ഇടയുന്ന ആനകളും കൊല്ലപ്പെടുന്നവരും

Thursday 22 February 2018 2:45 am IST

വേലകളും പൂരങ്ങളും ഉത്സവങ്ങളും പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടുകയാണ്. ആനകള്‍ക്കും വാദ്യക്കാര്‍ക്കും വെടിക്കെട്ടുകാര്‍ക്കും തിരക്കോടുതിരക്ക്. മധ്യകേരളത്തില്‍ പ്രത്യേകിച്ചും തൃശൂര്‍ ജില്ലയില്‍ ഇനി പൂരക്കാലം, ആനകള്‍ കൂടുതല്‍ അണിനിരക്കുന്ന ആറാട്ടുപുഴ പൂരം, പണ്ടൊക്കെ നൂറിലധികം ആനകളുള്ള ആറാട്ടുപുഴ പൂരത്തിന്റെ കൂട്ടി എഴുന്നള്ളിപ്പിന് പ്രദക്ഷിണം വയ്ക്കുന്നത് പുണ്യമായി പഴമക്കാര്‍ കരുതിയിരുന്നു. ഇപ്പോഴും എഴുപതോളം ആനകള്‍ ആറാട്ടുപുഴ പൂരത്തിന്റെ കൂട്ടിയെഴുന്നള്ളിപ്പിനെത്തുന്നുണ്ട്. ആന ഒന്നായാലും എണ്ണം കൂടിയാലും ഇടയാനൊന്നുമതി. ഇടയുന്ന ആനകളുടെ എണ്ണവും കൂടിവരികയാണ്. 

ആനയില്ലാത്ത പൂരം എന്ന നാടന്‍ ചൊല്ലുതന്നെയുണ്ടല്ലോ. ആന എഴുന്നള്ളിപ്പ് നിര്‍ത്തുന്നതിനെപ്പറ്റി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഈയിടെ വിവിധ ക്ഷേത്രങ്ങളിലെ തന്ത്രിമാരോട് അഭിപ്രായമാരാഞ്ഞപ്പോള്‍ പലരും വ്യത്യസ്ത അഭിപ്രായക്കാരായിരുന്നു. പുരാണേതിഹാസങ്ങളിലെ ഉദാഹരണങ്ങള്‍ നിരത്തി എഴുന്നള്ളിപ്പ് തുടരണമെന്ന അഭിപ്രായക്കാരായിരുന്നു ഏറിയ പങ്കും. ആനയും വെടിക്കെട്ടുമില്ലാത്ത പൂരങ്ങളും ഉത്സവങ്ങളും നമ്മുടെ നാട്ടില്‍ നൂറ്റാണ്ടുകളായി നടന്നുവരുന്നുണ്ടെന്നും ചിലര്‍ വാദമുഖങ്ങള്‍ നിരത്തി.

ആനകളുടെ എണ്ണം കുറഞ്ഞുവരികയാണ്. എഴുന്നള്ളിപ്പിനും, ആനകളെ കൊണ്ടുപോകുന്നതിനും പല നിബന്ധനകളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ മറ്റു പല കാര്യങ്ങളിലെന്നതുപോലെ, ഇതൊന്നും ഭൂരിപക്ഷം പേരും അനുസരിക്കാറില്ല. ലക്ഷണമൊത്ത, മനുഷ്യരെ ഉപദ്രവിക്കാത്ത പല ഗജവീരന്മാരും നമ്മുടെ നാട്ടിലുണ്ട്. ആനക്കഥകളില്‍ നിന്ന് നമുക്കതൊക്കെ മനസ്സിലാക്കാന്‍ സാധിക്കും. ഇടഞ്ഞോടിയ, നാശനഷ്ടങ്ങള്‍ വരുത്തിയ, പാപ്പാന്മാരെ കൊന്ന ആനകളെ ശിക്ഷിക്കാനോ എഴുന്നള്ളിപ്പില്‍നിന്ന് മാറ്റിനിര്‍ത്താനോ ഇവിടെ നിയമങ്ങളില്ലല്ലോ. ആനയ്ക്കു ശിക്ഷ നല്‍കുന്നതിലധികവും പാപ്പാന്മാര്‍ തന്നെയാണ്. ബീഹാറിലും അസമിലും നിന്നുമുള്ള ആനകളും നമ്മുടെ നാട്ടിലുണ്ടല്ലോ. 

ജന്തുസ്‌നേഹികളും ആനസ്‌നേഹികളും ആനകളെ ഉപദ്രവിക്കുന്നതിനെച്ചൊല്ലി ഇടപെട്ട്, പലപ്പോഴും കോടതി വ്യവഹാരങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്. പുന്നത്തൂര്‍ കോട്ടയില്‍ത്തന്നെ അമ്പതിലധികം ആനകളുണ്ട്. ദേഷ്യക്കാരുണ്ട്, ശാന്ത സ്വഭാവമുള്ളവരുണ്ട്, അവിടെ പിടിയാനകളുമുണ്ട്. നീരില്‍നിന്നും എഴുന്നള്ളിപ്പിനു കൊണ്ടുപോയ കവളപ്പാറ കൊമ്പന്റെ കഥ കേട്ട് എത്രയോ പേര്‍ കണ്ണീര്‍ പൊഴിച്ച ഇന്നലെകള്‍-മദ്യപിച്ച പാപ്പാനെ തുമ്പിക്കയ്യിലേന്തി വീട്ടിലെത്തിച്ച ആനക്കഥകള്‍. എല്ലാം നമുക്ക് പരിചയമാണ്. ആനച്ചോറ് കൊലച്ചോറ് എന്ന പഴമൊഴിക്ക് ഇന്ന് പ്രസക്തിയുണ്ട്. ഓരോ കൊല്ലവും കൊല്ലപ്പെടുന്ന പാപ്പാന്മാരുടെ എണ്ണം കൂടിവരികയാണല്ലൊ. 

കാട്ടില്‍നിന്ന് നാട്ടിലേക്കെത്തുന്ന കാട്ടാനകളുടെ വിക്രിയകളും നാം ഇടയ്ക്ക് പത്രങ്ങളില്‍ വായിക്കാറുണ്ട്. ആനപ്പൊക്ക മത്സരം, കരക്കാര്‍ തമ്മില്‍ കോടതിവരെയെത്തിയിട്ടുണ്ട്.  ആനയുടെ ഏക്കം വര്‍ധിപ്പിക്കാന്‍ ഉടമകള്‍ നിര്‍ബന്ധിതരാകുന്നു. ആനകളെ പീഡിപ്പിക്കുന്നതും ഇടഞ്ഞോടിയ  ആനകള്‍ വരുത്തിവയ്ക്കുന്ന നഷ്ടവും ഈശ്വരന് ഹിതകരമകുമെന്നു തോന്നുന്നില്ല.

ചെറാട്ട് ബാലകൃഷ്ണന്‍ തലോര്‍,

തൃശൂര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.