ഏലം ഇ-ലേലം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം

Wednesday 21 February 2018 2:30 am IST

കുമളി: കഴിഞ്ഞ അഞ്ച് വര്‍ഷമായി നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഏലം ഇ-ലേലം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥരുടെ ആസൂത്രിത നീക്കം. സ്പൈസസ് ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ ഇടുക്കിയിലെ വണ്ടന്‍മേടിന് സമീപം പുറ്റടിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്. 

അത്യാധുനിക സംവിധാനങ്ങളോടെ പൂര്‍ണമായും കമ്പ്യൂട്ടര്‍വത്കരിച്ച ഇ-ലേല കേന്ദ്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. സാങ്കേതിക പ്രശ്‌നം ഉണ്ടായത് മൂലം ഒരു മാസത്തിലധികമായി ലേലം തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂരിലേയ്ക്ക് മാറ്റിയിരുന്നു. പിന്നീട് 15ന് പുറ്റടിയില്‍ ട്രയല്‍ അലോട്ട്‌മെന്റ് നടന്നു. 

എന്നാല്‍ ഇന്റര്‍നെറ്റിന് വേഗത കുറവാണെന്ന് കാട്ടി വീണ്ടും ബോഡിനായ്ക്കന്നൂരിലേയ്ക്ക് ലേലം മാറ്റാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം. എന്നാല്‍ ഇത്തരത്തിലൊരു പ്രശ്‌നമില്ലെന്ന് മേഖലയിലെ വിദഗ്ധരും പറയുന്നു. 

സാങ്കേതിക തകരാര്‍ ഉണ്ടായതിന് ശേഷം ലേലം നടക്കുമ്പോള്‍ ഫുള്‍ടൈം ടെക്‌നീഷ്യന്‍ വേണമെന്ന് ബോര്‍ഡ് നിര്‍ദ്ദേശം വന്നിരുന്നു. ഇതോടെയാണ് ലേലം അട്ടിമറിക്കാന്‍ നീക്കം തുടങ്ങിയതെന്നാണ് വിവരം. തകരാറുകള്‍ പരിഹരിക്കാന്‍ കരാര്‍ ഏല്‍പ്പിച്ചിരിക്കുന്ന പ്രാദേശിക കമ്പനി സഹകരിക്കുന്നില്ലെന്നും ആക്ഷേപം ഉണ്ട്.

ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലായി ആറ് കമ്പനികളുടെ നേതൃത്വത്തിലാണ് ഏലം ലേലം നടന്നിരുന്നത്. കമ്പ്യൂട്ടര്‍വത്കൃത രീതി നടപ്പിലാക്കിയതോടെ നൂറ്റാണ്ടുകളായി ഒരു ചെറിയ വിഭാഗം വ്യാപാരികളുടെ നിയന്ത്രണത്തിലായിരുന്ന ഏലം വിപണി സ്വതന്ത്രമായതായിരുന്നു. എല്ലാ വിഭാഗം വ്യാപാരികള്‍ക്കും പങ്കാളികളാകാന്‍ കഴിഞ്ഞു. കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വിലയും ലഭിച്ചു തുടങ്ങി. ഒരാഴ്ചയില്‍ നൂറ് കോടിയിലധികം രൂപയുടെ ഇടപാടുകള്‍ നടന്നിരുന്നു. ഒരേ സമയം 60 കംപ്യൂട്ടറുകള്‍ യാതൊരു സാങ്കേതിക തകരാറുമില്ലാതെ പ്രവര്‍ത്തിച്ചിരുന്നതാണ്. എന്നാല്‍ പെട്ടെന്ന് ഇവ തകരാറിലാകുകയും ലേലം മാറ്റുകയുമായിരുന്നു. പ്രശ്‌നം കണ്ടെത്തി പരിഹരിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തി എന്നത് ഇക്കാര്യങ്ങളാല്‍ തന്നെ വ്യക്തമാണ്. കേരളത്തിലെ ഏക ലേല കേന്ദ്രം അട്ടിമറിക്കാനുള്ള സാധ്യതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. അടുത്ത ലേലം 27ന് നടക്കുമെന്ന് ഇതിനിടെ അറിയിപ്പ് വന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.