ന്യൂദല്‍ഹി: ‘ഒരു അഡാര്‍ ലവ്’ എന്ന മലയാള സിനിമയിലെ ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ തെലങ്കാനയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. ഈ ഗാനത്തിന്റെ പേരില്‍ ഇനി ഒരു സംസ്ഥാനത്തും കേസെടുക്കരുതെന്നും കോടതി ആവശ്യപ്പെട്ടു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി പ്രിയ വാര്യരും സംവിധായകന് ഒമര്‍ ലുലുവും നല്കിയ ഹര്‍ജിയിലാണ് നടപടി.
സിനിമയിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിനെതിരെ ഹൈദരാബാദിലെ ഫലഖ്നുമ്മ പോലീസ് സ്റ്റേഷനിലാണ് കേസുള്ളത്. മഹാരാഷ്ട്ര പോലീസിനും പരാതി ലഭിച്ചിട്ടുണ്ട്. തെലങ്കാന, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ക്കു കോടതി നോട്ടീസ് അയച്ചു. പാട്ടിനെതിരെ കേരളത്തില്‍ കേസെടുത്തിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. കേരളം പിന്തുണ നല്‍കുകയാണ് ചെയ്തതെന്ന് അഭിഭാഷകന് പറഞ്ഞു.
ചിത്രീകരണം പുരോഗമിക്കുന്നതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ കേസുകളുണ്ടാകുന്നത് ചിത്രത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് അഭിഭാഷകന് ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് കേസെടുക്കുന്നതില്‍ നിന്നും മുഴുവന്‍ സംസ്ഥാനങ്ങളെയും കോടതി വിലക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: