സംസ്ഥാനത്തെ പൊതുമേഖലാ സ്പിന്നിംഗ് മില്ലുകളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നു

Thursday 22 February 2018 2:45 am IST

കോട്ടയം: സംസ്ഥാനത്തെ പൊതുമേഖലാ സ്പിന്നിംഗ് മില്ലുകളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നു. അഴിമതിയും കെടുകാര്യസ്ഥതയുമാണ് പ്രവര്‍ത്തനം നിലയ്ക്കാനുള്ള പ്രധാന കാരണം. മില്ലുകളുടെ പ്രവര്‍ത്തനം കൃത്യമായി നടത്താന്‍ മിക്ക മില്ലുകളുടെയും ഡയറക്ടര്‍ ബോര്‍ഡുകള്‍ താല്‍പര്യം കാണിക്കുന്നില്ല.

കോട്ടയം മീനടം പ്രിയദര്‍ശനി സ്പിന്നിംഗ് മില്ല് മാസങ്ങളായി അടഞ്ഞ് കിടക്കുന്നു. കേരള സ്റ്റേറ്റ് ടെക്‌സ്റ്റൈല്‍ കോര്‍പ്പറേഷന്റെ അഞ്ച് സ്പിന്നിംഗ് മില്ലുകളുടെയും തൃശൂര്‍ സീതാറാം ടെക്‌സ്റ്റൈല്‍സ് ലിമിറ്റഡ്, ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്ലുകളുടെയും എംഡിക്കെതിരെ വിജിലന്‍സില്‍ പരാതി ഉണ്ട്.  

സര്‍ക്കാര്‍ ഗ്രാന്റ് വാങ്ങിക്കുന്നതില്‍ മാത്രമാണ് ഡയറക്ടര്‍ ബോര്‍ഡുകളുടെ താല്‍പര്യമെന്നാണ് ആക്ഷേപം. ഉത്പാദനം വര്‍ദ്ധിപ്പിച്ചാല്‍ മില്ലുകള്‍ ലാഭത്തിലാകും. എന്നാല്‍ ഇതിനോട് ഡയറക്ടര്‍ ബോര്‍ഡുകള്‍ക്ക് താല്‍പര്യമില്ല. പഞ്ഞി മേടിച്ച് നൂലാക്കുന്ന പ്രവര്‍ത്തനമാണ് മീനടം പ്രിയദര്‍ശനി സ്പിന്നിംഗ് മില്ലില്‍ നടത്തിയിരുന്നത്. ഈ പ്രവര്‍ത്തനം കൃത്യമായിട്ട് നടന്നാല്‍ മില്ല് ലാഭത്തിലാകും. 

140 കോടിയുടെ ഗവണ്‍മെന്റ് സഹായം ലഭിച്ച മില്ല് നഷ്ടത്തിലായതിനാല്‍ ലേ ഓഫായി. മൂന്ന് മാസമായി ശമ്പളം ലഭിക്കാതായതോടെ കഴിഞ്ഞ ദിവസം തൊഴിലാളികള്‍ മാനേജരെ  ഉപരോധിച്ചിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ 60 ലക്ഷത്തിന്റെ സഹായം സംസ്ഥാന ഗവണ്‍മെന്റിനോട് ചോദിച്ചിട്ടുണ്ടെന്നും അത് ലഭിക്കുന്ന മുറക്കേ മില്ലിന്റെ പ്രവര്‍ത്തനം മുമ്പോട്ട് പോകുകയുള്ളുവെന്നുമാണ് ഡയറക്ടര്‍ ബോര്‍ഡിന്റെ വിശദീകരണം. മുമ്പ് ലഭിച്ച ഗ്രാന്റുകള്‍ എന്തുചെയ്‌തെന്ന തൊഴിലാളികളുടെ ചോദ്യത്തിന് മറുപടി നല്‍കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല.

അമയന്നൂരില്‍ പ്രവര്‍ത്തിക്കുന്ന മില്ലിന് നാഥനില്ലാത്ത അവസ്ഥയാണ്. ചെയര്‍മാന്‍ രാജിവച്ചു. ഉദ്പാദനം വളരെ കുറച്ചു. ശമ്പളം രണ്ടു തവണയായിട്ടാണ് നല്‍കുന്നത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് രണ്ട് കോടിയുടെ ഗ്രാന്റ് അനുവദിച്ചിരുന്നു. ഗ്രാന്റ് ലഭിച്ചപ്പോള്‍ ഒരു മിഷ്യന്‍ വാങ്ങിയെങ്കിലും നിലവില്‍ അത് പ്രവര്‍ത്തിക്കുന്നില്ല.

വ്യാപക പരാതി ഉയര്‍ന്നതോടെ സര്‍ക്കാര്‍ മില്ലുകളുടെ തലപ്പത്ത് അഴിച്ചുപണി ക്ക് ശ്രമം നടത്തി. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും സര്‍വ്വീസില്‍ കളങ്കിതരാകാത്ത ഉദ്യോഗസ്ഥരുടെയും പട്ടിക തയ്യാറാക്കി പുനഃസംഘടിപ്പിക്കാനാണ് നീക്കം. എന്നാല്‍ പട്ടിക പുറത്തിറങ്ങുന്നത് തടയിടാന്‍ മില്ലുകളില്‍ വ്യാപാരം നടത്തിയിരുന്ന സ്വകാര്യ ഏജന്റുമാര്‍ നീക്കവും തുടങ്ങി. എന്നാല്‍ ഇതുകൊണ്ട് പ്രശ്‌നം പരിഹരിക്കില്ലെന്നും ആരോപണം നേരിടുന്ന ഡയറക്ടര്‍ ബോര്‍ഡുകള്‍ പിരിച്ചുവിടണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.