നെല്ല് സംഭരണം തുടങ്ങി; കര്‍ഷകരുടെ ആശങ്കക്ക് പരിഹാരമായില്ല

Thursday 22 February 2018 2:45 am IST

കോട്ടയം: പുഞ്ചകൃഷിയുടെ നെല്ല് സംഭരണം തുടങ്ങി. മുന്‍ വര്‍ഷങ്ങളിലേതു പോലെ കര്‍ഷകരുടെ ആശങ്കയ്ക്ക് പരിഹാരമായില്ല. കഴിഞ്ഞ വര്‍ഷം സംഭരിച്ചതിന്റെ വിലയായി 30 കോടി രൂപ ഇനിയും കര്‍ഷകര്‍ക്ക് കിട്ടാനുണ്ട്. മൂന്ന് ദിവസത്തിനുള്ളില്‍ സംഭരിച്ച നെല്ലിന്റെ വില കൊടുക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. ഈ വര്‍ഷവും സംഭരണവില നല്‍കാന്‍ ബാങ്കുകളുമായി ധാരണയിലെത്താന്‍ കഴിഞ്ഞിട്ടില്ല. സഹകരണ സംഘങ്ങള്‍ വഴി നെല്ല് സംഭരിക്കാനുള്ള നീക്കവും ലക്ഷ്യം കണ്ടിട്ടില്ല. സഹകരണസംഘങ്ങള്‍ക്ക് സ്വന്തമായി നെല്ല് സംഭരിക്കാനുള്ള സംവിധാനങ്ങളുടെ അപര്യാപ്തതയാണ് പ്രധാന തടസ്സം. 

  കോട്ടയം ജില്ലയില്‍ കഴിഞ്ഞ ആഴ്ച മുതലാണ് സപ്ലൈകോ സംഭരണം തുടങ്ങിയത്. നിലവില്‍ 342 പാടശേഖരങ്ങളാണ് സപ്ലൈകോയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുമരകത്ത് രണ്ട് പാടങ്ങളിലെ കൊയ്ത്തുകഴിഞ്ഞു. അടുത്ത മാസത്തിനുള്ളില്‍ ഇവിടെ കൊയ്ത്തു പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, കല്ലറ തുടങ്ങിയ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ സംഭരണം നടക്കുന്നത്. ഈ പ്രദേശങ്ങളിലെ ഇരുപത്തിരണ്ടോളം പാടങ്ങളില്‍ കര്‍ഷകരുമായുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിയെന്ന് ജില്ലാ പാഡി ഓഫീസര്‍ പറഞ്ഞു.  

അതേസമയം, കൃഷിവകുപ്പിന്റെ കീഴില്‍ കൊയ്ത്തുയന്ത്രങ്ങള്‍ കുറവായതിനാല്‍ വിളവെടുപ്പ് വൈകുമോയെന്നാണ് കര്‍ഷകരുടെ ആശങ്ക. ജില്ലയില്‍ പുഞ്ചക്കൊയ്ത്തിനായി 300 യന്ത്രങ്ങള്‍ എങ്കിലും വേണ്ടിവരും. കൃഷിവകുപ്പിനെ കൂടാതെ ജില്ലാ പഞ്ചായത്തിനു കീഴിലും കൊയത്തുയന്ത്രമുണ്ടെങ്കിലും അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തിച്ചില്ലെങ്കില്‍ കൊയ്ത്തു പൂര്‍ത്തിയാക്കാനാകില്ല. കൃഷിവകുപ്പ് മുന്‍കൈയെടുത്ത് ഇതിന് പരിഹാരം കാണണമെന്നാണ് കര്‍ഷകരുടെ ആവശ്യം. 23 രൂപ 30 പൈസയ്ക്കാണ് കര്‍ഷകരില്‍ നിന്ന് സപ്ലൈകോ നെല്ല് സംഭരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.