സ്‌പോണ്‍സര്‍ എത്തുന്നു; കുരുക്ക് മുറുകി ശ്രീജിത്ത്

Wednesday 21 February 2018 2:30 am IST

കൊല്ലം: ചവറ എംഎല്‍എ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്ത് വിജയന്‍പിള്ളയ്‌ക്കെതിരെ പരാതി നല്‍കാന്‍ ദുബായ് പൗരന്‍ നാട്ടിലെത്തുന്നു. ദുബായില്‍ ശ്രീജിത്തിന്റെ സ്‌പോണ്‍സറായ കരിമയാണ് കേരളത്തില്‍ എത്തുന്നത്. മുഖ്യമന്ത്രി, ഡിജിപി എന്നിവരെ നേരിട്ട് കണ്ട് പരാതി നല്‍കാനാണ്  നീക്കം. ഇതിന് തീയതിയും സമയവും ചോദിച്ച് കത്ത് നല്‍കി. 

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെയും ദുബായ് സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ട വിഹിതം അടയ്ക്കാതെയുമാണ് ശ്രീജിത്ത് നാട്ടിലേക്ക് മടങ്ങിയത്. ഇതോടെ ഈ ബാധ്യതകളെല്ലാം വിദേശ പൗരന്റെ ചുമലിലായി. കരിമ നിരവധി തവണ ബന്ധപ്പെട്ടെങ്കിലും ശ്രീജിത്ത് പണം നല്‍കിയില്ല. ഇതിനിടയിലാണ് കോടികളുടെ തട്ടിപ്പ് വിവരം കരിമ അറിയുന്നത്. 

നിലവില്‍ ചവറ, മാവേലിക്കര കോടതികളില്‍ ശ്രീജിത്തിനെതിരെ 10 കോടി കബളിപ്പിച്ചെന്ന് ആരോപിച്ച് രാഹുല്‍ കൃഷ്ണ നല്‍കിയ കേസുണ്ട്. ബിസിനസ്സില്‍ പങ്കാളിയാക്കാം എന്ന് വിശ്വസിപ്പിച്ച് 32ലക്ഷം രൂപ കബളിപ്പിച്ചെന്ന് ആരോപിച്ച് പ്രവാസി വ്യവസായി ബിജോയിയും ശ്രീജിത്തിനെതിരെ ചവറ പോലീസില്‍ പരാതി നല്‍കിയിരുന്നു. വിദേശ പൗരന്‍ കൂടി കേസ് നല്‍കുന്നതോടെ ശ്രീജിത്തിനെതിരെയുള്ള കുരുക്ക് മുറുകും. ബിജോയിയുടെ ഇടപാട് ഒത്തുതീര്‍പ്പാക്കിയതായും സൂചനയുണ്ട്.

മാര്‍ച്ച് എട്ടിന് മാവേലിക്കര കോടതിയില്‍ രാഹുല്‍ കൃഷ്ണയുടെ കേസ് പരിഗണിക്കും. കഴിഞ്ഞ അവധിയില്‍ ഇരുവിഭാഗം അഭിഭാഷകരും ഒത്തുതീര്‍പ്പ് സന്നദ്ധത അറിയിച്ചിരുന്നു. കേസിന്റെ അടുത്ത അവധിക്ക് മുന്‍പ് പണം നല്‍കാമെന്ന ശ്രീജിത്തിന്റെ ഉറപ്പിലാണ് രാഹുല്‍ കൃഷ്ണയുടെ അഭിഭാഷകന്‍ ഒത്തുതീര്‍പ്പ് സന്നദ്ധത അറിയിച്ചത്. ഇതിന് ശേഷം ഇടനിലക്കാര്‍ മുഖേന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ധാരണയില്‍ എത്തിയിട്ടില്ല. 

നിലവിലെ അവസ്ഥയില്‍ അടുത്ത അവധിക്ക് മുന്‍പ് കേസ് ഒത്തുതീരാന്‍ സാധ്യത കുറവാണെന്നാണ് രാഹുല്‍ കൃഷ്ണയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ചെക്ക് കേസ് മറച്ചുവച്ച് ശ്രീജിത്തിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതി അഭിഭാഷക പാനലില്‍ ഉള്‍പ്പെടുത്തിയിരുന്നു. വിവാദമായതോടെ ഇയാളെ ഒഴിവാക്കി. ചട്ടം ലംഘിച്ച് നേടിയ പദവിയിലൂടെ അലവന്‍സ് ഇനത്തില്‍ ശ്രീജിത്ത് കൈയ്ക്കലാക്കിയ ലക്ഷങ്ങള്‍ ദേവസ്വം ബോര്‍ഡ് തിരികെ ഈടാക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.