ആംആദ്മി എംഎല്‍എ അമാനുള്ള ഖാന്‍ കീഴടങ്ങി

Wednesday 21 February 2018 4:38 pm IST

ന്യൂദല്‍ഹി: ദല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ മര്‍ദിച്ച സംഭവത്തില്‍ ആംആദ്മി പാര്‍ട്ടി (ആപ്) എംഎല്‍എ അമാനുള്ള ഖാന്‍ കീഴടങ്ങി. ഇന്ന് ഉച്ചയ്ക്ക് ജാമിയ പോലീസ് സ്റ്റേഷനിലാണ് അമാനുള്ള കീഴടങ്ങിയത്. എംഎല്‍എമാരായ അമാനുള്ള ഖാന്‍, പ്രകാശ് ജാര്‍വാള്‍ എന്നിവരാണ് തന്നെ മര്‍ദിച്ചതെന്ന് അന്‍ഷു നേരത്തെ പറഞ്ഞിരുന്നു. 

സംഭവത്തില്‍ 11 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ക്കെതിരേയാണ് അന്‍ഷു പ്രകാശ് ദല്‍ഹി സിവില്‍ ലൈന്‍സ് പോലീസില്‍ പരാതി നല്‍കിയിരുന്നത്. ചീഫ് സെക്രട്ടറിയുടെ പരാതിയില്‍ പ്രകാശ് ജര്‍വാളിനെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിഫന്‍സ് കോളനിയില്‍നിന്നാണ് ജര്‍വാളിനെ പോലീസ് അറസ്റ്റ് ചെയ്തത്. 

റേഷന്‍ വിതരണത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തിനിടെ തന്നെ ആപ് എംഎല്‍എമാര്‍ മര്‍ദിച്ചുവെന്നാണു ചീഫ് സെക്രട്ടറി പറഞ്ഞത്. ആക്രമണം കരുതിക്കൂട്ടി ഉള്ളതാണെന്നും സംഭവസ്ഥലത്തുണ്ടായിരുന്ന ആരും തടയാന്‍ ശ്രമിച്ചില്ലെന്നുമാണ് ചീഫ് സെക്രട്ടറിയുടെ പരാതി. എംഎല്‍എമാര്‍ തന്റെ നേര്‍ക്ക് ആക്രോശിച്ചുവെന്നും താനും ഉദ്യോഗസ്ഥരും സര്‍ക്കാരിന്റെ പ്രചാരണ പരിപാടികള്‍ക്ക് വേണ്ടി കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നു പറഞ്ഞ് അപമാനിച്ചെന്നുമാണു പരാതി നല്‍കിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.