കാട്ടുതീ തടയാന്‍ കുപ്പിവെള്ളവും പച്ചിലയും

Thursday 22 February 2018 2:45 am IST

ബത്തേരി: കാട്ടുതീ തടയാന്‍ കുപ്പിവെള്ളവും പച്ചിലയും. വയനാട്ടിലെ വനപാലകരുടെ സ്ഥിതിയാണിത്. വേനല്‍ കടുത്തതോടെ ജലക്ഷാമവും കാട്ടുതീയും ചര്‍ച്ചയാകുന്നു. 844 കിലോമീറ്റര്‍ വരുന്ന വയനാടന്‍ വനമേഖല കാത്ത് സൂക്ഷിക്കുന്നതിന് നിരായുധരായ 464 വനപാലകര്‍ മാത്രം.

കാട് കത്തുമ്പോള്‍ പച്ചില ചപ്പ് ഒടിച്ച് തല്ലിക്കെടുത്തുന്ന പ്രാകൃതരീതിയാണ് ഇന്നും നിലവിലുളളത്. പച്ചചപ്പും കുപ്പിവെളളവുമായി പൊരുതുന്ന വനപാലകര്‍ക്ക് ആവശ്യമായ ഭക്ഷണമോ മറ്റ് സഹായങ്ങളോ തല്‍സമയം എത്തിച്ച് കൊടുക്കാനുള്ള സംവിധാനവും നിലവിലില്ല. അടിയന്തര സാഹചര്യങ്ങളില്‍ ജീവനക്കാരെ ആവശ്യമായ ഇടങ്ങളില്‍ വിന്യസിക്കാന്‍ വാഹന സൗകര്യവുമില്ല.

1962ലെ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചാണ് ജീവനക്കാരെ നിയമിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വനസംരക്ഷണത്തിന് ഹെലികോപ്റ്ററുകളുടെ സേവനം അത്യാവശ്യമായി വന്നിരിക്കുകയാണ്. പലപ്പോഴും ഉള്‍ക്കാടുകളില്‍ പടരുന്ന തീയണയ്ക്കാന്‍ കഴിയാതെ വനപാലകര്‍ കാഴ്ചക്കാരാകുന്നത് പതിവാണ്. റോഡ് സൗകര്യം ഇല്ലാത്തിടങ്ങളില്‍ അഗ്‌നിരക്ഷാ സേനയ്ക്കും കടന്നുവരാന്‍ കഴിയാറില്ല. 

ചെമ്പ്ര പോലുളള അതീവ പ്രാധാന്യമുളള വനമേഖല സംരക്ഷിക്കാന്‍ ഇന്നും വനം വകുപ്പിനാവുന്നില്ല. മനുഷ്യര്‍ക്ക് പെട്ടന്ന് കടന്നുചെല്ലാന്‍ കഴിയാത്ത മലനിരകളാണിവ. ആവശ്യത്തിന് ജീവനക്കാരോ വാഹനങ്ങളോ ഉപകരണങ്ങളോ നല്‍കാതെ വനത്തില്‍ തീപിടിത്തം ഉണ്ടായാല്‍ കീഴ്ജീവനക്കാരെ ശിക്ഷിച്ച് പ്രശ്‌നം പരിഹരിക്കുന്ന സമീപനമാണ് ഇന്നും നിലവിലുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.