കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നിലപാട് അപഹാസ്യം: ഒ.രാജഗോപാല്‍

Wednesday 21 February 2018 12:41 pm IST

കൊല്ലം: ദേശീയശക്തികളെ അടിച്ചമര്‍ത്താനുള്ള മോഹവുമായി സിപിഎമ്മും സിപിഐയും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്ന കാഴ്ച പരിഹാസ്യമാണെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. കൊല്ലം ജില്ലാകമ്മിറ്റിയുടെ ദീനദയാല്‍ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കോണ്‍ഗ്രസുമായി വിവാഹമാകാമെന്ന് സിപിഐ പറയുമ്പോള്‍ സിപിഎമ്മില്‍ ഒരുവിഭാഗത്തിന് വിവാഹം വേണ്ട സംബന്ധമാകാമെന്നാണ് നിലപാട്. കമ്യൂണിസത്തിന് ഇനി അധികം ആയുസില്ല. കമ്യൂണിസം ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. സ്വതന്ത്രഭാരതത്തില്‍ 12 സംസ്ഥാനങ്ങളില്‍ ശക്തിയുണ്ടായിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇപ്പോള്‍ കേരളത്തില്‍ മാത്രമായി ചുരുങ്ങി. ഓരോ ആശയത്തിനും ഓരോ വ്യക്തിത്വമുണ്ട്. ആ വ്യക്തിത്വത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോഴാണ് അവര്‍ക്ക് അധോഗതിയുണ്ടാകുന്നത്. കാറല്‍മാര്‍ക്‌സിന്റെ പ്രത്യയശാസ്ത്രം ഉള്‍പ്പെടെ വൈദേശികമായ എല്ലാ ഇസങ്ങളെയും ലോകരാഷ്ട്രങ്ങള്‍ ചവറ്റുകൊട്ടയില്‍ എറിഞ്ഞു. ഭാരതത്തിന്റെ രാഷ്ട്രീയകാഴ്ചപ്പാട് ആധ്യാത്മികതയില്‍ ഊന്നിയതാണ്. 

രാഷ്ട്രീയം തൊഴിലായാണ് പാശ്ചാത്യരാജ്യങ്ങള്‍ കാണുന്നത്. എന്നാല്‍ ഭാരതത്തിന് രാഷ്ട്രീയമെന്നാല്‍ ധാര്‍മികപ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനമാണത്. ഭാരതത്തിന്റെ ജീവവായുവാണ് ആധ്യാത്മികത. ഭാരതം ഇത്രയും കാലം ഭരിച്ചത് ഒരു കുടുംബമാണ്. അതിന് അന്ത്യം വരുത്തി എല്ലാ വിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ച് ഭാരതത്തിന്റെ വികസനാത്മകതക്ക് വേഗം കൂട്ടാനുള്ള പരിശ്രമമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന വൈസ്പ്രസിഡന്റ് ബി.രാധാമണി, ട്രഷറര്‍ എം.എസ്.ശ്യാംകുമാര്‍, സെക്രട്ടറി രാജിപ്രസാദ്, ജില്ലാ ജനറല്‍സെക്രട്ടറി അഡ്വ.ജി.ഗോപകുമാര്‍, ശൈലേന്ദ്രബാബു എന്നിവര്‍ സംസാരിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.