അമ്പലപ്പുഴ തിരുവാഭരണ കവര്‍ച്ച സംശയിക്കുന്നവരുടെ ഫോണ്‍ വിവരങ്ങളും അന്വേഷിക്കും

Thursday 22 February 2018 2:45 am IST

 

ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്നു തിരുവാഭരണം മോഷണം പോയ കേസില്‍ അന്വേഷണത്തിന് സൈബര്‍സെല്ലിന്റെ സഹായം തേടാന്‍ സ്‌പെഷ്യല്‍ ടെമ്പിള്‍ ആന്റി തെഫ്റ്റ് സ്‌ക്വാഡ് തീരുമാനിച്ചു.

പതക്കം കാണാതായ അവസരത്തിലും തിരികെ കിട്ടിയ ശേഷവും നടത്തിയ ഫോണ്‍ വിളികളാണു പരിശോധിക്കുന്നത്. മൂന്നു ഘട്ടങ്ങളിലായി 14 പേരെ സംഘം ചോദ്യം ചെയ്തു കഴിഞ്ഞു. കേസുമായി ബന്ധപ്പെട്ടു സംശയിക്കുന്നവരുടെ ഫോണ്‍ വിവരങ്ങള്‍ അറിയാനാണ്  സൈബര്‍ സെല്ലിന്റെ സഹായം തേടിയത്. തിരികെ കിട്ടിയ തിരുവാഭരണത്തിലെ പതക്കത്തിന്റെ രത്‌നക്കല്ലുകള്‍ പരിശോധിക്കാന്‍ വിദഗ്ദ്ധരുടെ സേവനം തേടും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ രത്‌നക്കല്ലു പരിശോധകസംഘത്തെ വിട്ടു തരണമെന്നു ബോര്‍ഡിനോട് ആവശ്യപ്പെടുമെന്നു സ്‌ക്വാഡ് അറിയിച്ചു. കോടതിയില്‍ തൊണ്ടി മുതലായി സൂക്ഷിച്ചിട്ടുള്ള പതക്കം മോഷണം പോയതു തന്നെയെന്നു സ്വര്‍ണപണിക്കാരന്‍ അന്വേഷണ സംഘത്തെ ധരിപ്പിച്ചു. 

കഴിഞ്ഞ മെയ് മാസം അവസാനം ക്ഷേത്രത്തിലെ കാണിക്കവഞ്ചികളില്‍ നിന്നു പതക്കം തിരികെ കിട്ടിയ അവസരത്തില്‍ ഇവ പരിശോധിച്ച സ്വര്‍ണപണിക്കാരനാണ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. പതക്കത്തിലെ വിലപിടിപ്പുള്ള രത്‌നക്കല്ലുകള്‍ ഉരുക്കുകയും പൊട്ടിക്കുകയും ചെയ്തിട്ടുണ്ട്. ഇവ യഥാര്‍ത്ഥമാണോയെന്ന് അറിയാനാണു പരിശോധന. 

 ദേവസ്വം സ്‌ട്രോങ് മുറിയിലെ മറ്റു തിരുവാഭരണങ്ങള്‍ തിട്ടപ്പെടുത്താന്‍ തിരുവാഭരണ കമ്മീഷണറോടു സംഘം ആവശ്യപ്പെടും. കഴിഞ്ഞ വിഷുവിന്റെ തലേനാളില്‍ ദേവനു പതക്കം ചാര്‍ത്താതിരുന്നതിനെ തുടര്‍ന്നാണു മോഷണ വിവരം പുറത്തറിയുന്നത്. ആദ്യം സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഇതുസംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ ഏപ്രില്‍ 20നു ദേവസ്വം അസി. കമ്മിഷണര്‍ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.  ലോക്കല്‍ പോലീസും, ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തിലാണു കേസ് ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് സ്‌പെഷല്‍ ടെമ്പിള്‍ ആന്റി തെഫ്റ്റ് സ്‌ക്വാഡ് അന്വേഷണം ഏറ്റെടുത്തത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.