികളുടെയും ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്നുണ്ട്.)

ഓരോ ശരീരത്തിലും 'അഹം' എന്ന ഭാവത്തോടെ ഭൗതികസുഖം അനുഭവിക്കുകയാണ് ജീവാത്മാവ് എന്ന ക്ഷേത്രജ്ഞന്‍. ഞാന്‍ അങ്ങനെ അല്ല. എല്ലാ പ്രാണികളുടെയും ശരീരത്തില്‍, ക്ഷേത്രജ്ഞനായിനിന്ന് ശരീരത്തിനും ജീവാത്മാക്കള്‍ക്കും ഇന്ദ്രിയങ്ങള്‍ക്കും ശക്തികൊടുക്കുന്നുണ്ടെങ്കിലും ഞാന്‍ ഭൗതികസുഖങ്ങളില്‍ കുടുങ്ങുകയേ ഇല്ല. ഞാന്‍ സൂര്യനെപ്പോലെയാണെന്ന് പറയാം. സൂര്യനാണ് സകല പ്രാണികള്‍ക്കും സത്കര്‍മ്മങ്ങള്‍ ചെയ്യാനും ദുഷ്‌കര്‍മ്മങ്ങള്‍ ചെയ്യാനും സൗകര്യവും ശക്തിയും കൊടുക്കുന്നത് എങ്കിലും സൂര്യന്‍ ഒന്നിലും ബദ്ധനുമല്ല. 

ഒരു രാജാവിന്റെ ഭരണത്തില്‍ പൗരന് തന്റെ സ്വന്തമായ ഭവനം കൃഷി സ്ഥലം-ജോലി മുതലായവയുടെ ഉടമസ്ഥതയും പ്രവര്‍ത്തന സ്വാതന്ത്ര്യവും മാത്രമേ ഉള്ളൂ. രാജാവിന് എല്ലാ പൗരന്മാരുടെയും ജീവിതക്രമത്തിന്റെ ഉടമസ്ഥതയും പ്രവര്‍ത്തന സ്വാതന്ത്ര്യത്തില്‍ ഇടപെടാനുള്ള അധികാരവും ഉണ്ടല്ലോ. ഇതുതന്നെയാണ് ജഡമായ ശരീരത്തിന്റെയും, ഭഗവാന്റെ അര്‍ജ്ജുനനോടു പറയുന്നത്, ക്ഷേത്രത്തിന്റെയും ക്ഷേത്രജ്ഞനായ ജീവന്റെയും പരമാത്മാവായ എന്റെയും യഥാര്‍ത്ഥ ജ്ഞാനം-ഇതാണ് എന്നത്രെ. ഈ ജ്ഞാനം ഭഗവദ്ഗീതയില്‍ നിന്ന് നമ്മളും അറിയണം. തദ് ജ്ഞാനം വിദുഃ-ഈ അറിവിനെയാണ് ജ്ഞാനം പദംകൊണ്ട് വേദപുരാണേതിഹാസാദികളിലൂടെ ഞാന്‍ തന്നെ വിശദീകരിച്ചിട്ടുള്ളത്.

'മതം മമ'

ജീവാത്മാവിന് ശരീരത്തെപ്പറ്റി വളരെ കുറഞ്ഞ ജ്ഞാനം മാത്രമേയുള്ളൂ. മാത്രമല്ല, അതും യഥാര്‍ത്ഥമല്ലാത്ത ജ്ഞാനവും ആണ്. ഞാനാകട്ടെ, സര്‍വ്വ ശരീരങ്ങളുടെയും പൂര്‍ണവും യഥാര്‍ത്ഥവുമായ ജ്ഞാനം ഉള്ളവനാണ്. അതിനാല്‍ ക്ഷേത്രങ്ങള്‍ എന്ന പേര് എനിക്ക് മാത്രമാണ് പൂര്‍ണമായും യോജിക്കുന്നത് ''ക്ഷേത്രജ്ഞം പാഹിമാം വിദ്ധി.''

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.