വെള്ളത്തില്‍ വരച്ച തെറ്റുതിരുത്തല്‍ പ്ലീനം

Wednesday 21 February 2018 2:45 am IST
ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ കണ്ണടയില്‍ തുടങ്ങിയ ധൂര്‍ത്ത് വിവാദം തോമസ് ഐസക്കിന്റെ തോര്‍ത്ത് മുണ്ടില്‍വരെ എത്തി. ഇതിനിടെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ കണ്ണടയും ഒന്നു മിന്നി. പിണറായിയുടെ മകള്‍ക്ക് ലക്ഷങ്ങള്‍ ഫീസുള്ള മാനേജ്‌മെന്റ് സീറ്റിലെ പഠനവും, രവി പിള്ളയുടെ കമ്പനിയില്‍ എക്‌സിക്യുട്ടീവ് ഓഫീസറാക്കിയതും, കോടിയേരിയുടെ മകന് അതേ മുതലാളിയുടെ കമ്പനിയില്‍ ഒന്നരലക്ഷത്തോളം രൂപയ്ക്ക് ജോലി ലഭിച്ചതും പുറത്തായി.

 

സിപിഎം രൂപീകരിച്ച് അരനൂറ്റാണ്ട് പിന്നിട്ടപ്പോഴാണ് തങ്ങളുടെ പോക്ക് ശരിയല്ലെന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് തോന്നിയത്. പാര്‍ട്ടിയേയും സഖാക്കളെയും ശരിയാക്കാന്‍ 2013-ല്‍ പാലക്കാട് പാര്‍ട്ടി പ്ലീനം ചേര്‍ന്നു. രാഷ്ട്രീയ നയരേഖയ്ക്കായി 1978-ലും ഇത്തരം ഒരു പ്ലീനം വിളിച്ചിരുന്നു. എന്നാല്‍ സഖാക്കളെ അടിമുടി ശുദ്ധീകരിക്കാനായിരുന്നു പുതിയ പ്ലീനം. രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ എങ്ങനെ സ്വപ്‌നം കാണണം എന്നതിനുവരെ മാര്‍ഗ്ഗരേഖയും തയ്യാറാക്കി. ഇത് അവതരിപ്പിച്ചതാകട്ടെ അന്നത്തെ സംസ്ഥാന സെക്രട്ടറി സാക്ഷാല്‍ പിണറായി വിജയനും. എസ്എന്‍സി ലാവ്‌ലിന്‍ അഴിമതിക്കേസിനെക്കുറിച്ച് ചൂടുപിടിച്ച ചര്‍ച്ച ഉയരുന്ന സമയമായതിനാല്‍ പിണറായി തന്നെയായിരുന്നു ഇതിന് ഉത്തമന്‍.

ബ്രാഞ്ച് സെക്രട്ടറിവരെ കോടീശ്വരന്മാരാകുന്നു എന്നതായിരുന്നു പിണറായി അവതരിപ്പിച്ച റിപ്പോര്‍ട്ട്. ശതകോടീശ്വരന്മാര്‍ നേതാക്കളായുള്ള പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറി കോടീശ്വരനായില്ലെങ്കില്‍ എന്ത് ഉള്‍പ്പാര്‍ട്ടി ജനാധിപത്യമെന്ന് കാലം ചോദിച്ചത് വേറെ കാര്യം. 'വൈരുദ്ധ്യാത്മക ഭൗതിക വാദം'ആയിരുന്നു പ്ലീനം മുന്നോട്ടുവച്ചത്. ഈശ്വരവിശ്വാസം പാടില്ല. ഗണപതി ഭഗവാനെയാണ് പിണറായി ആദ്യം ശരിയാക്കിയത്. ഗൃഹപ്രവേശനത്തിന് ഗണപതിഹോമം നിഷിദ്ധമാക്കി. വിവാഹത്തിനോ മരണത്തിനോ മതാധിഷ്ഠിത ചടങ്ങുകള്‍ പാടില്ല. പുരുഷന്‍ ഇരുന്നും സ്ത്രീ നിന്നും വിവാഹം നടത്തരുത്. ആരാധനാലയങ്ങളുടെയും ജാതി-മത സംഘടനകളുടെയും ഭാരവാഹിത്വം വഹിക്കരുത്. മതസമ്മേളനങ്ങളില്‍ പങ്കെടുക്കരുത്. ആരാധനാലയങ്ങള്‍ വര്‍ഗ്ഗീയ ശക്തികള്‍ കയ്യടക്കാന്‍ ശ്രമിച്ചാല്‍ ഇടപെടണമെന്നും നിര്‍ദ്ദേശിച്ചു. ഇത് ഹിന്ദുമതത്തിന് മാത്രമായിരുന്നെന്ന് പിന്നീടാണ് സഖാക്കള്‍ക്ക് മനസ്സിലായത്.

