പിഎന്‍ബി: നീരവിന്റെ വിശ്വസ്തര്‍ രാജ്യംവിട്ടുപോകരുതെന്ന് സിബിഐ

Wednesday 21 February 2018 2:50 am IST

ന്യൂദല്‍ഹി: വജ്രവ്യാപാരി നീരവ് മോദിയുടെ വിശ്വസ്തന്‍മാര്‍ക്കെതിരെ കുരുക്ക് മുറുക്കി സിബിഐ. അന്വേഷണം തീരുന്നതുവരെ സീനിയര്‍ എക്‌സിക്യൂട്ടീവ്മാരും പാര്‍ട്ട്ണര്‍മാരും രാജ്യംവിട്ടു പോകരുതെന്നാണ് സിബിഐ അറിയിച്ചിരിക്കുന്നത്. സിബിഐ തിങ്കളാഴ്ച നീരവ് മോദിയുടെ നാല് സീനിയര്‍ എക്‌സിക്യൂട്ടീവുകളെ ചോദ്യം ചെയ്തിരുന്നു. ഇതില്‍ അംബാനി കുടുംബക്കാരനായ വിപുല്‍ അംബാനിയും രവി ഗുപ്തയും ഉള്‍പ്പെടുന്നു. 

ഇതില്‍ വിപുല്‍ അംബാനി നീരവ് മോദിയുടെ ഫയര്‍സ്റ്റാര്‍ ഇന്റര്‍നാഷണല്‍ കമ്പനിയുടെ ഫിനാന്‍സ് ആന്‍ഡ് കോര്‍പറേറ്റ് ഡവലപ്‌മെന്റ് പ്രസിഡന്റും, രവി ഗുപ്ത ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമാണ്. ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ഡിവിഷന്‍ പ്രസിഡന്റ് സൗരഭ് ശര്‍മ, സീനിയര്‍ എക്‌സിക്യൂട്ടീവ് സുഭാഷ് പരബ് എന്നിവരെയും മുംബൈയിലെ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്തു. കമ്പനിയുടെ ഇന്ത്യയിലെയും വിദേശത്തെയും പണമിടപാടുകളെ കുറിച്ചും മറ്റും ചോദ്യം ചെയ്തതായാണ് സൂചന. 

ഇവരെ കൂടാതെ അംഗീകൃത ബിനാമി കവിത മാന്‍കികര്‍, പേഴ്‌സണല്‍ അസിസ്റ്റന്റ് എമില്ല, പ്രതീക് മിശ്ര എന്നിവര്‍ക്കെതിരെ സമന്‍സ് അയച്ചിട്ടുണ്ട്. 

പഞ്ചാബ് നാഷണല്‍ ബാങ്ക്  ബ്രാഡിഹൗസ് ശാഖയിലെ മൂന്ന് ഉദ്യോഗസ്ഥരായ ബെച്ചു തിവാരി, യശ്വന്ത് ജോഷി, പ്രഫുല്‍ സാവന്ത് എന്നിവരെ സിബിഐ അന്വേഷണവിധേയമായി തിങ്കളാഴ്ച അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ മുന്‍ ഡെപ്യൂട്ടി മാനേജറുടെ ഇടപാടുകള്‍ നോക്കിയിരുന്നവരാണ്. നീരവിന്റെ തട്ടിപ്പിനെ കുറിച്ച് ഇവര്‍ക്കും അറിയാമായിരുന്നു. ദൈനംദിന സന്ദേശങ്ങള്‍ പരിശോധിക്കുന്നതില്‍ ഇവര്‍ വീഴ്ച്ച വരുത്തിയതായി സിബിഐ പറഞ്ഞു. മുംബൈയിലെയും നവി മുംബൈയിലെയും ഇവരുടെ വീടുകളും സ്ഥാപനങ്ങളും സിബിഐ പരിശോധിച്ചു. 

സിബിഐയും എന്‍ഫോഴ്സ്മെന്റും എടുത്ത കേസുകളെ നിയമപരമായി നേരിടുമെന്ന് നീരവിന്റെ അഭിഭാഷകന്‍ വിജയ് അഗര്‍വാള്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം പിഎന്‍ബി തട്ടിപ്പ് കേസില്‍ സ്വതന്ത്രാന്വേഷണം നടത്തണമെന്ന ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുള്‍പ്പെട്ട ബെഞ്ച് വാദം കേള്‍ക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. 

രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായ പിഎന്‍ബിയുടെ റേറ്റിംഗ് ബിബിയിലേക്ക് താഴ്ന്നു. ഗീതാഞ്ജലി ഗ്രൂപ്പിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നാല് സ്വത്തുക്കള്‍ ഉള്‍പ്പെടെ ഏഴോളം സ്വത്തുവകകളാണ് ഇതിനകം ആദായനികുതി വകുപ്പ് ജപ്തി ചെയ്തിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. 

നീരവിന്റെ ഫ്‌ളാറ്റുകള്‍ക്ക് 900 കോടി

ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പു കേസിലെ മുഖ്യപ്രതി വജ്ര വ്യപാരി നീരവ് മോദിയുടെ മുംബൈ ഫ്‌ളാറ്റുകളുടെ വില 900 കോടി രൂപ. വര്‍ളിയിലെ സമുദ്ര മഹലില്‍ നീരവിനും ഭാര്യ ആമിക്കും കൂടി ഉള്ള ആറു ഫ്‌ളാറ്റുകളുടെ വിലയാണിത്. ഇരുവരുടെയും പേരിലാണിവ. ഒരെണ്ണത്തിന് ശരാശരി 150 കോടി രൂപവരും. 

നീരവിന്റെ 29 വസ്തുവകകള്‍ കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റും സിബിഐയും കണ്ടുകെട്ടിയിരുന്നു. ഇവയ്ക്കു പുറമേ പെദ്ദാര്‍ റോഡിലുള്ള ഗ്രോസ് വെര്‍ണര്‍ ഹൗസ്, നീരവിന്റെ ഫയര്‍സ്റ്റാല്‍ ഇന്റര്‍നാഷണലിന്റെ 15 സ്ഥാവര സ്വത്തുക്കളും കണ്ടുകെട്ടിയവയില്‍ പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.