പരീക്കര്‍ ആശുപത്രിയില്‍; ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കി

Wednesday 21 February 2018 2:30 am IST

പനജി: പാന്‍ക്രിയാസില്‍ നീരു കെട്ടിയതിനെത്തുടര്‍ന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ മുംബൈ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേത്തുടര്‍ന്ന് ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കി. 

പാന്‍ക്രിയാസില്‍ വീക്കമുണ്ടെങ്കിലും ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.   മെച്ചപ്പെട്ട ചികില്‍സയ്ക്ക് വേണമെങ്കില്‍ അമേരിക്കയിലേക്ക് കൊണ്ടുപോകാനും സര്‍ക്കാര്‍ സന്നദ്ധമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുംബൈ ആശുപത്രിയില്‍ എത്തി പരീക്കറെ സന്ദര്‍ശിച്ചു.

അതേസമയം പരീക്കറുടെ ആരോഗ്യനിലയെപ്പറ്റി ഊഹാപോഹങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നില ആശങ്കാ ജനകമാണെന്നു വരെ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. കുപ്രചാരണങ്ങള്‍ക്ക് എതിരെ സുനില്‍ ദേശായി എന്ന ബിജെപി പ്രവര്‍ത്തകന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്. അദ്ദേഹം വേഗം സുഖപ്പെടാന്‍ ക്ഷേത്രങ്ങളില്‍ പൂജകളും പ്രാര്‍ഥനകളും നടത്തുന്നുമുണ്ട്.

ഒരാഴ്ചയ്ക്കുള്ളില്‍ പരീക്കര്‍ക്ക് ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നഗരവികസന മന്ത്രിയും ബിജെപി നേതാവുമായ ഫ്രാന്‍സിസ് ഡിസൂസ പറഞ്ഞു. നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്നലെ തുടങ്ങി. ഒരു മാസത്തെ സമ്മേളനം നാലു ദിവസമായി വെട്ടിച്ചുരുക്കിയിട്ടുണ്ട്. 22ന് എംജിപി നേതാവും മന്ത്രിയുമായ സുദിന്‍ ധാവലിക്കറാകും ബജറ്റ് അവതരിപ്പിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.