തൂക്കത്തിലെ വെട്ടിപ്പ് റേഷന്‍ മേഖലയില്‍ സമരകാഹളം

Thursday 22 February 2018 2:00 am IST

കൊച്ചി: ഭക്ഷ്യധാന്യങ്ങള്‍ കൃത്യമായ അളവില്‍ നല്‍കാതെ ഉദ്യോഗസ്ഥര്‍ തൂക്കത്തില്‍ വെട്ടിപ്പ് നടത്തുന്നതിനെതിരെ റേഷന്‍ മേഖലയില്‍ പ്രതിഷേധം ശക്തമാകുന്നു. തൂക്കത്തിലെ വെട്ടിപ്പ് തടഞ്ഞില്ലെങ്കില്‍ റേഷന്‍ സ്റ്റോക്ക് എടുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ നിര്‍ത്തിവെക്കാനാണ് നീക്കം. 

സമരത്തിന് മുന്നോടിയായി ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ 26ന് ജില്ലാ, താലൂക്ക് തലങ്ങളില്‍ കടകളടച്ച് എന്‍എഫ്എസ്എ ഡിപ്പോയ്ക്ക് മുമ്പില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തും. അസോസിയേഷന്‍  ഭാരവാഹികളായ പി.എ. നൗഷാദ്, വി.വി. ബേബി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.എന്‍എഫ്എസ്എ ഗോഡൗണുകളില്‍ നിന്നുള്ള തൂക്കക്കുറവ് പരിഹരിക്കുക, ഗോഡൗണുകളില്‍ തൂക്ക മെഷീന്‍ സ്ഥാപിക്കുക, റേഷന്‍ വ്യാപാരികള്‍ക്ക് അതാത് മാസം വേതനം നല്‍കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. 

ഉദ്യോഗസ്ഥ-തൊഴിലാളി-കോണ്‍ട്രാക്ടര്‍-ലോറി മാഫിയകളാണ് തൂക്കത്തില്‍ വെട്ടിപ്പ് നടത്തുന്നത്. കഴിഞ്ഞദിവസം ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയിലും തൂക്കത്തില്‍ വെട്ടിപ്പ് കണ്ടെത്തിയിരുന്നു.  50 ലക്ഷത്തോളം രൂപയാണ് ഇത്തരത്തില്‍ തട്ടിയെടുക്കുന്നത്. 

തൂക്കക്കുറവ് പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് ഇ-പോസ് മെഷീന്‍ സ്ഥാപിക്കുന്നതുമായി സഹകരിക്കില്ലെന്നും റേഷന്‍ വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ആവശ്യങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ തുടര്‍ സമരം എന്ന നിലയില്‍ മാര്‍ച്ച് 5ന് സംസ്ഥാന വ്യാപകമായി  റേഷന്‍ കടകളടച്ച് സമരം നടത്തും. ജില്ലാ താലൂക്ക് കേന്ദ്രങ്ങളടക്കം എന്‍എഫ്എസ്എ ഗോഡൗണിനു മുന്‍പിലും ആര്‍എം, എഎം ഓഫീസിനു മുന്‍പിലും മാര്‍ച്ചും ധര്‍ണ്ണയും നടത്തും. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.