കാർഷിക വായ്പ തട്ടിപ്പ്; പരാതിക്കാരെ സ്വാധീനിക്കാൻ ശ്രമം

Thursday 22 February 2018 2:45 am IST

ആലപ്പുഴ: കുട്ടനാട്ടില്‍ കാര്‍ഷിക വായ്പയുടെ മറവില്‍ കോടികളുടെ തട്ടിപ്പ് നടന്ന സംഭവത്തില്‍ പരാതിക്കാരെ സ്വാധീനിക്കാന്‍ കുട്ടനാട് വികസന സമിതി പ്രതിനിധികള്‍ ശ്രമം തുടങ്ങി. 250 ഓളം പേര്‍ക്കാണ് നിലവില്‍ ജപ്തി നോട്ടീസ് ലഭിച്ചത്. തട്ടിപ്പിനിരയായെന്ന് കാട്ടി പോലീസിലും മാധ്യമങ്ങള്‍ മുമ്പാകെയും പരാതിയുമായി എത്തിയവരെയാണ് സ്വാധീനിക്കാന്‍ നീക്കം തുടങ്ങിയത്.

ജപ്തി നോട്ടീസ് ലഭിച്ചവരുടെ വായ്പ കുടിശ്ശിക കുട്ടനാട് വികസന സമിതി അടച്ചുതീര്‍ത്ത് തുടങ്ങിയതായും വിവരമുണ്ട്. കനറാ ബാങ്ക് അധികൃതര്‍ക്കും എങ്ങിനെയെങ്കിലും വായ്പ തുക മടക്കി ലഭിച്ചാല്‍ മതിയെന്ന നിലപാടാണുള്ളത്. ഫാ. തോമസ് പീലിയാനിക്കല്‍ ഡയറക്ടറായ കുട്ടനാട് വികസനസമിതിയില്‍ അഫിലിയേറ്റ് ചെയ്ത കര്‍ഷക സ്വയംസഹായ സംഘങ്ങളാണ് കര്‍ഷകര്‍ അറിയാതെ കള്ള ഒപ്പിട്ട് വായ്പയെടുത്ത് തട്ടിപ്പ് നടത്തിയത്. 

കനറ ബാങ്കിന്റെ ആലപ്പുഴ ബോട്ട്‌ജെട്ടി ശാഖയില്‍ മാത്രം കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടന്നത്. കുട്ടനാട് വികസന സമിതിയുടെയും ഫാ. പീലിയാനിക്കലിന്റെയും ഉറപ്പിലാണ് ബാങ്ക് രേഖകള്‍ പോലും ഇല്ലാതെ കര്‍ഷകഗ്രൂപ്പുകള്‍ക്ക് വായ്പ നല്‍കിയത്. നാലു ശതമാനം മാത്രം പലിശയുള്ള കാര്‍ഷിക വായ്പ വര്‍ഷങ്ങളായി കര്‍ഷകര്‍ പോലും അല്ലാത്തവര്‍ക്ക് ലഭിക്കുന്നു എന്നത് ബാങ്കിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയാണ്. 

തട്ടിപ്പിന് കളമൊരുക്കിയതാകട്ടെ കുട്ടനാട് വികസന സമിതിയും. കൂടാതെ കര്‍ഷിക വായ്പകള്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിക്കുന്ന സബ്‌സിഡി ആനുകൂല്യവും ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയവര്‍ക്ക് ലഭിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ നാലു ശതമാനവും, സംസ്ഥാന സര്‍ക്കാര്‍ മൂന്നു ശതമാനവുമാണ് സബ്‌സിഡി അനുവദിക്കുന്നത്. നബാര്‍ഡിന്റെ അടക്കം സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കുട്ടനാട് വികസന സമിതിയുടെ കീഴില്‍ അഞ്ഞൂറിലേറെ കര്‍ഷക സ്വാശ്രയ സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. 

കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി പാട്ടകര്‍ഷകരുടെ സ്വാശ്രയ സംഘങ്ങള്‍ക്ക് ഫാ. പീലിയാനിക്കലിന്റെ ശുപാര്‍ശയില്‍ ബാങ്കുകള്‍ കാര്‍ഷിക വായ്പ നല്‍കുന്നുണ്ട്. പലതവണ കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുകയും ചെയ്തു. ഇതിന്റെ നേട്ടവും പ്രധാനമായും ലഭിച്ചത് തട്ടിപ്പുകാര്‍ക്കാണ്. സംഭവം ഇത്രയും വിവാദമായിട്ടും രാഷ്ട്രീയപാര്‍ട്ടികള്‍ മൗനം പാലിക്കുന്നതിലും ദുരൂഹതയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.