ആത്മാഭിമാനമുള്ള സിപിഎമ്മുകാര്‍ പാര്‍ട്ടിയെ ചോദ്യം ചെയ്യണം: കുമ്മനം

Thursday 22 February 2018 2:45 am IST

കൊച്ചി: മാനവിക മൂല്യങ്ങള്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്കും പ്രവര്‍ത്തിക്കാനാകാത്ത പാര്‍ട്ടിയായി കേരളത്തിലെ സിപിഎം മാറിയെന്നും പാര്‍ട്ടിയുടെ കൊള്ളരുതായ്മകളെ തൃശൂര്‍ സമ്മേളനത്തില്‍ ആത്മാഭിമാനമുള്ള പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് കുമ്മനത്തിന്റെ ആവശ്യം. 

കണ്ണൂരിലെ ഗുണ്ടാപ്പടയുടെ ബലിഷ്ഠകരങ്ങള്‍ക്കുള്ളിലാണ് സിപിഎം. പാര്‍ട്ടി നേതൃത്വത്തിനു പോലും നിയന്ത്രിക്കാനാകാത്ത വിധം കണ്ണൂര്‍ ലോബി സിപിഎമ്മിനെ വരിഞ്ഞു മുറുക്കി. കേരളത്തിലെ പാര്‍ട്ടിയില്‍നിന്ന് പൊതുസമൂഹവും അണികളും ഉത്തരം തേടുന്ന ചില ചോദ്യങ്ങളുണ്ട്. സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഉത്തരം തേടേണ്ട ആ ചോദ്യങ്ങളും സിപിഎം അണികള്‍ക്കായി കുമ്മനം കുറിച്ചിട്ടുണ്ട്. 

പാര്‍ട്ടിയെയും സഖാക്കളെയും നേര്‍വഴിക്കു നടത്താന്‍ 2013ല്‍ പാലക്കാട്ട് ചേര്‍ന്ന പാര്‍ട്ടി പ്ലീനം കൈക്കൊണ്ട ഏതെങ്കിലും ഒരു തീരുമാനം സംസ്ഥാന സെക്രട്ടറിയടക്കം നടപ്പാക്കിയിട്ടുണ്ടോ, ഗുണ്ടായിസവും ധാര്‍ഷ്ട്യവും മാത്രം കൈമുതലായിട്ടുള്ള സിപിഎം നേതാക്കള്‍ കോടീശ്വരന്‍മാരുടെ പട്ടികയില്‍ ഇടംപിടിച്ചത് എങ്ങനെ, പാര്‍ട്ടിക്കു ലെവി കൊടുത്തതിനുശേഷവും കോടികള്‍ സമ്പാദിക്കാന്‍ സിപിഎമ്മിന് എന്താണു വരുമാനം, പാര്‍ട്ടി സെക്രട്ടറിയുടെ മക്കളുടെ പേരിലുണ്ടായ സാമ്പത്തിക തട്ടിപ്പിന്റെ പിന്നാമ്പുറക്കഥകള്‍ എന്താണ്? തുടങ്ങി 16 ചോദ്യങ്ങളാണ് കുമ്മനം ഉന്നയിച്ചിട്ടുള്ളത്. 

കോടിയേരി ബാലകൃഷ്ണന്റെ രണ്ടു മക്കള്‍ വിദേശത്തു നടത്തുന്ന വ്യവസായം എന്താണെന്ന് അണികളോടെങ്കിലും വിശദീകരിക്കുമോയെന്നും കൊലപാതക രാഷ്ട്രീയത്തെ അംഗീകരിക്കുന്നില്ലെന്നു പറയുന്ന പാര്‍ട്ടി, പ്രതികള്‍ക്കായി കേസ് നടത്തുന്നതും പണപ്പിരിവു നടത്തുന്നതും എന്തിനെന്നും കുമ്മനം ചോദിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.