ഷുഹൈബ് വധം: മറുപടി പറയാനാവാതെ സിപിഎം നേതൃത്വം വെട്ടില്‍

Thursday 22 February 2018 8:47 pm IST

 

കണ്ണൂര്‍: ഷുഹൈബ് വധത്തില്‍ പ്രതിരോധത്തിലായ സിപിഎം നേതൃത്വം മറുപടി പറയാനാവാതെ ഉഴലുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരും പാര്‍ട്ടി അംഗങ്ങളുമായ പ്രതികളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി മുഖം രക്ഷിക്കാന്‍ നീക്കം. പ്രതികളായ രണ്ട് പേരേയും പുറത്താക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയതായി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. പാര്‍ട്ടി സമ്മേളനത്തിനു ശേഷമാകും പ്രതികള്‍ക്കെതിരെ നടപടിയെന്നാണ് സൂചന. പാര്‍ട്ടിയെ ഇത്രയധികം വിവാദത്തിലേക്ക് വലിച്ചിഴച്ച സംഭവത്തില്‍ പാര്‍ട്ടിക്കകത്തെ ന്യൂനപക്ഷ വിഭാഗങ്ങളടക്കം കടുത്ത അതൃപ്തിയിലാണ്. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട യുവാവിനെ അകാരണമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന സംഭവം സിപിഎം സംസ്ഥാന സമ്മേളനത്തിനു പോലും മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്.

പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്നും കേസിലെ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ സഹായത്തോടെ നീക്കങ്ങള്‍ നടത്തുകയാണെന്നും ഓരോ ദിവസവും കേസുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന സംഭവങ്ങള്‍ കാണിക്കുകയാണ്.

ഫെബ്രുവരി 12ന് രാത്രിയിലാണ് എടയന്നൂരില്‍വെച്ച് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആകാശ്, റിജിന്‍ രാജ് എന്നിവരെ പോലീസ് പിടികൂടിയിരുന്നു. പ്രതികള്‍ ഡമ്മി പ്രതികളാണെന്ന ആരോപണം ഇപ്പോഴും നിലനില്‍ക്കുകയാണ്. മാത്രമല്ല ജയിലില്‍ നിന്നും പരോളിലിറങ്ങിയ സിപിഎമ്മുകാരായ പ്രതികളാണ് കൃത്യത്തിന് പിന്നിലെന്ന ആരോപണങ്ങള്‍ക്ക് ബലം നല്‍കുന്ന രീതിയിലാണ് കേസില്‍ പിടിയിലായ പ്രതികളില്‍ നിന്നും പ്രതികളുടെ ബന്ധുക്കളില്‍ നിന്നും പോലീസില്‍ നിന്നും സിപിഎം നേതൃത്വത്തില്‍ നിന്നും ദിനംപ്രതി പുറത്തു വന്നുകൊണ്ടിരിക്കുന്ന പരസ്പര വിരുദ്ധമായ വെളിപ്പെടുത്തലുകള്‍. 

പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നുവെങ്കിലും സിപിഎമ്മുകാരായ ഇവരെ രക്ഷപ്പെടുത്താനും കേസിലെ ഗൂഢാലോചനയടക്കം മറച്ചുവെക്കാനുമുളള നീക്കങ്ങളാണ് പലമേഖലകളില്‍ നിന്നും നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സമാധാനയോഗം കോണ്‍ഗ്രസ് സിപിഎം നേതാക്കള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചിരുന്നു. കോണ്‍ഗ്രസ് രാഷ്ട്രീയ നേട്ടത്തിനായി കൊലപാതകത്തെ ഉപയോഗപ്പെടുത്തുന്നുവെന്ന ആരോപണം നിലനില്‍ക്കുമ്പോഴും കൊലപാതകത്തില്‍ പാര്‍ട്ടിയുടെമേല്‍ വന്നുപെട്ടിരിക്കുന്ന കുരുക്കില്‍നിന്നും രക്ഷപ്പെടാന്‍ സാധിക്കാതെ സിപിഎമ്മിനെ അനുദിനം ഊരാക്കുടുക്കിലേക്ക് വലിച്ചിഴച്ചു കൊണ്ടിരിക്കുകയാണ്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.