പോലീസ്-സിപിഎം കള്ളക്കള്ളി പൊളിയുന്നു

Wednesday 21 February 2018 2:55 am IST
ഷുഹൈബിനെ വെട്ടിക്കൊന്നതിനു പിന്നില്‍ പരോളിലിറങ്ങിയ ചില സിപിഎം ക്രിമിനലുകള്‍ക്ക് പങ്കുണ്ടെന്ന സംശയത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനാണ് ആകാശിന്റേയും റിജിന്റേയും കീഴടങ്ങല്‍ ആസൂത്രണം ചെയ്തതെന്ന് ആരോപണമുയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം കോടതി ഇരുവരേയും റിമാന്‍ഡ് ചെയ്തിരുന്നു.

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ പോലീസിന്റെയും സിപിഎമ്മിന്റെയും വാദങ്ങള്‍ പൊളിയുന്നു. പ്രതിയെന്ന് പോലീസ് പറയുന്ന ആകാശ് തില്ലങ്കേരി കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്നില്ലെന്ന് ഷുഹൈബിനൊപ്പം, കൊലയാളികളുടെ വെട്ടേറ്റ നൗഷാദ് വെളിപ്പെടുത്തി. നീളം കുറഞ്ഞ, തല മുടി കുറവുളളവരാണ് കൃത്യം നിര്‍വ്വഹിച്ചതെന്നും ഇയാള്‍ പറഞ്ഞു. ആകാശ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണെന്നായിരുന്നു ഡിജിപി രാജേഷ് ദിവാന്‍ തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

ഷുഹൈബിനെ വെട്ടിക്കൊന്നതിനു പിന്നില്‍ പരോളിലിറങ്ങിയ ചില സിപിഎം ക്രിമിനലുകള്‍ക്ക് പങ്കുണ്ടെന്ന സംശയത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനാണ് ആകാശിന്റേയും റിജിന്റേയും കീഴടങ്ങല്‍ ആസൂത്രണം ചെയ്തതെന്ന് ആരോപണമുയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം കോടതി ഇരുവരേയും റിമാന്‍ഡ് ചെയ്തിരുന്നു.

ആകാശിനേയും റിജിനേയും മാലൂര്‍ സ്റ്റേഷന്‍ പരിധിയിലെ തോലമ്പ്രയില്‍  ഓടിച്ചിട്ട് പിടിച്ചതാണെന്നാണ് ഡിജിപിയും ജില്ലാ പോലീസ് സൂപ്രണ്ട് ശിവവിക്രമും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ ഇക്കാര്യം ഇന്നലെ ദേശാഭിമാനി മുഖപ്രസംഗത്തില്‍ നിഷേധിച്ചു. സിപിഎമ്മുകാരായ രണ്ട് പ്രതികളേയും പാര്‍ട്ടി സ്റ്റേഷനില്‍ ഹാജരാക്കുകയായിരുന്നുവെന്നാണ് മുഖപത്രം പറയുന്നത്. പോലീസ് വിശദീകരണവും മുഖപ്രസംഗവും റിമാന്‍ഡിലായ പ്രതികള്‍ ഡമ്മികളാണെന്ന ആരോപണം ശരിവെയ്ക്കുകയാണ്. ഷുഹൈബിനെ കൊന്നത് ടി.പി വധക്കേസ് പ്രതി കിര്‍മാണി മനോജാണെന്നാണ് ആരോപണം. 

ജയിലില്‍ നിന്നെത്തിയ പരോള്‍ പ്രതികളും സിപിഎമ്മിന്റെ ചില ഉന്നതരും ചേര്‍ന്ന് നടത്തിയ കൊലപാതകമാണിതെന്ന ആരോപണം  ഇതോടെ ബലപ്പെടുകയാണ്. ശിക്ഷയനുഭവിക്കുന്ന തടവുകാര്‍ കൃത്യം നിര്‍വ്വഹിച്ചെന്നു തിരിച്ചറിഞ്ഞാല്‍ പാര്‍ട്ടിയും സംസ്ഥാന ഭരണകൂടവും പ്രതിക്കൂട്ടിലാവും. ഉന്നത നേതാക്കള്‍ അറസ്റ്റു ചെയ്യപ്പെട്ടാല്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാവും. അതിനാല്‍ ആസൂത്രിതമായി ഡമ്മി പ്രതികളെ ഉള്‍പ്പെടുത്തുകയാണ് ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.

TAGS: Shuhaib CPI(M) Kannur Murder