പോലീസ് നിഷ്പക്ഷമാവണം: ആര്‍എസ്എസ്

Thursday 22 February 2018 2:45 am IST

കണ്ണൂര്‍: കണ്ണൂരില്‍ സര്‍വ്വകക്ഷി സമാധാന യോഗം യുഡിഎഫ് ബഹിഷ്‌ക്കരിച്ചു. ഇന്നലെ രാവിലെ 10.30 ന് യോഗം ആരംഭിച്ചയുടന്‍ ജനപ്രതിനിധികളെ ക്ഷണിക്കാത്ത യോഗത്തില്‍ സിപിഎമ്മിന്റെ രാജ്യസഭ എംപി കെ.കെ. രാഗേഷും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷും മന്ത്രി എ.കെ. ബാലനോടൊപ്പം ഡയസിലിരുന്നതിനെ യോഗത്തില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ്-മുസ്ലീം ലീഗ് നേതാക്കള്‍ ചോദ്യം ചെയ്തതോടെ ബഹളം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. രാഗേഷ് സിപിഎം പ്രതിനിധിയാണെന്നും എംപി ആയതിനാല്‍ ഡയസില്‍ ഇരിക്കട്ടെയെന്നും മന്ത്രി പറഞ്ഞെങ്കിലും യുഡിഎഫ് അംഗങ്ങള്‍ അംഗീകരിച്ചില്ല. ഈ സമയം യോഗത്തിലേക്ക് യുഡിഎഫ് എംഎല്‍എമാരായ കെ.സി. ജോസഫ്, സണ്ണി ജോസഫ്, കെ.എം. ഷാജി എന്നിവര്‍ ഡയസിലെത്തി ജനപ്രതിനിധികളെ പങ്കെടുപ്പിക്കാത്തതിനെ ചോദ്യം ചെയ്തു. ഇതോടെ വീണ്ടും ബഹളം ആരംഭിക്കുകയും യുഡിഎഫ് നേതാക്കള്‍ യോഗം ബഹിഷ്‌കരിച്ചതായി പ്രഖ്യാപിച്ച് മുദ്രവാക്യം വിളികളോടെ പുറത്തു പോയി. ഇതിനുശേഷം മന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തില്‍ യോഗം തുടര്‍ന്നു. ആര്‍എസ്എസ്-ബിജെപി സിപിഎം നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

ജില്ലയില്‍ പോലീസ് പക്ഷപാതരഹിതമായി പെരുമാറണമെന്ന് യോഗത്തില്‍ സംബന്ധിച്ച ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി ആവശ്യപ്പെട്ടു. എസ്ഡിപിഐ-പോപ്. ഫ്രണ്ട് അക്രമത്തില്‍ കൊല്ലപ്പെട്ട കണ്ണവത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്യാംപ്രസാദിന്റെ കൊലപാതകത്തിലെ കൂട്ടുപ്രതികളെയും ഗൂഢാലോനക്കാരേയും സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും പിടികൂടാന്‍ പോലീസ് തയ്യാറായിട്ടില്ല. പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആര്‍എസ്എസ് പൊന്ന്യം മണ്ഡലം കാര്യവാഹായിരുന്ന പ്രവീണിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് മാസം പിന്നിട്ടിട്ടും ഒരാളെ പോലും പോലീസ് അറസ്റ്റു ചെയ്തിട്ടില്ല. പാത്തിപ്പാലത്ത് നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് ആരോപിച്ച് പോലീസ് പിടികൂടിയ ബിജെപി പ്രവര്‍ത്തകരുടെ പേരില്‍ വധോദ്യമം അടക്കമുളള കേസും ഇതേ സംഭവത്തിലെ സിപിഎമ്മുകാരുടെ പേരില്‍ നിസ്സാര വകുപ്പും ചേര്‍ത്താണ് പോലീസ് കേസ് എടുത്തത്. പോലീസ് ഓഫീസര്‍മാരും സിപിഎം നേതാക്കളുമായി ചേര്‍ന്ന് സംഘപരിവാര്‍ പ്രവര്‍ത്തകരെ കളളക്കേസില്‍ കുടുക്കാന്‍ ആസൂത്രിത ശ്രമം നടക്കുകയാണെന്നും ഇക്കാര്യത്തില്‍ ഗവണ്‍മെന്റ് ഇടപെടണമെന്നും യോഗത്തില്‍ വത്സന്‍ തില്ലങ്കേരി ആവശ്യപ്പെട്ടു.

യോഗത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, ജില്ലാ പോലീസ് സൂപ്രണ്ട് ശിവവിക്രം, ബിജെപി ജില്ലാ പ്രസിഡണ്ട് പി. സത്യപ്രകാശ്, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് കെ. പ്രമോദ്, സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍,ജനതാദള്‍ നേതാവ് പി.പി. ദിവാകരന്‍ തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.

അന്വേഷണം ഏത് ഏജന്‍സിക്ക് കൈമാറാനും സര്‍ക്കാര്‍ തയ്യാര്‍: മന്ത്രി

കണ്ണൂര്‍: എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം തൃപ്തികരമല്ലെന്ന പരാതി രേഖാമൂലം ലഭിച്ചാല്‍ ഏത് ഏജന്‍സിക്ക് കേസ് കൈമാറാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് പിന്നാക്ക വികസന വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സര്‍വ്വകക്ഷി സമാധാന യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷുഹൈബ് വധക്കേസില്‍ അന്വേഷണം നടത്തുന്നതും പ്രതികളെ പിടിക്കുന്നതുമെല്ലാം ബന്ധപ്പെട്ട പോലീസുദ്യോഗസ്ഥരായിരിക്കുമെന്നും മറ്റുള്ളവര്‍ ഇതിലിടപെടുന്നത് കേസിനെ അട്ടിമറിക്കലായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഷുഹൈബിന്റെ കൊലപാതകത്തെ അപലപിച്ച മന്ത്രി സമാധാനം ജീവിതം ഉറപ്പാക്കാന്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.