വധശ്രമം : പ്രതികളെ പിടികൂടാതെ പോലീസ് പരിക്കേറ്റ ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹും കുടുംബവും ഇന്ന് കതിരൂര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ ഉപവസിക്കും

Thursday 22 February 2018 8:50 pm IST

 

കണ്ണൂര്‍: വധശ്രമക്കേസില്‍ പ്രതികളായ സിപിഎമ്മുകാരായ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹും കുടുംബവും ഇന്ന് കതിരൂര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ ഉപവസിക്കുമെന്ന് ബിജെപി സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ചിത്ത്, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

സിപിഎം അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ആര്‍എസ്എസ് കതിരൂര്‍ മണ്ഡല്‍ കാര്യവാഹ് പ്രവീണും കുടുംബവുമാണ് ഇന്ന് രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണിവരെ ഉപവസിക്കുന്നത്. ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങവേ പ്രവീണിനെ തടഞ്ഞുനിര്‍ത്തി കൈയും കാലും വെട്ടി കൊല്ലാക്കൊല ചെയ്യുകയായിരുന്നു. എന്നാല്‍ കേസില്‍ ഒരു പ്രതിയെ മാത്രമാണ് ഇതുവരെ അറസ്റ്റു ചെയ്തത്. മറ്റ് പ്രതികള്‍ കതിരൂര്‍ പോലീസിന്റെ മൂക്കിനു താഴെ സൈ്വര്യവിഹാരം നടത്തുകയാണ്. കൊല്ലപ്പെട്ടാല്‍ മാത്രം അന്വേഷണം എന്ന രീതിയില്‍ കണ്ണൂരിലെ പോലീസ് മാറിയിരിക്കുകയാണ്. കൊല്ലാകൊല അന്വേഷിക്കുന്നില്ല. ഗൂഢാലോചനയുള്‍പ്പെടെ പോലീസ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി. സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയുടെ ചട്ടുകമായാണ് ജില്ലയിലെ പല പോലീസ് സ്റ്റേഷനുകളിലെയും പോലീസുകാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. 

 ചുവപ്പ് ഭീകരതയെപ്പറ്റി ആദ്യമായി പറഞ്ഞത് ബിജെപിയാണ്. ഇപ്പോള്‍ അത് പലരും തിരിച്ചറിഞ്ഞിരിക്കുന്നു. നേരത്തെ രംഗത്തുവന്നിരുന്നെങ്കില്‍ ഷുഹൈബുമാരുണ്ടാകുമായിരുന്നില്ലെന്ന് സത്യപ്രകാശ് പറഞ്ഞു. കതിരൂര്‍ പോലീസ് സ്റ്റേഷന്‍ സിപിഎമ്മിന്റെ ഓഫീസായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. നായനാര്‍ റോഡില്‍ മറ്റു പാര്‍ട്ടിക്കാരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പോലീസ്. മട്ടന്നൂര്‍ പോലീസ് സ്റ്റേഷന്‍ കക്കയം ക്യാമ്പ് പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു. പോലീസ് സിപിഎമ്മിനുവേണ്ടി വ്യാപകമായി വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുകയാണ്. കണ്ണവത്തെ എബിവിപി പ്രവര്‍ത്തകന്‍ ശ്യാംപ്രസാദിന്റെ കൊലപാതകത്തില്‍ പങ്കെടുത്തവരാരും ശ്യാംപ്രസാദിനെ നേരിട്ട് അറിയുന്നവരല്ല. കാട്ടിക്കൊടുത്തവര്‍, ഗൂഢാലോചന നടത്തിയവര്‍ എന്നിങ്ങനെ അന്വേഷിക്കാനുണ്ട്. എന്നാല്‍ പോലീസ് ഇതൊന്നും പരിഗണിക്കുന്നില്ലെന്ന് നേതാക്കള്‍ പറഞ്ഞു. 

കതിരൂര്‍ പോലീസ് സ്‌റ്റേഷനു മുന്നില്‍ നടത്തുന്ന സമരം സൂചന മാത്രമാണെന്നും പരിഹാരമുണ്ടായില്ലെങ്കില്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് സമരം വ്യാപിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.