വെള്ളറ പണിയ കോളനിയില്‍ പട്ടയം അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു

Thursday 22 February 2018 8:51 pm IST

 

പേരാവൂര്‍: പൂളക്കുറ്റി വെള്ളറ പണിയകോളനിയിലെ ആദിവസികള്‍ക്ക് പട്ടയം അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 

കണിച്ചാര്‍ വില്ലേജിലെ പൂളക്കുറ്റി വെള്ളറ നടയില്‍ പുരുഷു വക സര്‍വ്വേ നമ്പര്‍ 15/39 നമ്പര്‍ ഭൂമിയില്‍ കാല്‍ നൂറ്റാണ്ടിയേറെയായി താമസിക്കുന്ന പണിയ വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് പട്ടയം ലഭിക്കാത്തത്. പട്ടയത്തിനു വേണ്ടിയും വീട്, കക്കൂസ്, റോഡ്, പാലം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി മുന്നണി നിവാസികള്‍ വര്‍ഷങ്ങളായി ബന്ധപ്പെട്ടവര്‍ക്ക് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. തെരഞ്ഞെടുപ്പ് വേളയില്‍ പട്ടയ വാഗ്ദാനങ്ങളുമായി ഇടത്-വലത് മുന്നണികളിലെ പ്രമുഖര്‍ എത്താറുണ്ടെങ്കിലും പിന്നീട് ഇവരൊന്നും തിരിഞ്ഞുനോക്കാറില്ലെന്നാണ് ഇവരുടെ പരാതി. 

ഈ ആവശ്യമുന്നയിച്ച് 2016 ജനുവരി 10 മുതല്‍ 29 വരെ കോളനി നിവാസികള്‍ നിരാഹാരസമരം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് കോളനിയിലെ ഏതാനും പേര്‍ക്ക് പട്ടയം ലഭ്യമാക്കിയിരുന്നുവെങ്കിലും ഭൂരിപക്ഷം പേര്‍ക്കും ഇത് ലഭിച്ചിട്ടില്ല. വാസയോഗ്യമായ വീടോ ഗതാഗതയോഗ്യമായ റോഡോ ഈ കോളനിക്കാര്‍ക്ക് ലഭിച്ചിട്ടില്ല. സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം മുഴുവന്‍ കോളനികളിലും കക്കൂസുകള്‍ നിര്‍മ്മിച്ച് നല്‍കുന്നുണ്ടെങ്കിലും അതും ഇവിടത്തുകാര്‍ക്ക് ലഭ്യമായിട്ടില്ല. തങ്ങള്‍ക്കും അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് 26 ന് കലക്ടറേറ്റ് ധര്‍ണ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് കോളനി നിവാസികള്‍. കൈവശക്കാരായ മുഴുവന്‍ ആദിവാസികള്‍ക്കും പട്ടയം അനുവദിക്കുക, പുറമേ നിന്നുള്ള ആളുകള്‍ കോളനിയിലെത്തി ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കുക, കോളനി നിവാസികളെ ഭീഷണിപ്പെടുത്തുന്ന ഉദ്യോഗസ്ഥ നടപടി അവസാനിപ്പിക്കുക, ആദിവാസികളുടെ കൈവശമുള്ള കൃഷിഭൂമിയിലെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ലേലം നല്‍കാനുള്ള വില്ലേജ് അധികാരികളുടെ നടപടി അവസാനിപ്പിക്കുക, എല്ലാ കുടുംബങ്ങള്‍ക്കും വീട്, കക്കൂസ്, കോളനിയിലേക്ക് റോഡ്, പാലം എന്നിവ അനുവദിക്കുക, പോഷകാഹാരവും തൊഴിലും ലഭിക്കാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കോളനി നിവാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങിയിട്ടുള്ളത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.