രാജേഷ് ദിവാന്റെ മിഷന്‍ കണ്ണൂര്‍ തടയപ്പെടുമോ?

Wednesday 21 February 2018 7:07 pm IST
ഉത്തര കേരളത്തിന്റെ ക്രമസമാധാനം 'ഇപ്പോള്‍ ശരിയാക്കിത്തരാം' എന്നൊന്നും ദിവാന് അവകാശവാദമൊന്നുമില്ലെങ്കിലും കണ്ണൂരിലെ പഴയ കാല പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായി മിഷന്‍ കണ്ണൂര്‍ പദ്ധതി മനസിലുണ്ട്. പാര്‍ട്ടിയുടെ അന്നത്തെ ജില്ലയിലെ തലതൊട്ടപ്പനോട് പോലീസ് മുറയിലും ഭാഷയിലും സംസാരിക്കാന്‍ കാട്ടിയ തന്റേടം ഇനിയും പോയിട്ടില്ല. 2019 ല്‍ വിരമിക്കാനിരിക്കുകയാണ്. അതിനുമുമ്പ് സംസ്ഥാനത്തെ ക്രമസമാധാന പരിപാലനത്തില്‍ തന്റെ മുദ്ര ചാര്‍ത്താന്‍ ദിവാന് താല്‍പ്പര്യമുണ്ട്.

കൊച്ചി: രാജേഷ് ദിവാന്‍ ഉത്തര കേരളത്തിന്റെ ഡിജിപിയായിരിക്കെ സംസ്ഥാനത്ത് പുതിയ ക്രമസമാധാനചരിത്രം കുറിക്കുമോ. ഉത്തര കേരളത്തില്‍, പ്രത്യേകിച്ച് കണ്ണൂരില്‍ ഒരു മിഷന്‍ നടപ്പാക്കാനുള്ള വിപുല പദ്ധതിയുണ്ട് ഡിജിപിക്ക്. പക്ഷേ, എത്രത്തോളം അതു നടപ്പാക്കാനാകുമെന്നതാണ് ഇനി കണ്ടറിയേണ്ടത്. 

സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമാണ് രണ്ട് ഡിജിപിമാര്‍ക്ക് സംസ്ഥാനത്തെ ക്രമസമാധാന ചുമതല നല്‍കുന്നത്. ലോക്‌നാഥ് ബെഹ്‌റ ഡിജിപിയും സംസ്ഥാന പോലീസ് തലവനുമാണ്. അദ്ദേഹത്തെക്കാള്‍ സര്‍വീസില്‍ മുതിര്‍ന്നയാളാണ് രാജേഷ് ദിവാന്‍. കേന്ദ്ര സര്‍വ്വീസില്‍നിന്ന് സംസ്ഥാനത്തേക്ക് മടങ്ങിയെത്തുമ്പോള്‍ ദിവാന് നല്‍കാവുന്ന, വിജിലന്‍സ് മേധാവി ഉള്‍പ്പെടെയുള്ള പദവികള്‍ ഒഴിഞ്ഞുകിടന്നിരുന്നു. ഇപ്പോള്‍ ക്രമസമാധാന ചുമതലയിലേക്ക് വരും മുമ്പ് പോലീസ് ആസ്ഥാനത്ത് ഭരണവിഭാഗത്തില്‍ ഡിജിപിയായി കൃത്യ നിര്‍വഹണത്തിലായിരുന്നു. പക്ഷേ ക്രമസമാധാനത്തിലേക്ക് രാജേഷ് ദിവാനെ മാറ്റി, ഉത്തര കേരളത്തിന്റെ ക്രമസമാധാന ചുമതല കൊടുക്കുമ്പോള്‍ അതൊരു തരം താഴ്ത്തല്‍ നടപടിപോലെയായിരുന്നു. കാരണം ഉത്തര മേഖലയില്‍ ഡിജപിയില്ല, എഡിജിപി പദവിയേ ഉള്ളു. തരം താഴ്ത്തല്‍ മനസിലാക്കി ദിവാന്‍ ചുമതലയേല്‍ക്കാതെ വിട്ടുനിന്നു. പിന്നീട് മന്ത്രിസഭായോഗം ഉത്തരമേഖലയിലെ എഡിജിപി പദവി ഡിജിപി എന്ന് ഉയര്‍ത്തുകയായിരുന്നു. 

