ബിജെപി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സെക്രട്ടറിയെ വെട്ടി പരിക്കേല്‍പ്പിച്ചു സംഘര്‍ഷം പൊന്‍കുന്നത്തേക്കും വ്യാപിപ്പിക്കാന്‍ സിപിഎം ശ്രമം

Thursday 22 February 2018 2:00 am IST
ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ അലങ്കോലപ്പെടുത്താനുള്ള സിപിഎമ്മിന്റെ അജണ്ട പ്രകാരം പൊന്‍കുന്നത്തും സംഘര്‍ഷമുണ്ടാക്കാന്‍ സിപിഎം ശ്രമം. കാഞ്ഞിരപ്പള്ളി മേഖല കേന്ദ്രീകരിച്ച് നടക്കുന്ന സംഘര്‍ഷം പൊന്‍കുന്നത്തേക്കും വ്യാപിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു.

 

പൊന്‍കുന്നം: ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ അലങ്കോലപ്പെടുത്താനുള്ള സിപിഎമ്മിന്റെ അജണ്ട പ്രകാരം പൊന്‍കുന്നത്തും സംഘര്‍ഷമുണ്ടാക്കാന്‍ സിപിഎം ശ്രമം. കാഞ്ഞിരപ്പള്ളി മേഖല കേന്ദ്രീകരിച്ച് നടക്കുന്ന സംഘര്‍ഷം പൊന്‍കുന്നത്തേക്കും വ്യാപിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു.

തമ്പലക്കാട് ക്ഷേത്രോത്സവും, ചിറക്കടവ് ക്ഷേത്രോത്സവവും അലങ്കോലപ്പെടുത്താന്‍ സിപിഎം ശ്രമം നടത്തിയിരുന്നു. പൊന്‍കുന്നം പുതിയകാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ദേശമാകെ നടക്കുന്ന അലങ്കാരങ്ങളില്‍ സജീവ സാന്നിദ്ധ്യമായ ബിജെപി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം സെക്രട്ടറി പൊന്‍കുന്നം ഇലഞ്ഞിക്കാവില്‍ പി.ആര്‍ രാജേഷി (35)നെ ആക്രമിച്ചതിന് പിന്നില്‍ ഗൂഢോദ്ദേശ്യമുണ്ടെന്നും ആരോപണമുണ്ട്. 

പൊന്‍കുന്നം പോലീസ് സ്റ്റേഷനു മുന്നില്‍ നടന്ന കമ്പിവടിയും വടിവാളും കൊണ്ടുള്ള ആക്രമണത്തില്‍ തലയ്ക്ക് മാരകമായി പരിക്കേറ്റ രാജേഷ് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഉത്സവുമായി ബന്ധപ്പെട്ട് അലങ്കാരക്രമീകരണങ്ങള്‍ നടത്തുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് രാജേഷും മറ്റൊരു പ്രവര്‍ത്തകനായ ഗോപുകൃഷ്ണനും ക്ഷേത്ര റോഡില്‍ നിന്നും പ്രധാന റോഡിലേക്ക് ഇറങ്ങുന്നതിനിടെ ഓട്ടോറിക്ഷയിലെത്തിയ സംഘം ഇവരുടെ വാഹനം ഇടിച്ചു വീഴ്ത്താന്‍ ശ്രമിച്ചിരുന്നു.

തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കം പരിഹരിച്ചിരുന്നു. അരമണിക്കൂറിന് ശേഷം രാജേഷിനെതിരെ അടിപിടിക്കേസില്‍ പരാതി കിട്ടിയെന്ന് ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റിനെ പൊന്‍കുന്നം പോലീസ് സ്റ്റേഷനില്‍ നിന്നും വിളിച്ചറിയിക്കുകയായിരുന്നു.

