മഞ്ഞപ്പിത്തം പടരുന്നു; ആരോഗ്യവകുപ്പിന് ഉറക്കം

Thursday 22 February 2018 2:00 am IST
മഞ്ഞപ്പിത്തം പടര്‍ന്ന് പിടിക്കുമ്പോഴും രോഗം പടരാതിരിക്കുവാനോ രോഗം ബാധിച്ചവരെ കണ്ടെത്തുവാനോ ശ്രമിക്കാതെ ആരോഗ്യവകുപ്പ് ഉറക്കം നടിക്കുന്നു.

 

ആര്‍പ്പൂക്കര: മഞ്ഞപ്പിത്തം പടര്‍ന്ന് പിടിക്കുമ്പോഴും രോഗം പടരാതിരിക്കുവാനോ രോഗം ബാധിച്ചവരെ കണ്ടെത്തുവാനോ ശ്രമിക്കാതെ ആരോഗ്യവകുപ്പ് ഉറക്കം നടിക്കുന്നു. 

മാന്നാനം കെഇ കോളേജിലും പരിസരവാസികളിലുമാണ് മഞ്ഞപ്പിത്തം കണ്ടെത്തിയത്. കോളേജ് ഹോസ്റ്റലിലെ അന്തേവാസികളായ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 60ലധികം വിദ്യാര്‍ത്ഥികള്‍ രോഗം ബാധിച്ച് വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. അതോടൊപ്പം ഇരുപതോളം നാട്ടുകാരിലും രോഗബാധ സ്ഥിരീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് രോഗം ബാധിച്ചതിനെ തുടര്‍ന്ന് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു. 

സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ മുപ്പതോളം കുട്ടികള്‍ക്കും വനിതാ ഹോസ്റ്റലിലെ ഇരുപതോളവും മറ്റു ക്ലാസുകളിലെ പത്തോളം കുട്ടികള്‍ക്കുമാണ് മഞ്ഞപ്പിത്ത ബാധയുണ്ടായത്. വൃത്തിഹീനമായ അന്തരീക്ഷമാണ് രോഗബാധയ്ക്ക് കാരണമെന്നാണ് ആക്ഷേപം.മലിനജലം പുറത്തേക്ക് ഒഴുകി സമീപപ്രദേശത്തെ കിണറുകളിലും മറ്റും എത്തുന്നതായും നാട്ടുകാര്‍ പറയുന്നു. കോളേജിലേക്ക് വെള്ളം എത്തിക്കുന്നത് സമീപത്തെ പാടത്ത് കിണര്‍ കുഴിച്ച് പമ്പുചെയ്താണ്. ഈ കിണറിന് സമീപത്തെ തോട്ടിലൂടെ മെഡിക്കല്‍ കോളേജില്‍ നിന്നും പുറംതള്ളുന്ന മാലിന്യം കലര്‍ന്ന വെള്ളമാണ് ഒഴുകുന്നത്. ഇതും രോഗം പടരാന്‍ കാരണമാകുന്നു. 

രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പും പ്രദേശത്ത് മഞ്ഞപ്പിത്തം വ്യാപകമായി പടര്‍ന്ന് പിടിക്കുകയും ഡോക്ടര്‍ ഉള്‍പ്പെടെ മരണപ്പെടുകയും ചെയ്തിരുന്നു. കോളേജിലേക്ക് പമ്പുചെയ്യുന്ന ചുവന്ന നിറത്തിലുള്ള വെള്ളത്തിന് ദുര്‍ഗന്ധവുമുണ്ട്. ഇതൊന്നും അധികൃതര്‍ ശ്രദ്ധിച്ചതേയില്ല. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രോഗം ബാധിച്ച് ജനങ്ങളുടെ പരാതി ഉയരുവാന്‍ തുടങ്ങിയപ്പോള്‍ മാത്രമാണ് കോളജ് അടച്ചിടുവാന്‍ അധികൃതര്‍ തീരുമാനിച്ചത്. 

പ്രദേശത്തെ കിണറുകളിലെ വെള്ളത്തില്‍ അനുവദനീയമായ അളവിലും കൂടുതല്‍ കോളിഫോം ബാക്ടീരിയ ഉള്ളതായി ആരോഗ്യവകുപ്പിലെ തന്നെ ഉദ്യോഗസ്ഥന്‍ തന്നെ പറയുന്നു. 

അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഉദ്യോഗസ്ഥരെത്തി പ്രദേശത്തെ കിണറുകള്‍ ക്ലോറിനേഷന്‍ നടത്താന്‍ നടപടി തുടങ്ങി. എന്നാല്‍ രോഗബാധ ഉണ്ടാകുവാനുള്ള കാരണം കണ്ടെത്താനോ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുവാനോ ഇതുവരെ ആരോഗ്യവകുപ്പിനായിട്ടില്ല. 

കോളേജില്‍ മഞ്ഞപ്പിത്തബാധ ഉണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കോളേജ് സന്ദര്‍ശിച്ചതാണ് ആകെ നടന്നത്. എത്രപേര്‍ക്ക് രോഗബാധയുണ്ടെന്ന കണക്കുപോലും വകുപ്പിന്റെയോ കോളേജ് അധികൃതരുടെയോ പക്കലില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.