ഇത് മാത്രമായിരുന്നില്ല. സഖാക്കള്‍ വ്യക്തിശുദ്ധി വരുത്തണം. ആഡംബര ഭ്രമവും ജീവിതവും പാടില്ല. ഭൂമി, മണല്‍ മാഫിയകളുമായി ബന്ധം അരുത്. വയല്‍ നികത്തല്‍ മാഫിയ, കുത്തക മുതലാളിമാര്‍ തുടങ്ങിയവരുമായി രഹസ്യകച്ചവടം നടത്തരുത്. സാമ്പത്തികശക്തികളുടെ മുഖത്തുപോലും നോക്കരുത്. അഥവാ പണപ്പിരവ് നടത്തിയാല്‍ വ്യക്തമായ കണക്കുവേണം. മദ്യപാനം പാടില്ല. പാര്‍ട്ടി വാര്‍ത്തകള്‍ ചോരരുത്. മാനുഷികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം........ ഇതെല്ലാം കേട്ട് സഖാക്കള്‍ ശരിക്കും നന്നാവാന്‍ തീരുമാനിച്ചു. കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ വിവാഹവും കാടാമ്പുഴ പൂമൂടലും പോപ്പില്‍നിന്ന് ഇ.കെ.നായനാര്‍ കൊന്തവാങ്ങിയെന്ന വെളിപ്പെടുത്തലും, കേന്ദ്രനേതാവിന്റെ ഭാര്യയുടെ ചിതാഭസ്മം ഒഴുക്കലുമെല്ലാം വലിയ വിവാദമായ സമയമായിരുന്നല്ലോ അത്!

പിറ്റേന്ന് രാവിലെ പാര്‍ട്ടി പത്രം കണ്ട ഇരട്ടച്ചങ്കുള്ള (അന്ന് ഇരട്ടച്ചങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നില്ല) പിണറായിവരെ ഞെട്ടി. പാലക്കാടുള്ള ബൂര്‍ഷ്വാ മുതലാളി ചാക്ക് രാധാകൃഷ്ണന്റെ സൂര്യ ഗ്രൂപ്പ് കമ്പനിയുടെ പരസ്യം 'ദേശാഭിമാനി'യുടെ ഒന്നാം പേജില്‍! തെറ്റുതിരുത്തല്‍ രേഖയ്ക്കും പിണറായിക്കും നേരെ 'ചാക്കിന്റെ അഭിവാദ്യ പരസ്യം' കൊഞ്ഞനം കുത്തി. വൈകിയില്ല, 'ദേശാഭിമാനി'യുടെ ചുമതലക്കാരന്‍ ഇ.പി.ജയരാജനെ വിചാരണയ്ക്ക് വച്ചു.  'പരസ്യമില്ലാതെ പത്രത്തിന് നിനിലനില്‍പ്പില്ലെ'ന്ന ജയരാജന്റെ വാദം വെള്ളം തൊടാതെ  വിഴുങ്ങുകയല്ലാതെ പാര്‍ട്ടിക്ക് വേറെ നിവൃത്തിയില്ലായിരുന്നു. അങ്ങനെ ഗണപതിക്കുവച്ച തേങ്ങ കാക്ക കൊണ്ടുപോയി. തൊഴിലാളികള്‍ ചോരനീരാക്കി 'ദേശാഭിമാനി'ക്ക് വാങ്ങിനല്‍കിയ, കോടികള്‍ വിലയുള്ള തിരുവനന്തപുരം മാഞ്ഞാലിക്കുളത്തുള്ള ഭൂമി, വെറും ലക്ഷങ്ങള്‍ക്ക് ചാക്ക് രാധാകൃഷ്ണന്‍ വാങ്ങി. ഇതറിഞ്ഞപ്പോഴാണ് 'പരസ്യത്തിന് പിന്നിലെ രഹസ്യവും' തെറ്റുതിരുത്തല്‍ രേഖയും സഖാക്കള്‍ക്ക് ശരിക്കും മനസ്സിലായത്. പിന്നീടങ്ങോട്ട് 'തെറ്റുതിരുത്താന്‍' സഖാക്കള്‍ മത്സരിച്ചു.

