ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവം ഇന്ന്

Thursday 22 February 2018 1:55 am IST


ചെട്ടികുളങ്ങര: ഭക്തിയുടെ ദിനരാത്രങ്ങള്‍ ദേവീമന്ത്രങ്ങളാല്‍ മുഖരിതമാകിയ കുത്തിയോട്ട വഴുപാടുകളും, കലയും കരുത്തും സമന്വയിച്ച പതിമൂന്ന് കരക്കാരുടെ  കെട്ടുകാഴ്ചകളും ഇന്ന് ചെട്ടികുളങ്ങര അമ്മയ്ക്ക് മുന്‍പില്‍ സമര്‍പ്പിക്കും.
  പുലര്‍ച്ചെ മുതല്‍ ഒരു മനമായി ഭക്തര്‍ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലേക്ക് ഒഴുകിയെത്തും.ഇന്ന് പുലര്‍ച്ചെ കുത്തിയോട്ട വഴിപാട് ഭവനങ്ങളില്‍ കുട്ടികളെ കുളിപ്പിച്ച് ബന്ധുജനങ്ങള്‍ക്കും ഗുരുനാഥന്മാര്‍ക്കും ദക്ഷിണ നല്‍കും.
  തുടര്‍ന്ന് മുഖത്ത് ചുട്ടികുത്തി കൈകളില്‍ കാപ്പണിയിച്ച് കഴുത്തില്‍ മണിമാലകള്‍ അണിയിച്ച് വാഴയില വാട്ടിയുടുപ്പിച്ച് കിന്നരിതൊപ്പികള്‍ അണിയിച്ച് കയ്യില്‍ അടയ്ക്ക കുത്തിയ കത്തി ഏന്തി കുട്ടികളെ കുത്തിയോട്ടപ്പാട്ടിന്റെയും വായ്കുരവകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്കു സ്വീകരിക്കും.
  ഈ ഘോഷയാത്രയെ വഴിപാടുകാരന്റെ ആശ്രിതന്‍ നെട്ടൂര്‍പെട്ടി തലയില്‍ ഏന്തി അകമ്പടിസേവിക്കും. കുത്തിയോട്ട ഘോഷയാത്ര കരകളിലെ കെട്ടുകാഴ്ചകള്‍ സന്ദര്‍ശിച്ച് ക്ഷേത്രത്തിലെത്തിച്ചേരുന്നു. 
 തുടര്‍ന്ന് ക്ഷേത്രമുറ്റത്ത് ചൂരല്‍കുത്തി ആശാന്‍മാര്‍ കുട്ടികളെ ചുവട് വയ്പ്പിക്കുന്നു.  പ്രത്യേക ചടങ്ങുകള്‍ പൂര്‍ത്തിയാക്കി നെട്ടൂര്‍പ്പെട്ടി തുറന്ന് അതിനുള്ളില്‍ നിന്ന് വെറ്റിലയും കച്ചയുമെടുത്ത് കുട്ടികളുടെ ഇടുപ്പില്‍ കെട്ടി ക്ഷേത്രകുളത്തില്‍ സ്‌നാനം ചെയ്യിപ്പിച്ച് രക്ഷിതാക്കള്‍ക്ക് കൈമാറുന്നതോടെ ചെട്ടികുളങ്ങര അമ്മയുടെ അനുഗ്രഹത്തിനായി തിരുമുന്‍പില്‍ വഴിപാടുകാരന്‍ സമര്‍പ്പിച്ച കുത്തിയോട്ട വഴുപാടുകള്‍ക്കു സമാപനം കുറിക്കും.
  രാവിലെ കുത്തിയോട്ട വരവിനുശേഷം വൈകിട്ട് മൂന്നു മുതല്‍ 13കരക്കാരുടെയും കെട്ടുകാഴ്ച ക്ഷേത്രത്തിലെത്തിച്ചേരും.  ദേവിയെ ദര്‍ശിച്ച് അനുഗ്രഹം നേടി വൈകിട്ട്  ഈരേഴതെക്ക്, ഈരേഴവടക്ക്, കൈതതെക്ക്, കൈതവടക്ക്, കണ്ണമംഗലംതെക്ക്, കണ്ണമംഗലംവടക്ക്, പേള, കടവൂര്‍, ആഞ്ഞിലിപ്ര, മറ്റംവടക്ക്, മറ്റംതെക്ക്, മേനാമ്പള്ളി, നടയ്കാവ് എന്നിങ്ങനെ കരകളുടെ ക്രമം അനുസരിച്ച് കെട്ടുകാഴ്ചകള്‍ കാഴ്ചകണ്ടത്തില്‍ അണിനിരക്കും.
  പുലര്‍ച്ചെ മൂന്നിന് ജീവതയില്‍ എഴുന്നെള്ളുന്ന ദേവി തെക്കെമുറ്റത്തെ വേലകളിയും കുളത്തില്‍ വേലകളിയും ദര്‍ശിച്ച് കരക്കാര്‍ സമര്‍പ്പിച്ച കെട്ടുകാഴ്ചകള്‍ക്കു മുന്‍പില്‍ എത്തി കരക്കാരെയും ഭക്തരെയും അനുഗ്രഹിച്ചു മടങ്ങുന്നതോടെ കുംഭ ഭരണി മഹോത്സവങ്ങള്‍ക്ക് സമാപനമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.