വിസിമാരുടെ നിയമനം; ഗവര്‍ണ്ണറുടെ തീരുമാനം നിര്‍ണ്ണായകമാകും

Thursday 22 February 2018 2:45 am IST

കോട്ടയം: സര്‍വ്വകലാശാലകളിലെ തലപ്പത്തെ നിയമനങ്ങള്‍ രാഷ്ട്രീയ പരിഗണനയുടെ പേരില്‍ വീതം വച്ചപ്പോള്‍ ഉന്നത വിദ്യാഭ്യാസ രംഗം ഗുണമേന്മയുള്ളതാക്കാന്‍ ലക്ഷ്യമിട്ടുള്ള യുജിസിയുടെ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തി.  ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഭരണനിര്‍വഹണം രാഷ്ട്രീയ മുക്തമായിരിക്കണമെന്നും തലപ്പത്തുള്ളവര്‍ക്ക് ഉയര്‍ന്ന അക്കാദമിക് നിലവാരം ഉണ്ടായിരിക്കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ വിസി, പിവിസി നിയമനങ്ങള്‍ രാഷ്ട്രീയ പരിഗണനയുടെ പേരില്‍ മാത്രം തുടരുകയായിരുന്നു.

ഹൈക്കോടതി വിധിയെ തുടര്‍ന്ന് എംജി സര്‍വ്വകലാശാലാ വിസി സ്ഥാനത്ത് നിന്ന് ഡോ. ബാബു സെബാസ്റ്റ്യന്‍ പുറത്തായത് ഈ രാഷ്ട്രീയ നിയമനങ്ങള്‍ക്കുള്ള കനത്ത തിരിച്ചടിയായാണ് വിലയിരുത്തുന്നത്. ഇത്തരത്തില്‍ നിയമനം നടന്ന മറ്റ് സര്‍വ്വകലാശാലകളിലെ വിസി, പിവിസിമാരുടെ നിയമനവും സംശയത്തിലായി. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണറുടെ തീരുമാനം ഇവരുടെ കാര്യത്തില്‍ നിര്‍ണ്ണായകമാകും.         

 യുജിസി മാനദണ്ഡം അനുസരിച്ച് പത്ത് വര്‍ഷത്തെ പ്രൊഫസര്‍ പരിചയം വൈസ് ചാന്‍സലറാകാന്‍ വേണം. എന്നാല്‍ ഇത് പാലിക്കാതെയാണ് മിക്ക നിയമനങ്ങളും നടന്നത്. സ്വകാര്യ, എയ്ഡഡ് കോളേജില്‍ അസോസിയേറ്റ് പ്രൊഫസര്‍ മാത്രമായിരുന്ന ഡോ. ബാബു സെബാസ്റ്റ്യന്റെ കാര്യത്തിലും ഇതാണ് സംഭവിച്ചത്. എം.ജി സര്‍വ്വകലാശാലയില്‍ തന്നെ യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് യോഗ്യതയുള്ള രണ്ട് പേരെ മറികടന്നാണ് ഡോ. ബാബു സെബാസ്റ്റ്യന്റെ നിയമനം നടന്നത്. ധിഷണാശാലികളായ പ്രൊഫസര്‍മാരെ പുറത്ത് നിര്‍ത്തിയാണ് മറ്റ് സര്‍വ്വകലാശാലകളിലും എല്ലാക്കാലത്തും വിസി നിയമനം നടന്നിരുന്നത്. 

യുഡിഎഫ് ഭരിക്കുമ്പോള്‍ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, മുസ്ലീംലീഗ് എന്നിവരാണ് സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ വിസി, പിവിസി സ്ഥാനങ്ങള്‍ പങ്കിട്ടെടുത്തത്. ഇതില്‍ ജാതി, മത പരിഗണനകളും ഈ സ്ഥാനങ്ങളിലേക്ക് നിര്‍ണ്ണായകമായിരുന്നു. എല്‍ഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ സിപിഎം അനുഭാവികളെ കുത്തിത്തിരുകാനാണ് ശ്രമിച്ചത്. ഘടകകക്ഷിയായ സിപിഐക്ക് പോലും സ്ഥാനം ലഭിക്കാറില്ല. ഇങ്ങനെ നിയമനം കിട്ടി വരുന്ന വിസിമാര്‍ പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള സെനറ്റ്, സിന്‍ഡിക്കേറ്റ് എന്നിവയുമായി എല്ലാക്കാലത്തും ഏറ്റുമുട്ടലിലായിരുന്നു. ഇതോടെ ഭരണരംഗവും കുത്തഴിയുന്ന അവസ്ഥയായി. കേരളത്തില്‍ മാത്രമാണ് ഉന്നതവിദ്യാഭ്യാസ രംഗം ഇത്രമാത്രം രാഷ്ട്രീയ വത്ക്കരിക്കപ്പെട്ടതെന്നാണ് ആക്ഷേപം. 

കേരള, എംജി സര്‍വ്വകലാശാലകളില്‍ വിസിമാരുടെ ഒഴിവ് വന്നതോടെ പുതിയ വിസിമാര്‍ക്കായി അണിയറയില്‍ രാഷ്ട്രീയ ചരടുവലി തുടങ്ങി. ഇടതുപക്ഷ ആഭിമുഖ്യമുള്ളവരെ വിസിമാരാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. യുജിസി നിഷ്‌ക്കര്‍ഷിക്കുന്ന യോഗ്യതയുള്ളവരെ കണ്ടെത്താന്‍ ബുദ്ധിമുട്ടില്ലെന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറയുന്നത്.

ആദ്യ 25-ല്‍ കേരളത്തിലെ ഒറ്റ സര്‍വ്വകലാശാലയില്ല 

രാജ്യത്തെ നൂറ് സര്‍വ്വകലാശാലകളുടെ റാങ്കിങ്ങില്‍ ആദ്യത്തെ 25-ല്‍ പോലും സമ്പൂര്‍ണ്ണ സാക്ഷരതയുള്ള കേരളത്തിലെ ഒറ്റ സര്‍വ്വകലാശാലയില്ല. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്കുമായി (എന്‍ഐആര്‍എഫ് ) സഹകരിച്ച് നടത്തിയ പഠനത്തില്‍ 29-ാം റാങ്കുള്ള കേരള സര്‍വ്വകലാശാലയാണ് മുന്നില്‍. എം.ജി സര്‍വ്വകലാശാല 67-ാം റാങ്കിലും കാലിക്കറ്റ് സര്‍വ്വകലാശാല 57-ാം സ്ഥാനത്തുമാണ്. കൊച്ചി സര്‍വ്വകലാശാല 86-ാം സ്ഥാനത്താണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.