പോരാട്ടം ഇന്നുമുതല്‍ ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കം

Wednesday 21 February 2018 2:30 am IST

കോഴിക്കോട്: 66-ാമത് ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് കോഴിക്കോട് സപ്നനഗരിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. 

ഒരുകാലത്ത് ഫുട്‌ബോളിനേക്കാള്‍ മലയാളിക്ക് പ്രിയങ്കരമായിരുന്ന വോളിബോളിന്  ഇടക്കാലത്ത് സ്വീകാര്യതയില്‍ ഇടിവ് സംഭവിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.  വോളീബോളിനെ പഴയ പ്രതാപത്തിലേക്ക് തിരികെകൊണ്ടുവരാനുള്ള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ശ്രമത്തെ അദ്ദേഹം സ്വാഗതം ചെയ്തു.

16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മത്സരത്തിന് കേരളം ആതിഥ്യം വഹിക്കുന്നത്. മുന്‍ ഇന്ത്യന്‍ വോളിബാള്‍ കോച്ച് എ. അച്യുതകുറുപ്പിന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നും തെളിച്ച് ആരംഭിച്ച ദീപശിഖ പ്രയാണം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലൂടെ അര്‍ജ്ജുന അവാര്‍ഡ് ജേതാവും രാജ്യാന്തര താരവുമായ കെ.സി. ഏലമ്മയുടെ നേതൃത്വത്തില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് വോളിേബാള്‍ സംഘാടകരും ടീമുകളും ചേര്‍ന്ന് ഘോഷയാത്രയോടെ സ്വീകരിച്ച് സ്വപ്‌നഗരിയില്‍ എത്തിച്ചു. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ നാലകത്ത് ബഷീര്‍ ദീപശിഖഏറ്റുവാങ്ങി.   

കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി.ദാസന്‍ അധ്യക്ഷനായി. ഇതിന് മുമ്പ് മൂന്ന് തവണ കോഴിക്കോടും മൂന്നു തവണ തിരുവനന്തപുരവും ഒരു തവണ പാലായും ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പിന് വേദിയായിട്ടുണ്ട്. കേരള പുരുഷന്മാര്‍ അഞ്ച് തവണയും വനിതകള്‍ പത്ത് തവണയും ദേശീയ ചാമ്പ്യന്മാരായിട്ടുണ്ട്. പുരുഷവിഭാഗത്തില്‍ കേരളമാണ് നിലവിലെ ചാമ്പ്യന്മാര്‍.

ഇന്നു മുതല്‍ 28വരെയാണ് മത്സരങ്ങള്‍. 28 പുരുഷ ടീമുകളും 25 വനിതാ ടീമുകളും പങ്കെടുക്കും. ഏഷ്യന്‍ ഗെയിംസിലേക്കുള്ള ഇന്ത്യന്‍ ടീമിനെ ഈ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും തെരെഞ്ഞെടുക്കും. ചാമ്പ്യന്‍ഷിപ്പിനോട് അനുബന്ധിച്ച് ദേശീയ ടീമില്‍ കളിച്ച കേരളത്തിലെ സീനിയര്‍ കളിക്കാരെ ആദരിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.