പ്ലീനത്തിന് പിന്നാലെ പിണറായി വിജയന്‍ സന്ദര്‍ശനത്തിന് പോയത് കൊരട്ടി മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിലേക്കായിരുന്നു. പക്ഷേ, ഗൃഹപ്രവേശനത്തിന് ഗണപതി ഹോമം നടത്തിയ ബേഡകത്തെ സഖാക്കള്‍ മാത്രം പാര്‍ട്ടി നടപടിക്ക് വിധേയരായി. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കേ 18 ലക്ഷത്തിന് ഔദ്യോഗിക വസതി മോടിപിടിപ്പിച്ചതും, വീടിന് ദോഷമുണ്ടെന്ന് അറിഞ്ഞ് റിയല്‍ എസ്റ്റേറ്റ് മുതലാളി സേവി മനോമാത്യുവിന്റെ വീട്ടിലേക്ക് 90000 രൂപ വാടകയ്ക്ക് മാറി ലാളിത്യം കാട്ടിയതും പുറത്തുവന്നു. ഫാരിസ് അബൂബക്കര്‍ ഉള്‍പ്പെടെയുള്ള ബൂര്‍ഷ്വാ മുതലാളിമാര്‍ (ബൂര്‍ഷ്വാ പ്രയോഗം പാര്‍ട്ടി രേഖകളില്‍ മാത്രം) മിത്രങ്ങളായി. സോളാര്‍സമരം ഉള്‍പ്പെടെയുള്ളവ പാവം സഖാക്കള്‍ക്കുവേണ്ടി നേതാക്കള്‍ ഒത്തുതീര്‍പ്പാക്കി. ബാര്‍കോഴ പിന്നാലെയും മറന്നു. 2015-ല്‍ പാര്‍ട്ടി സമ്മേളനം ആലപ്പുഴയില്‍ എത്തിയപ്പോഴേക്കും  തെറ്റുതിരുത്തല്‍ രേഖ വെള്ളത്തില്‍ വരച്ച വരയായി. 

സമ്മേളനത്തിലൊന്നും തെറ്റുതിരുത്തല്‍ രേഖ ചര്‍ച്ചയായില്ല. കള്ളന്മാരുടെ സമ്മേളനത്തില്‍ ആരാണ് വലിയ കള്ളനെന്ന ചര്‍ച്ചമാത്രമല്ലേ നടക്കൂ. എതിര്‍ശബ്ദം ഉയര്‍ത്താന്‍ വന്ന വി.എസ്. അച്യുതാനന്ദന്റെ വായ മൂടിക്കെട്ടി ക്രൂശിച്ചതോടെ ശ്രദ്ധമുഴുവന്‍ അങ്ങോട്ടുതിരിഞ്ഞു. സമ്മേളനത്തില്‍ പിണറായി പുതിയ അവകാശിയായി കോടിയേരിയെ പ്രഖ്യാപിച്ച് ജനാധിപത്യത്തിലേക്ക് എടുത്തുചാടി. പിന്നീടങ്ങോട്ട് തെറ്റുതിരുത്തലിന്റെ ഘോഷയാത്രയായിരുന്നു. 

നവകേരള മാര്‍ച്ചിലൂടെ തെരെഞ്ഞെടുപ്പ് ഫണ്ടിലേക്ക് ബൂര്‍ഷ്വകളുടെ കോടികള്‍ ഒഴുകിയെത്തി. വിപ്ലവപാര്‍ട്ടി അധികാരത്തിലേക്ക്. 'തെറ്റുതിരുത്താന്‍' കാത്തിരുന്ന സഖാക്കള്‍ സടകുടഞ്ഞെഴുന്നേറ്റു.  ഭൂമിവില്‍പനയും മണല്‍ക്കടത്തും വനംകൊള്ളയും സ്ത്രീപീഡനവും കൊള്ളപ്പലിശയും കൊലപാതകവും പാര്‍ട്ടി ഓഫീസുകള്‍ വഴിയാക്കി. പിണറായി സര്‍ക്കാര്‍ അധികാരം ഏറ്റപ്പോള്‍ മുതല്‍ ഓരോ ദിവസവും ആ തെറ്റുതിരുത്തല്‍രേഖ പാര്‍ട്ടിക്ക് നേരെ ബൂമറാങ്ങായി എത്തി. 

