വിഎസ് പതാക ഉയര്‍ത്തുന്നത് ഇറങ്ങിപ്പോയ അതേ ദിവസം

Thursday 22 February 2018 2:45 am IST

ആലപ്പുഴ: സിപിഎം സംസ്ഥാന സമ്മേളനത്തിന് മുതിര്‍ന്ന നേതാവായ വി. എസ്. അച്യുതാനന്ദന്‍ ഇന്ന് പതാക ഉയര്‍ത്തുമ്പോള്‍ അതിനൊപ്പം ഒരു ചോദ്യവും ഉയരുന്നു. മാറിയത് വിഎസ്സോ? അതോ പാര്‍ട്ടിയോ? മൂന്ന് വര്‍ഷം മുന്‍പ് ഇതേ ദിനത്തിലാണ് ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ നിന്ന് അപമാനിതനായി വിഎസ് ഇറങ്ങിപ്പോയത്. 

 വിഎസിന് പാര്‍ട്ടി വിരുദ്ധ മാനസികാവസ്ഥയാണെന്നാണ് സമ്മേളനം തുടങ്ങുന്നതിന്റെ തലേന്ന് പത്രസമ്മേളനം വിളിച്ചു ചേര്‍ത്ത് അന്നത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അധിക്ഷേപിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ വിഎസ് തിരിച്ചടിച്ചു, പാര്‍ട്ടി സംസ്ഥാന നേതൃത്വം ഫാസിസ്റ്റുകളാണെന്ന്. തുടര്‍ന്ന് സമ്മേളനത്തില്‍ ഔദ്യോഗിക പക്ഷക്കാരായ പ്രതിനിധികള്‍ വിഎസിനെ വളഞ്ഞിട്ടാക്രമിക്കുകയായിരുന്നു.

  ഗത്യന്തരമില്ലാതെ സമ്മേളനത്തിന്റെ മൂന്നാം ദിനം (2015, ഫെബ്രുവരി 22) അച്യുതാനന്ദന്‍ ഇറങ്ങി പോകുകയായിരുന്നു. സമ്മേളനത്തിനെത്തിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും പിബി അംഗങ്ങളും പരമാവധി ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. പിറ്റേന്ന് നടന്ന പൊതുസമ്മേളനത്തില്‍ പിണറായി വിജയന്‍ വിഎസിനെ കണക്കറ്റു പരിഹസിച്ചു. 

 'ആരായാലും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു കീഴ്‌പ്പെട്ടു പോകണം.വിരട്ടലും വിലപേശലുമൊന്നും ഈ പാര്‍ട്ടിയോടു വേണ്ട. എന്നു മുന്നറിയിപ്പും നല്‍കി പിണറായി. പോലീസില്‍ നിന്ന് രണ്ടടി കൊണ്ടതും എവിടെയെങ്കിലും എന്തെങ്കിലും കുത്തുകൊണ്ടതും ആരും വലിയ ത്യാഗമായി കൊട്ടിഘോഷിക്കേണ്ടതില്ലെന്നും' പിണറായി പറഞ്ഞു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണ് വിഎസ് നടത്തിയതെന്ന് പാര്‍ട്ടി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കോടിയേരി ബാലകൃഷ്ണനും പ്രഖ്യാപിച്ചു. 

വിഎസിനെ പാര്‍ട്ടിയില്‍ നിന്ന് വരെ പടിയടച്ച് പുറത്താക്കാന്‍ ഔദ്യോഗിക പക്ഷം ശ്രമിച്ചെങ്കിലും സീതാറാം യെച്ചൂരിയുടെ പിന്തുണയോടെ വിഎസ് പിടിച്ചു നിന്നു. കേന്ദ്രകമ്മറ്റിയില്‍ പ്രത്യേക ക്ഷണിതാവായെങ്കിലും ഇതുവരെ പാര്‍ട്ടി ഘടകം അനുവദിച്ച് നല്‍കാതെ പിണറായി പക്ഷം പകവീട്ടി. 

താന്‍ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപോയതില്‍ മാപ്പ് പറയാനോ തെറ്റാണെന്ന് പറയാനോ ഇതു വരെ വിഎസ് തയ്യാറായിട്ടില്ല. സ്ഥാപക നേതാവ് കൂടിയായ വിഎസിന് പാര്‍ട്ടി വിരുദ്ധ മാനസികാവസ്ഥയാണെന്ന സംസ്ഥാന സെക്രട്ടറിയേറ്റ് പ്രമേയം തിരുത്താന്‍ പാര്‍ട്ടിയും തയ്യാറായിട്ടില്ല.  സിപിഎം രൂപംകൊണ്ട ശേഷം ആദ്യ സംസ്ഥാന സമ്മേളനം നടന്നത് ആലപ്പുഴയിലായിരുന്നു. അന്ന് മുതല്‍ 2015 വരെ സംസ്ഥാന സമിതിയംഗമായിരുന്ന വിഎസ് പ്രതിനിധി പോലും അല്ലാത്ത ആദ്യ സംസ്ഥാന സമ്മേളനമാണ് ഇത്തവണത്തേത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.