പൈപ്പ് പൊട്ടി റോഡ് ഒലിച്ച് പോയി അമ്പലപ്പുഴ - തിരുവല്ല പാതയില്‍ ഗതാഗതം മുടങ്ങി

Friday 23 February 2018 1:49 am IST


എടത്വ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ്ലൈന്‍ പൊട്ടിയതിനെ തുടര്‍ന്ന് നിര്‍മ്മാണത്തിലിരുന്ന അമ്പലപ്പുഴ-തിരുവല്ലാ സംസ്ഥാന പാതയുടെ ഒരു ഭാഗം ടാറിങ്ങ് ഉള്‍പ്പടെ ഒലിച്ചുപോയി. മണിക്കൂറുകള്‍ ഗതാഗതം നിലച്ചു.
  ഇരുചക്ര വാഹനങ്ങള്‍ മാത്രമാണ് പോലീസ് കടത്തി വിട്ടത്. പിന്നീട് പമ്പിങ് നിര്‍ത്തിവെച്ച് കുഴിയുണ്ടായ ഭാഗം ഗ്രാവല്‍ ഉപയോഗിച്ച് നികത്തിയാണ് ഗതാഗതം താല്‍ക്കാലികമായി പുനഃസ്ഥാപിച്ചത്.
  തകഴി കേളമംഗലം 1035-ാം നമ്പര്‍ ഗുരുമന്ദിരത്തിന് മുന്നിലുള്ള പൈപ്പാണ് പൊട്ടിയത്. റോഡിന്റെ പകുതി ഭാഗത്തോളം ഒലിച്ച് പോയി. ഗുരുമന്ദിരവും സമീപത്തുള്ള ഫര്‍ണിച്ചര്‍ കടയിലും വെള്ളം കയറി.
  നാട്ടുകാര്‍ ജലഅതോറിറ്റി ഓഫീസില്‍ വിവരമറിയിച്ചതോടെ പമ്പിങ് നിര്‍ത്തിവെച്ചു. ഇന്നലെ രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. 
മൂന്ന് ദിവസം മുമ്പായിരുന്നു ഇവിടെ ഒന്നാം ഘട്ട ടാറിങ് നടത്തിയത്. പൈപ്പ്ലൈനില്‍ നേരിയ തോതില്‍ ചോര്‍ച്ച അനുഭവപ്പെട്ടെങ്കിലും മിനിട്ടുകള്‍ക്കുള്ളില്‍ ജലപ്രവാഹം വര്‍ദ്ധിക്കുകയായിരുന്നു.
  പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് വെള്ളത്തിന്റെ കുത്തൊഴുക്കില്‍ സമീപത്തായിട്ടുള്ള കേളമംഗലം കുണ്ടത്തില്‍ വരമ്പിനകം തെക്ക് പാടശേഖരത്തെ മോട്ടര്‍ തറയിലേക്ക് വെള്ളവും മണ്ണും കയറിയതിനെ തുടര്‍ന്ന് മോട്ടോറിന്റെ പ്രവര്‍ത്തനവും നിര്‍ത്തി വച്ചു.
  റോഡ് പുനര്‍നിര്‍മ്മാണത്തിന് പൈപ്പുകള്‍ പൊട്ടുന്നത് ഭീഷണിയായിരിക്കുകയാണ്. നിലവാരമില്ലാത്ത പൈപ്പുകള്‍ ഉപയോഗിച്ചതാണ് കാരണമെന്നാണ് ആക്ഷേപം ഉയരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.