പേരൂര്‍ക്കട തുരുത്തുംമൂല വാര്‍ഡുകള്‍ രൂക്ഷമായ ജലദൗര്‍ലഭ്യത്തിലേക്ക്

Friday 23 February 2018 2:00 am IST

 

പേരൂര്‍ക്കട: മഴക്കാലം എത്തുമ്പോള്‍ വെള്ളപ്പൊക്കവും ആള്‍നാശവും... വേനല്‍ക്കാലമെത്തിയാല്‍ വറ്റിവരണ്ട ജലസംഭരണികളും വിധിയെ പഴിക്കുന്ന ഭരണകൂടവും ... വര്‍ഷങ്ങളായി തലസ്ഥാനജില്ലയുടെ അവസ്ഥ ഇതാണ്. മഴക്കാലത്ത് ലഭിക്കുന്ന ജലം ജലസംഭരണികളില്‍ കാര്യക്ഷമമായി ശേഖരിക്കാന്‍ നമുക്കു കഴിയാത്തതാണ് കുടിവെള്ളപ്രശ്നത്തിന്റെ പ്രധാനഹേതു. ജില്ലയില്‍ നിരവധി ജലസംഭരണികള്‍ ഉണ്ടെങ്കിലും കാലാകാലങ്ങളിലുള്ള അറ്റകുറ്റപ്പണി നടക്കുന്നില്ല. അതുകൊണ്ടുതന്നെ വെള്ളത്തിന്റെ ഉള്ള് അളവു കുറയുന്നു. അരുവിക്കര ജലസംഭരണിയുടെ അവസ്ഥയും ഒട്ടും ഭിന്നമല്ല. അരുവിക്കരയില്‍ നിന്നുവരുന്ന ജലത്തിന്റെ അളവില്‍ കുറവൊന്നുമില്ലെങ്കിലും പേരൂര്‍ക്കട ഭാഗത്തേക്ക് എത്തുമ്പോള്‍ പലവഴിക്ക് നഷ്ടമാകുന്നു.

കാരണങ്ങള്‍ പലതാണ്. പൈപ്പുകളില്‍ ആലം കയറി അടയുന്നത്, ചെറുതും വലുതുമായ പൈപ്പുപൊട്ടലുകള്‍ (മിക്കതും മണ്ണിനടിയിലായതിനാല്‍ ആരും അറിയുന്നില്ല), ജലഉപഭോഗത്തിന്റെ ആധിക്യം എന്നിവ ചിലതുമാത്രം. പേരൂര്‍ക്കട ജലസംഭരണിയില്‍ ആവശ്യമായ അളവില്‍ ജലം എത്താത്തതിനാല്‍ ഇവിടെനിന്ന് ജലം സ്വതന്ത്രമായി ഇറങ്ങി മറ്റുസ്ഥലങ്ങളിലേക്ക് എത്തുന്നില്ല. അതിനാല്‍ പേരൂര്‍ക്കട, തുരുത്തുമ്മൂല വാര്‍ഡുകളിലും കുടപ്പനക്കുന്ന് സോണിന്റെ കുറേഭാഗങ്ങളിലും ഇപ്പോഴും പകല്‍സമയങ്ങളില്‍ വെള്ളമില്ല. കുടിവെള്ളമില്ലെങ്കില്‍ സമരവുമായി രംഗത്തിറങ്ങുക മാത്രമേ ജനങ്ങളുടെ മുന്നില്‍ വഴിയുള്ളൂ. അല്ലെങ്കില്‍ പരാതിയുമായി കയറിയിറങ്ങുക. ഉത്തരം നല്‍കേണ്ട വാട്ടര്‍അതോറിറ്റി യുടെ വിശദീകരണമാണ് ഏറെ രസകരം-ജനങ്ങള്‍ക്ക് കുടിവെള്ളം കൊടുക്കാതിരിക്കാന്‍ തങ്ങള്‍ ഒന്നും കൃത്രിമമായി ചെയ്യുന്നില്ല. അരുവിക്കരയില്‍ നിന്ന് എത്തുന്ന വെള്ളത്തിനനുസരിച്ച് വിതരണവും ഉണ്ട്. സമരം ചെയ്താലും അസഭ്യം പറഞ്ഞാലും ചെയ്യാനാകുന്ന പരിധിക്കപ്പുറം എന്താണ് കഴിയുക ?

സര്‍ക്കാരും വാട്ടര്‍അതോറിറ്റിയുടെ ഉന്നതതലങ്ങളിലെ ഉദ്യോഗസ്ഥരുമാണ് നടപടിയെടുക്കേണ്ടത്. വാട്ടര്‍അതോറിറ്റിയുടെ വെള്ളയമ്പലം കേന്ദ്രത്തില്‍ ഏകോപനം ഇല്ലാത്തതാണ് പ്രശ്നകാരണം. കൃത്യമായി മീറ്റിംഗുകള്‍ വിളിച്ചുകൂട്ടുക, വാര്‍ഷിക അറ്റകുറ്റപ്പണിക്ക് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുക, പ്രശ്നബാധിത പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിക്കുക... ഇതൊന്നും ഇവിടെ നടക്കുന്നില്ല. വരുന്ന മൂന്നുമാസക്കാലം (മാര്‍ച്ച്, ഏപ്രില്‍, മെയ്) ജില്ല രൂക്ഷമായ ജലക്ഷാമത്തിന്റെ പിടിയിലമരും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.