പക്ഷേ എന്തുകൊണ്ട് അതറിഞ്ഞിട്ടും സംസ്ഥാന ആഭ്യന്തര വകുപ്പ് രാജേഷ് ദിവാനെ ആ മേഖലയിലേക്ക് അയച്ചുവെന്നതിന് കാരണങ്ങള്‍ പലതുണ്ട്. പതിറ്റാണ്ടുകള്‍ക്കു മുമ്പത്തെ കഥകള്‍. ലോക്‌നാഥ് ബെഹ്‌റയെ പോലീസ് തലപ്പത്തു നിയോഗിക്കുമ്പോള്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ പിണറായി വിജയന് പല ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, അപ്രതീക്ഷിതമായുണ്ടായ ചില ഐപിഎസ് സര്‍വീസ് പ്രശ്‌നങ്ങള്‍ പദ്ധതികള്‍ തകിടം മറിച്ചേക്കുമെന്നുവന്നു. അങ്ങനെയിരിക്കെയാണ് തനിക്ക് പ്രിയമല്ലാത്തവരെ മൂലയ്ക്കിരുത്താനോ കൂടുതല്‍ പ്രിയമുള്ളവരെ കൂടെ നിര്‍ത്താനോ മുഖ്യമന്ത്രി തീരുമാനിച്ചത്. പക്ഷേ മുതിര്‍ന്നവരെ, കഴിവു തെളിയിച്ചവരെ ക്രമസമാധാന ചുമതലകളില്‍നിന്ന് ഒഴിച്ചു നിര്‍ത്തുന്നത് ആക്ഷേപങ്ങള്‍ക്കു കാരണമാകുന്നുവെന്ന സൂചന ഉണ്ടായപ്പോഴാണ് ഉത്തരമ മേഖലയിലേക്ക് രാജേഷ് ദിവാനെ നിയോഗിച്ചത്. 

രാജേഷ് ദിവാന്‍ നിര്‍ണ്ണായകമായ പല ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ട ചരിത്രമുള്ളയാളാണ്. ജില്ലാ പോലീസ് മേധാവി സ്ഥാനങ്ങൡലിരുന്നപ്പോഴായിരുന്നു അധികവും. കേരളത്തില്‍ സുരക്ഷയ്ക്ക് ഭീഷണിയായി വളര്‍ന്നുവന്ന ഐഎസ്എസ് എന്ന മുസ്ലിം ഭീകര സംഘടനയെയും അതിന്റെ തലവനായിരുന്ന അബ്ദുള്‍ നാസര്‍ മദനിയേയും ഒതുക്കിയത് അദ്ദേഹം കൊല്ലം സൂപ്രണ്ടായിരിക്കെയാണ്. ഐഎസ്എസ് നടത്തിയ ആസൂത്രിത ആക്രമണങ്ങളും നയിച്ചിരുന്ന സായുധ കൊലയാളി സേനയും മദനി എന്ന വര്‍ഗ്ഗീയ നേതാവും മുളച്ചുവന്നതിനേക്കാള്‍ വേഗത്തില്‍ ഇല്ലാതായത് രാജേഷ് ദിവാന്റെ പിടിപ്പുകൊണ്ടാണ്. സംസ്ഥാന ഭരണകൂടവും ഒപ്പം നിന്നു. ഉരുക്കുമുഷ്ടിതന്നെ ഉപയോഗിച്ചു അന്ന് കൊല്ലം പോലീസ്. കെ. കരുണാകരനായിരുന്നു മുഖ്യമന്ത്രി.

കണ്ണൂരില്‍ രാജേഷ് ദിവാന്‍ പോലീസ് സൂപ്രണ്ടായിരിക്കെ, സിപിഎം അദ്ദേഹത്തിനെതിരേ പ്രതിഷേധ മാര്‍ച്ച് നടത്തി. രണ്ടു പതിറ്റാണ്ടിനു മുമ്പ് നടന്ന ആ സംഭവത്തിലേക്ക് നയിച്ച 'യഥാര്‍ത്ഥ' കാര്യങ്ങള്‍ ഇനിയും ഏറെപരസ്യമായിട്ടില്ല. മുഖ്യമന്ത്രിക്ക് രാജേഷ് ദിവാനെ പോലീസ് തലപ്പത്തേക്ക് നിയോഗിക്കാന്‍ തടസമായ മുഖ്യകാരണം ഇവയായിരുന്നു. പാര്‍ട്ടിക്ക് അത്ര പഥ്യമല്ലാഞ്ഞും ബെഹ്‌റ ആ സ്ഥാനത്തെത്തിയതിനു പിന്നില്‍ ഈ ചരിത്രവുമുണ്ട്.

