പി.ജയരാജനെതിരെ സിപിഎമ്മിൽ നീക്കം

Thursday 22 February 2018 2:45 am IST

ന്യൂദല്‍ഹി: പാര്‍ട്ടിക്കതീതനായി വളര്‍ന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ സിപിഎമ്മില്‍ പടയൊരുക്കം. ഷുഹൈബ് കൊലക്കേസ് അന്വേഷണം സിബിഐക്ക് വിടാനുള്ള സിപിഎം സംസ്ഥാന നേതാക്കളുടേയും സംസ്ഥാന സര്‍ക്കാരിന്റെയും നീക്കം പി. ജയരാജനെ ലക്ഷ്യമിട്ട്. സംസ്ഥാന സമ്മേളനത്തിന് പിന്നാലെ ജയരാജനെതിരെ പാര്‍ട്ടി തലത്തില്‍ കൂടുതല്‍ ശക്തമായ നടപടികള്‍ക്ക് സാധ്യതയേറി. 

പി. ജയരാജന്റെ പ്രവര്‍ത്തന ശൈലിക്കെതിരായ അഭിപ്രായ ഭിന്നതകള്‍ കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. വ്യക്തിപൂജാ വിവാദത്തില്‍ ജയരാജനെ ശാസിക്കാനുള്ള സംസ്ഥാന സമിതിയിലെ അപ്രതീക്ഷിത തീരുമാനം ജയരാജ വിരുദ്ധ ചേരിയുടെ യുദ്ധ പ്രഖ്യാപനമായാണ് വിലയിരുത്തിയത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ കൂടുതല്‍ ദിവസം തിരുവനന്തപുരത്തും മറ്റു ജില്ലകളിലും ജയരാജന്റെ സാന്നിധ്യം വര്‍ദ്ധിച്ചത് സംസ്ഥാന നേതാക്കളില്‍ അതൃപ്തിക്ക് കാരണമായിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റിലേക്കും സംസ്ഥാന സെക്രട്ടറി പദവിയിലേക്കും കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളെ മറികടന്ന് ജയരാജന്‍ ലക്ഷ്യമിടുന്നു എന്ന ആശങ്കയും നേതൃത്വത്തില്‍ സജീവമായി. 

ഇതിന് പിന്നാലെയാണ് കോടിയേരിയുടെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ കോടികളുടെ തട്ടിപ്പ് വിവാദം ഉയര്‍ന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അറബി പരാതി നല്‍കിയതിന്റെ തൊട്ടടുത്ത ദിവസം വാര്‍ത്തയായതിന്റെ വഴി സിപിഎം സംസ്ഥാന നേതൃത്വം അന്വേഷിച്ചിരുന്നു. മന്ത്രിസഭയിലെ ഒരംഗത്തിന്റെ പിന്തുണയും പി. ജയരാജന്റെ അറിവും യെച്ചൂരി വഴി പുറത്തേക്ക് പോയ വാര്‍ത്തയ്ക്ക് പിന്നിലുണ്ടെന്നാണ് സിപിഎം സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്.

ഇതിനിടെ നേതൃത്വത്തിന് വീണുകിട്ടിയ ആയുധമായാണ് മട്ടന്നൂരിലെ ഷുഹൈബ് വധക്കേസ് മാറിയിരിക്കുന്നത്. കോണ്‍ഗ്രസ് ആവശ്യപ്പെടും മുമ്പ് വടക്കന്‍ മേഖലാ ഡിജിപി വഴി സിബിഐ അന്വേഷണത്തെ പോലീസ് എതിര്‍ക്കില്ലെന്ന് ആഭ്യന്തര വകുപ്പ്  വ്യക്തമാക്കിയതും ഇത്തരം നീക്കങ്ങളുടെ ഭാഗമാണ്. ഇന്നലെ കണ്ണൂരില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തിന് മുമ്പ് ചര്‍ച്ചയ്ക്കായി മുഖ്യമന്ത്രി നിയോഗിച്ച മന്ത്രി എ.കെ ബാലന്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാണെന്ന് ആവര്‍ത്തിക്കുകയും ചെയ്തു. കണ്ണൂരിലെ കൊലപാതകങ്ങളുമായി ബന്ധപ്പെടുത്തി സിബിഐ അന്വേഷണമെന്ന ആവശ്യം ഉയരുമ്പോഴെല്ലാം അതിനെ ശക്തമായി എതിര്‍ക്കുന്ന സിപിഎം സംസ്ഥാന നേതൃത്വം ഷുഹൈബ് കേസില്‍ സിബിഐ അന്വേഷണത്തിന് വേണ്ടി വാദിക്കുന്നത് ജയരാജനെ കുടുക്കുകയെന്ന ഉദ്യേശത്തോടെയാണ്. 

ജയരാജന്റെ സോഷ്യല്‍മീഡിയ കൈകാര്യം ചെയ്യുന്ന അടുത്ത അനുയായിയായ ആകാശ് തില്ലങ്കേരി അടക്കമുള്ള പ്രതികളിലൂടെ കൊലപാതകത്തിന് പിന്നിലെ ജയരാജന്‍ ബന്ധം ഉയര്‍ത്തിക്കൊണ്ടുവരാനും കഴിയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.