സിപിഎമ്മിനെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള ആകാശിൻ്റെ മൊഴി പുറത്ത്; മൊഴിയും ഡമ്മി

Thursday 22 February 2018 2:45 am IST

കണ്ണൂര്‍: ഷുഹൈബിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായവര്‍ ഡമ്മി പ്രതികളല്ലെന്ന് സ്ഥാപിക്കാന്‍ പുതിയ നീക്കം. അറസ്റ്റിലായ ആകാശ് തില്ലങ്കേരിയുടെ മൊഴിയെന്ന തരത്തില്‍ പുറത്തു വിട്ട കാര്യങ്ങളാണ് സംശയമുണര്‍ത്തുന്നത്. പരോളില്‍ പുറത്തിറങ്ങിയ സിപിഎം ക്രിമിനലുകള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന ആരോപണമുയര്‍ന്നപ്പോള്‍ പാര്‍ട്ടി ഒരുക്കിയ തന്ത്രമാണ് ആകാശ്, റിജില്‍ എന്നിവരുടെ കീഴടങ്ങലെന്നു സൂചനയുണ്ടായിരുന്നു. 

കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് പ്രാദേശിക ഡിവൈഎഫ്‌ഐ നേതൃത്വമാണെന്ന് ആകാശ് പോലീസിന് മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഭരണമുണ്ടെന്നും പാര്‍ട്ടി സഹായിക്കുമെന്നും നേതൃത്വം പറഞ്ഞു. ഡമ്മി പ്രതികളെ ഏര്‍പ്പാടാക്കാമെന്ന് ഉറപ്പു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകം നടത്തിയത്. പ്രതികളെ നല്‍കിയാല്‍ പോലീസ് കൂടുതല്‍ അന്വേഷിക്കില്ലെന്നും അക്കാര്യം പാര്‍ട്ടി നോക്കിക്കൊള്ളുമെന്നും ക്വട്ടേഷന്‍ നല്‍കിയവര്‍ പറഞ്ഞിരുന്നുവെന്നും ആകാശ് പോലീസിന് മൊഴി നല്‍കിയതായി അറിയുന്നു. ഷുഹൈബിനെ മര്‍ദ്ദിച്ചാല്‍ പോരേയെന്ന് ചോദിച്ചപ്പോള്‍ കാല്‍ വെട്ടണമെന്ന് അവര്‍ നിര്‍ബന്ധിച്ചതായും ആകാശ് മൊഴിയിലുണ്ട്. 

കൊലയ്ക്കു ശേഷം താനും റിജിലും നാട്ടിലേക്ക് തന്നെ പോയി. മരണം ഉറപ്പായപ്പോഴാണ് ഒളിവില്‍ പോയത് സംഭവത്തിന് ശേഷം രണ്ടു വണ്ടിയിലാണ് പോയത്. കൂട്ടത്തിലുള്ള ഒരാളാണ് ആയുധങ്ങള്‍ കൊണ്ടുപോയത്. അത് എങ്ങോട്ടാണെന്ന് അറിയില്ല. എല്ലാവരും വീട്ടിലേക്കാണെന്ന് പറഞ്ഞാണ് പോയത്, എന്നിങ്ങനെയാണ് ആകാശിന്റെ മൊഴിയായി പുറത്തു വരുന്നത്. ആകാശിനെപ്പോലെ ആകാശിന്റെ മൊഴിയും ഡമ്മിയാണെന്നാണ് സംശയമുയരുന്നത്. 

ആകാശ് ഡമ്മി പ്രതിയാണെന്ന ആരോപണത്തിന് തടയിടാന്‍ പോലീസിന് ആകാശ് നല്‍കിയ മൊഴിയെന്ന രൂപത്തില്‍ സിപിഎം നേതൃത്വം വാര്‍ത്ത പുറത്തുവിട്ടതാണെന്ന സംശയമാണ് ശക്തമാവുന്നത്. കൊലയാളി സംഘത്തില്‍ ആകാശ് ഇല്ലെന്ന് ഷുഹൈബിനൊപ്പം വെട്ടേറ്റ നൗഷാദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രാദേശിക നേതൃത്വം നടത്തിയ കൊലയാണിതെന്നും മറ്റാര്‍ക്കും പങ്കില്ലെന്നും വരുത്തിത്തീര്‍ക്കാനുള്ള നീക്കമാണ് ആകാശിന്റെ മൊഴി എന്നാണ് കരുതുന്നത്. 

ആകാശ് പാർട്ടിക്കാരനാണെന്നും പാർട്ടി അന്വേഷിക്കണമെന്നും പി.ജയരാജൻ

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയുടെ സിപിഎം ബന്ധം സമ്മതിച്ച് പാര്‍ട്ടി ജില്ലാ സെക്രട്ടറി പി.ജയരാജന്‍. ആകാശ് പാര്‍ട്ടി അംഗം തന്നെയാണ്. ആകാശ് പാര്‍ട്ടി ബ്രാഞ്ച് കമ്മിറ്റി അംഗമാണല്ലോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ജയരാജന്‍ ഇക്കാര്യം വിശദമാക്കിയത്. 

എന്നാല്‍ ആകാശ് പ്രതിയാണെന്ന് പറയാന്‍ ജയരാജന്‍ തയ്യാറായില്ല. പോലീസ് അന്വേഷണത്തിന്റെ ഭാഗമായി പിടികൂടിയതാണ്. വധത്തില്‍ ആകാശിന് പങ്കുണ്ടോയെന്ന് പാര്‍ട്ടി അന്വേഷിക്കുകയാണ്. പാര്‍ട്ടി അന്വേഷണത്തിന് ശേഷം നടപടിയുണ്ടാകും, ജയരാജന്‍ വ്യക്തമാക്കി.കണ്ണൂര്‍ കലക്ടറേറ്റില്‍ നടന്ന സമാധാനയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ജയരാജന്‍. 

 കണ്ണൂര്‍ ജില്ലാ കളക്ടറേറ്റിന് മുന്നില്‍ കോണ്‍ഗ്രസ് നടത്തുന്ന സമര നാടകം തുടരാന്‍ വേണ്ടിയാണ് സമാധാന യോഗം ബഹിഷ്‌കരിച്ചു കൊണ്ട് യുഡിഎഫ് നാടകം കളിച്ചതെന്ന് ജയരാജന്‍ ആരോപിച്ചു. 

അറസ്റ്റിലായ ആകാശ് തില്ലങ്കേരിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചകളില്‍ അടക്കം സിപിഎം നേതാക്കള്‍ വാദിച്ചിരുന്നത്. ഇതിനെ തള്ളിക്കൊണ്ടാണ് ഇപ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറി തന്നെ രംഗത്ത് വന്നിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.