സിപിഎമ്മുകാര്‍ പിന്നാലെയുണ്ട്; കുഞ്ഞിനെ കൊന്നിട്ടും കലിയടങ്ങാതെ

Wednesday 21 February 2018 2:52 am IST
കുഞ്ഞു നഷ്ടപ്പെട്ട വേദനയില്‍ കഴിയുമ്പോഴാണ് 16ന് വേളാങ്കോട് സിപിഎം പൊതുയോഗം നടത്തി ജ്യോത്സ്‌നയ്ക്കും സിബി ചാക്കോയ്ക്കുമെതിരെ അപവാദ പ്രചാരണം നടത്തിയത്. ജ്യോത്സ്‌ന ഏഴോ എട്ടോ അബോര്‍ഷന്‍ നടത്തിയെന്നും അത് അവളുടെ സ്ഥിരം പണിയാണെന്നുമായിരുന്നു നേതാക്കള്‍ പ്രസംഗിച്ചത്. മര്യാദയ്ക്ക് ജീവിക്കാമെങ്കില്‍ അവിടെ ജീവിച്ചാല്‍ മതിയെന്നും കൈയും കാലും വെട്ടിയെടുക്കും തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചു.

കോഴിക്കോട്: ''അവര്‍ ഞങ്ങള്‍ക്ക് പിന്നാലെയുണ്ട്. കുഞ്ഞിനെ കൊന്നിട്ടും അവര്‍ക്ക് കലിയടങ്ങിയിട്ടില്ല. പൊതുയോഗങ്ങള്‍ വിളിച്ച് നേതാക്കള്‍ അസഭ്യം പ്രസംഗിക്കുകയാണ്. ഞങ്ങളെന്തു തെറ്റാണ് സിപിഎമ്മിനോട് ചെയ്തത്. അമ്മ റോസ്‌ലി സിപിഎം പ്രവര്‍ത്തകയാണ്. ഞാന്‍ ബാലസംഘത്തിന്റെ ഏരിയാ ജോയിന്റ് സെക്രട്ടറിയായിരുന്നു. വെള്ളിവയലില്‍ സംഘടിപ്പിച്ച വേനല്‍ത്തുമ്പി ക്യാമ്പില്‍ പങ്കെടുത്തിരുന്നു. എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിക്കാതിരുന്നത് പള്ളി സ്‌കൂളില്‍ പ്രവര്‍ത്തനത്തിന് അവസരമില്ലാഞ്ഞിട്ടാണ്. എന്നിട്ടും എന്തിനാണ് ഞങ്ങളെ ഇങ്ങനെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്.'' സിപിഎം അക്രമത്തില്‍ ഗര്‍ഭമലസി കുഞ്ഞിനെ നഷ്ടപ്പെട്ട കോടഞ്ചേരി വേളാംകോട്ട് സിബി ചാക്കോയുടെ ഭാര്യ ജ്യോത്സ്‌നയ്ക്ക് കരച്ചിലടക്കാനാവുന്നില്ല. 

കുഞ്ഞു നഷ്ടപ്പെട്ട വേദനയില്‍ കഴിയുമ്പോഴാണ് 16ന് വേളാങ്കോട് സിപിഎം പൊതുയോഗം നടത്തി ജ്യോത്സ്‌നയ്ക്കും സിബി ചാക്കോയ്ക്കുമെതിരെ അപവാദ പ്രചാരണം നടത്തിയത്. ജ്യോത്സ്‌ന ഏഴോ എട്ടോ അബോര്‍ഷന്‍ നടത്തിയെന്നും അത് അവളുടെ സ്ഥിരം പണിയാണെന്നുമായിരുന്നു നേതാക്കള്‍ പ്രസംഗിച്ചത്. മര്യാദയ്ക്ക് ജീവിക്കാമെങ്കില്‍ അവിടെ ജീവിച്ചാല്‍ മതിയെന്നും കൈയും കാലും വെട്ടിയെടുക്കും തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചു. 18ന് മൈക്കാവിലും സിപിഎം പൊതുയോഗം നടത്തി. ഭീഷണിയും അപവാദങ്ങളും ആവര്‍ത്തിച്ചു. ഇതിനെതിരെ പരാതി കൊടുത്തിരിക്കുകയാണ് ജ്യോത്സ്‌ന. വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പരാതി കൈമാറിയിട്ടുണ്ട്. 

പോലീസില്‍ നിന്നും സിപിഎമ്മില്‍ നിന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷ കുടുംബത്തിനില്ല. വേദനയും അവഹേളനവും സഹിച്ച് കഴിയുകയാണവര്‍.

''നല്ലൊരു ആണ്‍കുഞ്ഞായിരുന്നു. തന്നെ പോയതാണെങ്കില്‍ സങ്കടമില്ലായിരുന്നു. ചവിട്ടി കൊന്നതല്ലേ എന്റെ പൊന്നിനെ.'' ജ്യോത്സ്‌ന ഇളയ മകള്‍ ആന്‍തെരേസിനെ ചേര്‍ത്ത് പിടിച്ചുകൊണ്ട് കരയുന്നു.

ജ്യോത്സ്‌നയും കുടുംബവും കോടഞ്ചേരി പോലീസ് സ്റ്റേഷനു മുന്നില്‍ കുടില്‍കെട്ടി സമരമാരംഭിച്ചതിനുശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബിജെപി പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചതോടെ സിപിഎം സമ്മര്‍ദ്ദത്തിലായി. തുടര്‍ന്നാണ് സിപിഎം കല്ലന്തറമേട് ബ്രാഞ്ച് സെക്രട്ടറി തമ്പിയടക്കമുള്ള പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യാന്‍ തയ്യാറായത്. പിഞ്ചുകുഞ്ഞുങ്ങളെ ആക്രമിച്ചിട്ടുപോലും പോക്‌സോ വകുപ്പുകള്‍ പ്രതികളുടെ പേരില്‍ ചേര്‍ക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. ജ്യോത്സ്‌നയും സിബി യും മെഡിക്കല്‍ കോളജില്‍ ആയിരുന്നപ്പോള്‍ എസ്‌ഐ വീട്ടിലെത്തി കുട്ടികളില്‍ നിന്നും മൊഴി എടുത്തിരുന്നു. അമ്മ ബൈക്കില്‍ നിന്ന് വീണതാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം പോലീസിന്റെ ഭാഗത്തുനിന്നുമുണ്ടായി. 

''കോടികള്‍ തന്നാലും മകന് പകരമാവില്ല, ഒരു ഒത്തുതീര്‍പ്പിനും ഞങ്ങളില്ല. ഇത്തിരി മണ്ണിന് വേണ്ടിയാണ് ഇത്രയും പ്രശ്‌നങ്ങളുണ്ടാക്കിയത്. കുഞ്ഞിനെ കൊന്നവരോട് ക്ഷമിക്കാനാവില്ല. രണ്ടാമത് ആണ്‍കുഞ്ഞ് പിറക്കണമെന്നത് ഞങ്ങളുടെ മോഹമായിരുന്നു. അതാണ് അവര്‍ തകര്‍ത്തുകളഞ്ഞത്.'' ജ്യോത്സ്‌ന പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.