വിഴിഞ്ഞം കരാര്‍; ഉമ്മന്‍ചാണ്ടിക്കും കെ. ബാബുവിനും നോട്ടീസ് അയക്കാന്‍ ഉത്തരവ്

Thursday 22 February 2018 2:45 am IST

കൊച്ചി: വിഴിഞ്ഞം കരാറില്‍ അഴിമതിയുണ്ടെന്നും ഇതേക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കൊല്ലം സ്വദേശി എം.കെ. സലിം നല്‍കിയ പൊതുതാല്പര്യ ഹര്‍ജിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ക്ക് നോട്ടീസ് അയക്കാന്‍ ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ സ്വകാര്യ സംരംഭകരുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ സിഎജിക്ക് കഴിയുമോയെന്ന് സര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സിഎജിയുടെ ശുപാര്‍ശയില്‍ തീരുമാനമെടുക്കേണ്ടത് നിയമസഭയാണെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ സംസ്ഥാന അറ്റോര്‍ണി ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. മാത്രമല്ല, സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ പരിശോധിക്കാന്‍ കമ്മിഷനെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തുടര്‍ന്നാണ് ഹര്‍ജി ഫയലില്‍ സ്വീകരിച്ച് എതിര്‍ കക്ഷികള്‍ക്ക്നോട്ടീസ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഡിവിഷന്‍ ബെഞ്ച്  ഉമ്മന്‍ചാണ്ടിക്കു പുറമേ മുന്‍ തുറമുഖ വകുപ്പ് മന്ത്രി കെ ബാബു, ഗൗതം അദാനി, തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ജെയിംസ് വര്‍ഗീസ് എന്നിവര്‍ക്കും നോട്ടീസ് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.