ഗോകുലത്തിന് വിജയകുതിപ്പ്

Wednesday 21 February 2018 2:40 am IST

പഞ്ച്കുല: ഐ ലീഗ്് ഫുട്‌ബോളില്‍ കേരള ടീം ഗോകുലം എഫ്‌സിക്ക് വിജയക്കുതിപ്പ്. എവേ മത്സരത്തില്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതുള്ള മിനര്‍വ പഞ്ചാബിനെ അട്ടിമറിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഗോകുലത്തിന്റെ വിജയം. തുടര്‍ച്ചയായ മൂന്നാം വിജയമാണ് ഗോകുലത്തിന്റേത്. മോഹന്‍ബഗാനെ കൊല്‍ക്കത്തയിലും ഈസ്റ്റ് ബംഗാളിനെ കോഴിക്കോടും വച്ച് കീഴടക്കിയതിനുശേഷമാണ് എവേ മത്സരം കളിക്കാനായി ഗോകുലം പഞ്ച്കുലയിലെത്തിയത്. തുടര്‍ച്ചയായ വിജയത്തോടെ ഗോകുലം പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്കുയര്‍ന്നു. 15 കളികളില്‍ നിന്ന് 19 പോയിന്റാണ് ഗോകുലത്തിനുള്ളത്. തോറ്റെങ്കിലും 15 കളികളില്‍ നിന്ന് 29 പോയിന്റുമായി മിനര്‍വ രണ്ടാം സ്ഥാനത്ത് തുടരുന്നു.

ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 76-ാം മിനിറ്റിലാണ് വിജയഗോള്‍ പിറന്നത്. നിര്‍ഭാഗ്യവും അര്‍ഹതപ്പെട്ട പെനാല്‍റ്റി റഫറി അനുവദിക്കാതിരുന്നതുമാണ് ഗോകുലത്തിന്റെ വിജയം ഒറ്റഗോളിലൊതുങ്ങാന്‍ ഇടയാക്കിയത്. ആദ്യപകുതിയിലായിരുന്നു അര്‍ഹതപ്പെട്ട പെനാല്‍റ്റി നിഷേധിച്ചത്. കളിയുടെ 26-ാം മിനിറ്റില്‍ മോസയുടെ ത്രോയില്‍ നിന്ന് മിനര്‍വ താരം ഡാനോ പന്ത് കൈകൊണ്ട് തൊട്ടെങ്കിലും റഫറി പെനാല്‍റ്റി നിഷേധിക്കുകയായിരുന്നു. രണ്ടാം പകുതിയിലും ഗോകുലത്തിന്റെ മുന്നേറ്റങ്ങളായിരുന്നു കൂടുതലും. മിനര്‍വ ഗോളിയുടെ മിന്നുന്ന പ്രകടനമാണ് അവരെ ഗോള്‍വഴങ്ങാതെ പിടിച്ചുനിര്‍ത്തിയത്. ഇതിനിടെ ഒന്നുരണ്ടു ശ്രമങ്ങള്‍ക്ക് മുന്നില്‍ പോസ്റ്റും വിലങ്ങുതടിയായി. 

തുടര്‍ന്നും നിരവധി മുന്നേറ്റങ്ങള്‍ നടത്തിയ ഗോകുലത്തിന് ഗോള്‍ നേടാന്‍ 76-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. ലക്രയുടെ ക്രോസ് കിസേക്ക ഹെഡ്ഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും ക്രോസ് ബാറില്‍ത്തട്ടിമടങ്ങി. എന്നാല്‍ റീബൗണ്ട് പന്ത് ഉജ്ജ്വലമായ ബൈസിക്കിള്‍ കിക്കിലൂടെ ഹെന്റി കിസേക്ക തന്നെ വലയിലെത്തിച്ചു. പിന്നീട് സമനിലക്കായി മിനര്‍വ ആഞ്ഞുപൊരുതിയെങ്കിലും കാര്യമുണ്ടായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.