വീട്ടമ്മയെ തലയ്ക്കടിച്ച് സ്വര്‍ണം കവര്‍ന്നു

Friday 23 February 2018 2:00 am IST

 

നെടുമങ്ങാട്: വീട്ടമ്മയെ തലയ്ക്കടിച്ചു വീഴ്ത്തി മൂന്നുപവന്‍ വരുന്ന സ്വര്‍ണ താലിമാലയടക്കം വീട്ടിലുണ്ടായിരുന്ന പണവും  ആഭരണങ്ങളും കവര്‍ന്നു. നെടുമങ്ങാട്  ഉളിയൂര്‍ അനിഴത്തില്‍ മിനി (26)യെയാണ് ബുധനാഴ്ച രാത്രി എട്ടുമണിയോടെ തലയ്ക്കടിച്ചു വീഴ്ത്തി സ്വര്‍ണമാലയും പണവും കവര്‍ന്നത്.

പോലീസ് പറയുന്നത് ഇങ്ങനെ. ഗള്‍ഫില്‍ നിന്ന് വ്യാഴാഴ്ച്ച പുലര്‍ച്ചെ  നാട്ടില്‍വരുന്ന  മിനിയുടെ  ഭര്‍ത്താവ്  വിമലിനെ  വിമാനത്താവളത്തില്‍ പോയി വിളിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു വീട്ടുകാര്‍. മിനിയുടെ വീടിനു സമീപമാണ് അച്ഛനും അമ്മയും  താമസിക്കുന്നത്. മിനിയുടെ രണ്ടു മക്കളും ഈ വീട്ടിലായിരുന്നു. ഇവര്‍ രാത്രി മിനിയുടെ വീട്ടില്‍ വിമാനത്താവളത്തില്‍ പോകാനായി എത്തിയപ്പോള്‍ തലയ്ക്കടിയേറ്റ് അബോധാവസ്ഥയില്‍ കിടപ്പുമുറിക്ക് ചേര്‍ന്നുള്ള ഇടനാഴിയില്‍ മിനി കിടക്കുന്നതാണ് കണ്ടത്. മിനിയുടെ കഴുത്തില്‍ ഷാളും മുറുക്കി കെട്ടിയ  നിലയിലായിരുന്നു.

ഉടന്‍  വീട്ടുകാര്‍ മിനിയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും മാറ്റി. ബോധം വന്നപ്പോഴാണ് ആരോ തന്റെ തലയ്ക്കടിച്ച്  വീഴ്ത്തിയ വിവരം മിനി പറയുന്നത്. വീട്ടില്‍ പാത്രം കഴുകി കൊണ്ടു നില്‍ക്കുമ്പോള്‍ മുറിയുടെ ഭാഗത്തെ ലൈറ്റ് അണഞ്ഞത് ശ്രദ്ധയില്‍പ്പെട്ടു. ഈ ഭാഗത്തേക്ക് എത്തിയപ്പോഴായിരുന്നു തലയ്ക്ക് അടിയേറ്റതെന്ന് മിനി മൊഴി നല്‍കി. കഴുത്തില്‍  അണിഞ്ഞിരുന്ന  താലിമാലയും  അലമാരയില്‍  സൂക്ഷിച്ചിരുന്ന  ഏഴായിരം രൂപയും മറ്റാഭരണങ്ങളും മോഷണം പോയി.

പണയത്തിലിരുന്ന ആഭരണങ്ങള്‍ കഴിഞ്ഞ ദിവസമാണ് മിനി തിരിച്ചെടുത്തത്. വീട്ടില്‍ നിന്ന് വേറെ എന്തൊക്കെ മോഷണം പോയിട്ടുണ്ടെന്ന്  വ്യക്തമല്ല. പോലീസ് എത്തി വിവരങ്ങള്‍ ശേഖരിച്ച് കേസെടുത്തു. ഇന്നലെ വിരലടയാള വിദഗ്ധരും ഡോഗ്‌സ്‌ക്വാഡും തെളിവ് ശേഖരിക്കാനായി എത്തിയിരുന്നു. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന മിനിയെ ഇന്നലെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.