ഭഗവാന്‍ തരുന്ന പ്രതിപാദ്യവിഷയങ്ങളുടെ സൂചിക

Thursday 22 February 2018 2:45 am IST

ക്ഷേത്രം-(യാച്ച)-എന്ത് ദ്രവ്യമാണ്? 

യാദൃക്ച - ഏതുവിധത്തിലുള്ളതാണ്?

യദ്വികാരി-അതു എങ്ങനെയൊക്കെ മാറും? യതഃ ച യത്-ഏതില്‍നിന്ന് എങ്ങനെയുണ്ടായി?

സചയഃ- ആ ക്ഷേത്രജ്ഞന്‍ ഏത് വിധമുള്ളവനാണ്.

യത് പ്രഭാവശ്ച?- എന്തെല്ലാം പ്രഭാവമുള്ളവനാണ്? ഇക്കാര്യങ്ങള്‍ ഞാന്‍ ചുരുക്കി പറയാം; കേട്ടോളൂ!

ആരാണ്, എവിടെയാണ്, വിസ്തരിച്ച് പറഞ്ഞിട്ടുള്ളത്? 

ആത്മീയജ്ഞാനത്തിന്റെ ഉത്തമഗുരു ശ്രീകൃഷ്ണ ഭഗവാന്‍ തന്നെയാണ്; സംശയമില്ല. എല്ലാ ആത്മീയ സമ്പ്രദായങ്ങളുടെയും പരമഗുരുവും ഭഗവാന്‍ തന്നെയാണ്. ഭഗവാന്‍ തന്നെയാണ് പതിനഞ്ചാമധ്യായത്തില്‍ ഇക്കാര്യം പ്രഖ്യാപിക്കുന്നത്.

''വേദൈശ്ച സര്‍വൈ രഹമേവ വേദ്യഃ

വേദാന്തകൃദ് വേദവിദേവ ചാഹം'' (15-15)

(എല്ലാ വേദങ്ങളിലൂടെയും വിവരിക്കപ്പെടുന്നത് ഞാന്‍ തന്നെ. ഇന്ദ്രന്‍, വരുണന്‍, അഗ്നി തുടങ്ങി വ്യത്യസ്ത ദേവതാ നാമങ്ങള്‍ കാണാമെങ്കിലും, ഞാന്‍ തന്നെയാണ് അവരുടെ ഹൃദയത്തില്‍ അന്തര്യാമിയായിനിന്ന് അവര്‍ക്ക് പ്രവര്‍ത്തനശക്തികൊടുക്കുന്നത്. എല്ലാ വേദങ്ങളുടെയും സുചിന്തിതവും നിശ്ചിതവുമായ അര്‍ത്ഥം എനിക്കു മാത്രമേ അറിയൂ. വേദങ്ങളെ പൂര്‍ണമായും യഥാരൂപമായും അറിയുന്നതും ഞാന്‍ മാത്രമാണ് വേറെ ആരെങ്കിലും വേദത്തിന്റെ അര്‍ത്ഥം ഞാന്‍ പറയുന്നതില്‍ നിന്ന് വ്യത്യസ്തമായിട്ടു പറയുന്നുണ്ടെങ്കില്‍, ആ ആള്‍ വേദവിത്തല്ല-വേദം അറിയുന്നവനല്ല.

ഋഷികളും വേദങ്ങളും ബ്രഹ്മസൂത്രവും ക്ഷേത്രക്ഷേത്രുജ്ഞ തത്ത്വങ്ങള്‍ വിസ്തരിച്ച് പറഞ്ഞിട്ടുണ്ട്.

ഋഷിഭിഃ ബഹുധാഗീതം-വസിഷ്ഠന്‍, പരാശരന്‍ തുടങ്ങിയ മഹര്‍ഷിമാര്‍ യോഗശാസ്ത്രങ്ങളില്‍ ധ്യാനിക്കാനും ധാരണയ്ക്കും വേണ്ടി പല പ്രകാരത്തിലും പറഞ്ഞിട്ടുണ്ട്. വിഷ്ണുപുരാണത്തില്‍ ക്ഷേത്രത്തെ-ശരീരത്തെക്കുറിച്ച് പരാശരന്‍ പറയുന്നു- 

''സമസ്താവ യവേദ്യസ്ത്വം

പൃഥഗ്ഭൂപ, വ്യവസ്ഥിതഃ

കോഹമിത്യേവ നിപുണോ

ഭൂത്വാ ചിന്തയ പാര്‍ഥിവാ!''

(എല്ലാ അവയവങ്ങളും ഉള്ളതാണ് ഈ ശരീരം. ഇതില്‍ വസിക്കുന്ന നീ-ജീവാത്മാവ്-വേറെ തന്നെയാണ്. 'ഞാനാരാണ്' എന്ന് നീ ചിന്തിക്കൂ!)ശരീരത്തില്‍നിന്ന് ജീവന്‍ വ്യത്യസ്തനെന്ന് ഇവിടെ പറയുന്നു. ഈ മഹാഭാരതത്തില്‍ ക്ഷേത്രവും ക്ഷേത്രജ്ഞനും യഥാര്‍ത്ഥത്തില്‍ ആരെന്നു പറയുന്നു.

''ഇന്ദ്രിയാണി മനോബുദ്ധിഃ

സത്ത്വം തേജോ ബലം ധൃതിഃ

വാസുദേവാത്മകാന്യാഹുഃ

ക്ഷേത്രം ക്ഷേത്രജ്ഞമേവ ച''

(മഹാ-ഭാ ശാന്തി-149-166)

(സര്‍വ്വക്ഷേത്രങ്ങളിലും ക്ഷേത്രജ്ഞനായി ശോഭിക്കുന്ന വാസുദേവന്‍ തന്നെയാണ് ഇന്ദ്രിയങ്ങള്‍ക്കും മനസ്സിനും ബുദ്ധിക്കും ധാരണയ്ക്കും ശരീരത്തിനും പ്രേരണാദാതാവ്).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.