പരാതി വ്യാജമാണെന്നും, നിജസ്ഥിതി അറിയിച്ചതിനെ തുടര്‍ന്നും പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ വൈകുന്നേരം അഞ്ചു മണിക്ക് രാജേഷിനോട് സ്റ്റേഷനിലെത്തണമെന്നും പോലീസ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് രാജേഷും ഗോപുകൃഷ്ണനും 5മണിക്ക് സ്റ്റേഷനിലെത്തിയെങ്കിലും എതിര്‍ കക്ഷികള്‍ എത്തിയില്ല. 5.50തായിട്ടും പരാതിക്കാരന്‍ എത്താത്തതിനെ തുടര്‍ന്ന് പോലീസ് ഇവരെ പറഞ്ഞയക്കുകയായിരുന്നു.

പോലീസ് സ്റ്റേഷന് പുറത്തേക്കിറങ്ങിയ രാജേഷിനെ ഏഴു പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. സ്റ്റേഷനകത്തു നിന്നും പോലീസ് പുറത്തിറങ്ങി വന്നപ്പോഴേക്കും അക്രമി സംഘം കടന്നു കളഞ്ഞു. 

സമവായ ചര്‍ച്ചയില്‍ എടുത്ത

 തീരുമാനം സിപിഎം ലംഘിച്ചു

പൊന്‍കുന്നം: കാഞ്ഞിരപ്പള്ളിയില്‍ നടന്ന സമവായ ചര്‍ച്ചയില്‍ എടുത്ത തീരുമാനം സിപിഎം ലംഘിച്ചെന്ന് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് വി.എന്‍ മനോജ് അറിയിച്ചു.

കാഞ്ഞിരപ്പള്ളി-തമ്പലക്കാട് മേഖലകളില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് കോട്ടയം എഡിഎം കെ. രാജന്റെ അദ്ധ്യക്ഷതയില്‍ ഡിവൈഎസ്പി ഓഫീസില്‍ യോഗം ചേര്‍ന്ന് സമവായ ചര്‍ച്ച നടത്തിയിരുന്നു. സിപിഎം, ബിജെപി ആര്‍എസ്എസ് ജില്ലാ, പ്രാദേശിക നേതാക്കള്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ സമാധാനം പുന:സ്ഥാപിക്കാനും ധാരണയിലെത്തിയിരുന്നു. ഇതിന്‍ പ്രകാരം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ പരിധില്‍ വരുന്ന പ്രദേശങ്ങളില്‍ സംഘര്‍ഷങ്ങളോ യാതൊരുവിധ പ്രകോപനങ്ങളോ ഉണ്ടാകില്ലെന്ന് സിപിഎം ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ ഉറപ്പ് നല്‍കിയിരുന്നു. 

ഈ ഉറപ്പുകളുടെ ലംഘനമാണ് പൊന്‍കുന്നത്ത് നടന്നതെന്നും വി.എന്‍ മനോജ് പറഞ്ഞു. പ്രദേശത്ത് സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി വരുന്ന രണ്ടാഴ്ച്ചക്കാലം ഇരു പാര്‍ട്ടികളും പ്രകോപനപരമായ പ്രസംഗങ്ങളോ പൊതുസമ്മേളനങ്ങളോ പ്രതിഷേധ പ്രകടനങ്ങളോ നടത്തരുതെന്നും യോഗത്തില്‍ തീരുമാനമെടുത്തിട്ട് പത്തു ദിവസം കഴിയുന്നതിന് മുമ്പേയാണ് സിപിഎം ആക്രമണം നടത്തിയത്. കൊടിമരങ്ങളും ഫ്ളെക്സ് ബോര്‍ഡുകളും നശിപ്പിക്കുന്ന പ്രവണത ഒഴിവാക്കുവാനും ഈ തീരുമാനം താഴെത്തട്ടിലുള്ള അണികളിലേക്ക് എത്തിക്കുവാനും യോഗം തീരുമാനിച്ചിരുന്നു. സമവായ ചര്‍ച്ച് നടന്ന ദിവസം തന്നെ നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനമായതിനു പിന്നാലെ കൂരാലി മേഖലയില്‍ സിപിഎം ബിജെപിയുടെ കൊടികള്‍ കത്തിച്ചതായി ആരോപണമുയര്‍ന്നിരുന്നു. പോലീസ് സിപിഎമ്മിന് അനുകൂലമായ നിലപാടെടുക്കുന്നതാണ് അക്രമം കൂടാന്‍ കാരണമെന്നും ആരോപണമുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.