'കേരളത്തില്‍ ഹൃദയമില്ല' ലക്ഷ്മി ചെന്നൈയില്‍

Wednesday 21 February 2018 2:50 am IST

കൊച്ചി: ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ തിരിച്ചുപിടിക്കാന്‍ ലക്ഷ്മി ചെന്നൈയിലേക്കു പറന്നു. കേരളത്തില്‍ ഹൃദയദാതാവിനെ കിട്ടാനില്ലാത്തതിനെ തുടര്‍ന്നാണ് യാത്ര. കൊച്ചി തിരുവാങ്കുളം ലക്ഷ്മിനിവാസില്‍ വെങ്കട്ടരാമന്റെ ഭാര്യ ലക്ഷ്മി (46) യെയാണു ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി എയര്‍ ആംബുലന്‍സില്‍ ചെന്നൈയിലേക്കു കൊണ്ടുപോയത്. 

ഇന്നലെ രാവിലെ പത്തോടെ ലിസി ആശുപത്രിയുടെ ആംബുലന്‍സില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ ലക്ഷ്മിയെ എത്തിച്ചു. ഇവിടെ സുസജ്ജമായി നിന്ന എയര്‍ ആംബുലന്‍സ് 11.45നു പുറപ്പെട്ടു. ഉച്ചയ്ക്ക് ഒന്നിനു വിമാനത്താവളത്തിലും അവിടുന്നു റോഡ് മാര്‍ഗം രണ്ടോടെ ചെന്നൈ ഫോര്‍ട്ടീസ് മലര്‍ ആശുപത്രിയിലും എത്തിച്ചു. 

ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുന്ന റസ്ട്രിക്റ്റഡ് കാര്‍ഡിയോ മയോപ്പതി എന്ന രോഗമാണ് ലക്ഷ്മിയെ അലട്ടുന്നത്. ഹൃദയത്തിന്റെ വലതുഭാഗത്തെ അറയ്ക്കും തകരാറുണ്ട്. ഒരു വര്‍ഷം മുമ്പു തകരാര്‍ കണ്ടെത്തി ചികിത്സ ആരംഭിച്ചു. ആരോഗ്യാവസ്ഥ കൂടുതല്‍ ഗുരുതരമായതിനെത്തുടര്‍ന്ന് ഹൃദയം മാറ്റിവയ്‌ക്കേണ്ട സ്ഥിതിയായി. കഴിഞ്ഞ രണ്ടിന് ലിസി ആശുപത്രിയിലേക്കു മാറ്റി. 

തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതിയില്‍ (കെഎന്‍ഒഎസ്) സൂപ്പര്‍ അര്‍ജന്റ് ലിസ്റ്റില്‍പ്പെടുത്തിയെങ്കിലും ദാതാവിനെ കിട്ടിയില്ല. ഇനിയും കാത്തിരിക്കുന്നത് അപകടമാകുമെന്ന വിലയിരുത്തലിലാണ് ലക്ഷ്മിയെ ചെന്നൈയിലേക്ക് മാറ്റിയത്. കേരളത്തിലേക്കാളധികം അവയവദാനം നടക്കുന്നുവെന്നതാണു ചെന്നൈയിലേക്കു മാറ്റാന്‍ പ്രേരിപ്പിച്ചതെന്നു ലക്ഷ്മിയുടെ ഭര്‍ത്താവ് വെങ്കട്ടരാമന്‍ പറഞ്ഞു. 

പൂര്‍ണസജ്ജീകരണങ്ങളോടെയുള്ള എയര്‍ ആംബുലന്‍സില്‍ രോഗിയെ കൊച്ചിയില്‍ നിന്നു ചെന്നൈയിലെത്തിച്ചതിന് അഞ്ചര ലക്ഷത്തോളമാണു ചെലവ്. വിദഗ്ധ ഡോക്ടര്‍മാരായ ഡോ. അരുണ്‍, ഡോ. മനോഹര്‍ എന്നിവരും ഒപ്പമുണ്ട്. 

പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ലക്ഷ്മി ഇപ്പോള്‍ തീവ്രപരിചരണത്തിലാണ്. എത്രയും വേഗത്തില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസത്രക്രിയ നടത്താനാവുമെന്ന പ്രതീക്ഷയിലാണു ബന്ധുക്കളും ഡോക്ടര്‍മാരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.