കൂടുതല്‍ ബാറുകള്‍ തുറക്കാന്‍ നീക്കം

Wednesday 21 February 2018 2:30 am IST

കൊല്ലം: കേരളത്തിലെ പൂട്ടിയ  കൂടുതല്‍ ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി അബ്്കാരി, ലഹരി വസ്തു കേസുകള്‍ എടുക്കുന്നതിന്റെ എണ്ണം കുറയ്ക്കാന്‍ സര്‍ക്കാര്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നേരത്തെ കുറച്ച് ബാറുകള്‍ തുറന്നതോടെ തന്നെ ഇത്തര കേസുകള്‍ കുറഞ്ഞെന്നും കൂടുതല്‍ ബാറുകള്‍ തുറന്നാല്‍ കേസുകള്‍ ഇനിയും കുറയുമെന്നും  കോടതിയെ ബോധ്യപ്പെടുത്തി കൂടുതല്‍ ബാറുകള്‍ തുറപ്പിക്കുകയാണ് ലക്ഷ്യം. ബാറുകള്‍ തുറക്കാമെന്നാണ് ഇടതു മുന്നണി ബാറുടമകള്‍ക്ക് നല്‍കിയ തെരഞ്ഞെടുപ്പ് വിഗ്ദാനം. മുന്നൂറിലേറെ ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ബാറുകളാണ് നേരത്തെ തുറന്നിരുന്നത്. ഇനി ടൂ സ്റ്റാറുകളും സ്റ്റാറുകളില്ലാത്തതുമായ നാനൂറിലേറെയെണ്ണം കൂടി തുറപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം.

കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ വിളിച്ചു ചേര്‍ത്ത തെക്കന്‍മേഖല യോഗത്തില്‍ അബ്കാരി, ലഹരിക്കേസുകള്‍ എടുക്കുന്നത് കുറയ്ക്കാന്‍  എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നു. 

ബാറുകള്‍ പൂട്ടിയശേഷം സംസ്ഥാനത്ത് വ്യാജമദ്യ വില്‍പ്പന വര്‍ധിച്ചതായും ലഹരി മരുന്ന് വില്‍പ്പന വ്യാപകമായതായും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു. ഇത്തരം കേസുകള്‍ കുത്തനെ കൂടിയത് കണക്ക് സഹിതം കാണിച്ചായിരുന്നു സര്‍ക്കാര്‍ നീക്കം. ഇത്തരം കേസുകള്‍ പലതും തട്ടിക്കൂട്ട് കേസുകളായിരുന്നു.

പ്രതികളില്ലാത്ത കേസുകളും ധാരാളം. പാതയോരത്ത്  മദ്യപിക്കുന്നവര്‍ക്കെതിരെയും അളവില്‍ കൂടുതല്‍ വിദേശ മദ്യം കൈവശം വയ്ക്കുന്നവര്‍ക്കെതിരെയും അബ്കാരി നിയമ പ്രകാരം കേസ് എടുത്തിരുന്നു. കഞ്ചാവ്, ലഹരിക്കേസുകളും തലങ്ങും വിലങ്ങുമെടുത്തു. 

ഇക്കൂട്ടത്തില്‍  നിരവധി വ്യാജ കേസുകളും ഫയര്‍ ചെയ്തു.  പ്രധാനമായും വ്യാജവാറ്റ് പിടിച്ചെടുത്തതായുള്ള കേസുകളാണ്. രേഖകളില്‍ വ്യാജവാറ്റ് കേന്ദ്രങ്ങളില്‍ പരിശോധന നടത്തി കോട പിടിച്ചെടുത്ത് നശിപ്പിച്ചതായും ആരെയും കണ്ടെത്താന്‍ സാധിച്ചില്ലെന്നുമാണുള്ളത്. റോഡില്‍ കിടന്ന വീപ്പകള്‍ വരെ കോട സൂക്ഷിച്ചതെന്ന പേരില്‍ പല എക്‌സൈസ് ഓഫീസുകളിലും കേസ് എടുത്ത് സൂക്ഷിച്ചിട്ടുണ്ട്. ഇത്തരം കേസുകള്‍ കോടതികളില്‍ എത്തുമ്പോള്‍ പ്രതികളില്ലാത്തതിനാല്‍ തള്ളിപ്പോകുമെന്നതിനാല്‍ തുടര്‍ നടപടികളും വേണ്ട. എന്നാല്‍ ബാറുകള്‍ തുറന്ന ശേഷം ഇത്തരം കേസുകള്‍ എടുക്കുന്നില്ല. മാത്രമല്ല ഇനി ഇത്തരം കേസുകള്‍ രജിസ്റ്റ്ര്‍ ചെയ്യുന്നത് കുറയ്ക്കാനാണ് പുതിയ നിര്‍ദ്ദേശം. ബാറുകള്‍ തുറന്ന ശേഷം കേസുകളുടെ എണ്ണത്തില്‍ വളരെ കുറവുണ്ടെന്ന് കാണിക്കാന്‍  വേണ്ടിയാണിത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.