സത്യപ്രതിജ്ഞാ ചടങ്ങിന് കോടികള്‍. തൊട്ടുപിന്നാലെ ജയരാജന്റെ ബന്ധുനിയമനം. ബാറുകള്‍ തുറന്നു, ഐഷാപോറ്റി എംഎല്‍എയുടെ മകളുടെ ആര്‍ഭാട വിവാഹം, മുഖ്യമന്ത്രിക്ക് എണ്ണമറ്റ ഉപദേശക അകമ്പടി, ജിഷ്ണു പ്രണോയിയുടെ അമ്മയെ നടുറോഡില്‍ വലിച്ചിഴച്ചു, ദളിത് പീഡനങ്ങള്‍, വടക്കാഞ്ചേരിയിലെ സഖാവിന്റെ സ്ത്രീ പീഡനം, എറണാകുളത്തെ പാര്‍ട്ടി സെക്രട്ടറിയുടെ അവിഹിതം, പി.വി.അന്‍വര്‍ എംഎല്‍എയുടെ അനധികൃത വാട്ടര്‍തീം പാര്‍ക്ക്, എ.കെ.ശശീന്ദ്രന്റെ കുത്സിതവൃത്തികള്‍, തോമസ് ചാണ്ടിയുടെ കായല്‍കയ്യേറ്റത്തിന് മൗനാനുമതി, നടുറോഡില്‍ യുവാക്കളെ നിഷ്‌കരുണം  വെട്ടിക്കൊലപ്പെടുത്തല്‍, കോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിനെ ചവുട്ടിക്കൊലപ്പെടുത്തല്‍... അങ്ങനെ നീളുന്നു. 

ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ കണ്ണടയില്‍ തുടങ്ങിയ ധൂര്‍ത്ത് വിവാദം തോമസ് ഐസക്കിന്റെ തോര്‍ത്ത് മുണ്ടില്‍വരെ എത്തി. ഇതിനിടെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ കണ്ണടയും ഒന്നു മിന്നി. പിണറായിയുടെ മകള്‍ക്ക് ലക്ഷങ്ങള്‍ ഫീസുള്ള മാനേജ്‌മെന്റ് സീറ്റിലെ പഠനവും, രവി പിള്ളയുടെ കമ്പനിയില്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറാക്കിയതും, കോടിയേരിയുടെ മകന് അതേ മുതലാളിയുടെ കമ്പനിയില്‍ ഒന്നരലക്ഷത്തോളം രൂപയ്ക്ക് ജോലി ലഭിച്ചതും പുറത്തായി. കോടിയേരിയുടെ മറ്റൊരുമകന്റെ കോടികളുടെ തട്ടിപ്പ് പുറത്തുവന്നതിനുപിന്നില്‍ യെച്ചൂരിക്ക് പങ്കുണ്ടെന്നാണ് പാര്‍ട്ടിക്കുള്ളിലെ അരമന രഹസ്യം.

 ഇനിയും എന്തെല്ലാം തെറ്റുതിരുത്തല്‍ നയങ്ങളാണ് പുറത്തുവരാനുള്ളതെന്ന് കണ്ടറിയണം. തെറ്റുതിരുത്തി തെറ്റുതിരുത്തി സംസ്ഥാന സമ്മേളനത്തിന് കൊടികെട്ടാന്‍ ഇതരസംസ്ഥാന തൊഴിലാളികളെ വാടകയ്‌ക്കെടുക്കേണ്ട ഗതികേടിലാണ് തൊഴിലാളി വിപ്ലവ പാര്‍ട്ടി. 

(നാളെ :പിണറായി എന്ന നീരാളിയും 

തെറ്റുകളുടെ സമ്മേളനവും)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.