മത്സ്യമേഖലയില്‍ നഷ്ടം 100 കോടി

Thursday 22 February 2018 2:00 am IST

പള്ളുരുത്തി: മത്സ്യബന്ധന ബോട്ടുകളുടെ സമരം തീരത്തെ വറുതിയിലാക്കി. സമരം ആറുദിവസം പിന്നിട്ടപ്പോള്‍ മത്സ്യമേഖലയുടെ നഷ്ടം 100 കോടിയോടടുത്തു. സമരം ഒത്തുതീര്‍പ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകാത്തതിനാല്‍ തൊഴിലാളികളും പ്രതിഷേധത്തിലാണ്. ചെറുമത്സ്യങ്ങള്‍ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകള്‍ക്ക് കനത്ത പിഴ ചുമത്തിയതാണ് ബോട്ടുടമകളെ അനിശ്ചിതകാല സമരത്തിന് പ്രേരിപ്പിച്ചത്. വലിയ മത്സ്യങ്ങള്‍ പിടിക്കുമ്പോള്‍ ചെറുമത്സ്യങ്ങള്‍ കുടുങ്ങുന്നതാണെന്ന് മത്സ്യബന്ധന ബോട്ടുടമകള്‍ വ്യക്തമാക്കിയെങ്കിലും സര്‍ക്കാര്‍ അത് മുഖവിലയ്‌ക്കെടുക്കാന്‍ തയ്യാറായില്ല. 

കേരളതീരത്ത് നാലായിരത്തോളം മത്സ്യബന്ധന ബോട്ടുകളാണുള്ളത്. ഇതില്‍ 45,000 തൊഴിലാളികളാണ് പണിയെടുക്കുന്നത്. അനുബന്ധ മേഖലയില്‍ ഒന്നരലക്ഷത്തോളം തൊഴിലാളികള്‍ വേറെയും ജോലി ചെയ്യുന്നുണ്ട്. സമരം തുടങ്ങിയതോടെ ഇവര്‍ക്ക് തൊഴിലില്ലാത്ത അവസ്ഥയായി. മത്സ്യത്തൊഴിലാളി കുടുംബങ്ങളും പട്ടിണിയിലായി. കയറ്റുമതിയും നിലച്ചിരിക്കുകയാണ്. ചെമ്മീന്‍ പീലിംഗ് ഷെഡ്ഡുകളും അടഞ്ഞുകിടക്കുകയാണ്. 

മത്സ്യമേഖലയിലെ സമരം മറ്റുമേഖലകളിലേക്കും വ്യാപിക്കുന്നുണ്ട്. ഇന്ധന ബങ്കുകളിലും ഐസ് ഫാക്ടറികളിലും കച്ചവടം വന്‍തോതില്‍ കുറഞ്ഞു. സമരക്കാരുമായി ചര്‍ച്ച നടത്താന്‍പോലും സര്‍ക്കാര്‍ കാര്യമായ നടപടിയെടുക്കുന്നില്ല. ഇതില്‍ തീരവാസികള്‍ക്ക് വ്യാപക പ്രതിഷേധമുണ്ട്. ഇതേ തുടര്‍ന്ന് സമരക്കാര്‍ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും. 

സമരം ആറുദിവസം പിന്നിട്ടതോടെ കടല്‍ മത്സ്യങ്ങള്‍ക്കും ക്ഷാമമായി. ഫ്രീസറില്‍ സൂക്ഷിച്ച മത്സ്യങ്ങളാണ് ഇപ്പോള്‍ പലയിടത്തും വില്‍പ്പന നടത്തുന്നത്. പഴകിയ മത്സ്യം ഭക്ഷ്യവിഷബാധ വരുത്താനിടയുണ്ട്. ലഭ്യത കുറഞ്ഞതോടെ മീനുകളുടെ വില ഇരട്ടിയിലധികമായി ഉയര്‍ന്നിട്ടുണ്ട്. ഇന്ധനവില കുറച്ച് മത്സ്യബന്ധന മേഖലയെ സംരക്ഷിക്കുക, 58 ഇനം മത്സ്യങ്ങളുടെ മിനിമം ലീഗല്‍ സെസ് നടപ്പാക്കുന്നതില്‍ കേന്ദ്ര മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (സിഎംഎഫ്ആര്‍ഐ) നിര്‍ദ്ദേശങ്ങള്‍ പാലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.