ഉത്തര കേരളത്തിന്റെ ക്രമസമാധാനം 'ഇപ്പോള്‍ ശരിയാക്കിത്തരാം' എന്നൊന്നും ദിവാന് അവകാശവാദമൊന്നുമില്ലെങ്കിലും കണ്ണൂരിലെ പഴയ കാല പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായി മിഷന്‍ കണ്ണൂര്‍ പദ്ധതി മനസിലുണ്ട്. പാര്‍ട്ടിയുടെ അന്നത്തെ ജില്ലയിലെ തലതൊട്ടപ്പനോട് പോലീസ് മുറയിലും ഭാഷയിലും സംസാരിക്കാന്‍ കാട്ടിയ തന്റേടം ഇനിയും പോയിട്ടില്ല. 2019 ല്‍ വിരമിക്കാനിരിക്കുകയാണ്. അതിനുമുമ്പ് സംസ്ഥാനത്തെ ക്രമസമാധാന പരിപാലനത്തില്‍ തന്റെ മുദ്ര ചാര്‍ത്താന്‍ ദിവാന് താല്‍പ്പര്യമുണ്ട്.

എന്നാല്‍, ദിവാനെ ഉത്തര കേരളത്തിലേക്ക്, മലബാറിലേക്ക് പ്രത്യേകിച്ച്് വിടുമ്പോള്‍ മുഖ്യമന്ത്രിക്ക് ചില ഉദ്ദേശ്യങ്ങളുമുണ്ടെന്നാണ് സൂചന. കണ്ണൂരിനെ പാര്‍ട്ടിയില്‍ ചിലരുടെ ഇപ്പോഴത്തെ പിടിയില്‍നിന്ന് വിടുവിക്കുക. കണ്ണൂരിനെ തന്റെ ഭരണകാലത്ത് 'ദുഷ്‌പേരില്‍'നിന്ന് രക്ഷിക്കുക. ഇതിന് ദിവാന് ചില ഒത്താശകള്‍ ചെയ്തുകൊടുക്കുക. വിജയിച്ചാല്‍ നേട്ടം തനിക്ക്, പരാജയമാണെങ്കില്‍ ദിവാന്റെ തലയില്‍. ദിവാനെ സമ്മര്‍ദ്ദത്തിലാക്കി വരുതിയില്‍ നിര്‍ത്താനുമാകും.

എന്നാല്‍, കണ്ണൂരില്‍ തനിക്ക് പ്രതിരോധം എത്രമാത്രം എന്ന പരീക്ഷണംകൂടിയായിരുന്നു ഷുഹൈബിന്റെ കൊലപാതകത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്ത വിവരം വെളിപ്പെടുത്തി ദിവാന്‍ നടത്തിയ പത്രസമ്മേളനം. പ്രതികള്‍ സിപിഎംകാരാണെന്ന പ്രസ്താവനയം സ്ഥിരീകരണവിശദീകരണവും അതിന്റെ രീതിയും പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതികരണമറിയാനുള്ളതായിരുന്നു. കീഴടങ്ങിയതല്ല, പിടികൂടിയതാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരിയെ തിരുത്തിക്കൊണ്ടുള്ള വിശദീകരണം താന്‍ പഴയ ദിവാന്‍തന്നെയാണെന്ന വെല്ലുവിളിയായിരുന്നു.

ഷുഹൈബ് വധത്തിലെ ആസൂത്രണത്തിന്റെ തലങ്ങളെക്കുറിച്ചും െകാലപാതകത്തിന്റെ ലക്ഷ്യത്തെക്കുറിച്ചും ഇപ്പോള്‍ പറയുന്നില്ലെന്നും ഗൂഢാലോചന നടത്തിയവരെ കിട്ടാനുണ്ടെന്നുമുള്ള വിശദീകരണം പി. ജയരാജന്റെയും മറ്റും വിശദീകരണങ്ങള്‍ക്കുള്ള മറുപടിയാണ്. രാജേഷ് ദിവാന് ഒരു കണ്ണൂര്‍ മിഷന്‍ ഈ ഉത്തരമേഖലാ ഭരണക്കാലത്തുണ്ട്. അത് നടപ്പാക്കാന്‍ സാധിക്കുമോ എന്നതാണിനി കണ്ടറിയേണ്ടത്. ഉത്തര മേഖലയിലെ പോലീസില്‍ അടിമുടി അഴിച്ചുപണിയെന്ന ആശയം ദിവാനുണ്ടെന്നറിയുന്നു. ആ നീക്കത്തിലെ വിജയം മിഷന്‍ വിജയത്തിന്റെ ഭാവിയറിയിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.