തസ്തിക പിടിച്ചെടുക്കല്‍ സമരം ശക്തമാക്കും: യുവമോര്‍ച്ച

Wednesday 21 February 2018 2:30 am IST

കോഴിക്കോട്: ഒഴിവുള്ള തസ്തികകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തുന്ന തസ്തിക പിടിച്ചെടുക്കല്‍ സമരം ശക്തമാക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ് ബാബു. കോഴിക്കോട് ഡിഎംഒ ഓഫീസില്‍ യുവമോര്‍ച്ച നടത്തിയ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ യുവാക്കളെ വഞ്ചിക്കുന്ന നിലപാട് തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകുന്നതുവരെ സമരവുമായി മുന്നോട്ട് പോകും. ഒഴിവുള്ള തസ്തികകള്‍ പലതും കൃത്യമായി പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ചില തസ്തികകളിലെല്ലാം റാങ്ക് ലിസ്റ്റിനെ നോക്കുകുത്തിയാക്കി സ്വന്തക്കാരെ തിരുകി കയറ്റാനും ശ്രമം നടക്കുന്നുണ്ട്. ഇനി ഇത്തരം കാര്യങ്ങള്‍ അനുവദിക്കാനാകില്ല. വില്ലേജ് ഓഫീസ് മുതല്‍ ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിലേക്ക് വരെ സമരം വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് ഡിഎംഒ ഓഫീസിന് കീഴില്‍ എല്‍ഡി ക്ലര്‍ക്കിന്റെ 12 തസ്തികകളില്‍ ഒഴിവുണ്ടെന്നാണ് വിവരാവകാശ രേഖ പ്രകാരം ലഭിച്ചിരിക്കുന്നത്. ഈ ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ഡിഎംഒ ഓഫീസിന് മുന്നില്‍ സമരക്കാരെ പോലീസ് തടഞ്ഞതോടെ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് നടത്തി. ഡിഎംഒയെ കാണണമെന്നാവശ്യപ്പെട്ടെങ്കിലും ഡിഎംഒ സ്ഥലത്തുണ്ടായിരുന്നില്ല. തുടര്‍ന്ന് ഡിഎംഒ ചുമതലപ്പെടുത്തിയ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റുമായി അഡ്വ. കെ.പി. പ്രകാശ്ബാബുവിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. നിലവില്‍ അഞ്ചു ഒഴിവുകളാണുള്ളതെന്നും അത് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും രേഖാമൂലം അറിയിച്ചു. തുടര്‍ന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ചു.

 സംസ്ഥാന സെക്രട്ടറി അജി തോമസ്, ജില്ലാ പ്രസിഡന്റ് ഇ. സാലു, ജില്ലാ വൈസ് പ്രസിഡന്റ്പി. രാകേഷ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഇ.പി. ബബീഷ്, പി. ഹരീഷ്  തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നടക്കാവ് സിഐ അഷ്‌റഫിന്റെ നേതൃത്വത്തില്‍ വന്‍പോലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.