ചൊവ്വ ശിവക്ഷേത്രത്തിനെതിരെ വ്യാജ പ്രചാരണം നടത്തുന്നതായി പരാതി

Thursday 22 February 2018 8:51 pm IST

 

കണ്ണൂര്‍: ചൊവ്വ മഹാശിവക്ഷേത്രത്തിനെതിരെ ചിലര്‍ വ്യാജ പ്രചാരണം നടത്തുന്നതായി  ക്ഷേത്രഭാരവാഹികള്‍ ആരോപിച്ചു. വ്യാജ സംഘടനയില്‍പ്പെട്ടവരാണ് ക്ഷേത്ര പുനരുദ്ധാരണ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി കഴിഞ്ഞദിവസം പത്രസമ്മേളനം നടത്തിയത്. ഭക്തജനക്കൂട്ടായ്മ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നത് അയ്യപ്പ ഭക്തസംഘം എന്ന വ്യാജന്‍മാരാണ്. 

1997 ല്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് മുതല്‍ ക്ഷേത്രകമ്മറ്റിക്കും ദേവസ്വത്തിനും എതിരെ ദേവസ്വം കമ്മീഷണര്‍, മുന്‍സിഫ് കോടതി മുതല്‍ ഹൈക്കോടതി വരെ രണ്ട് ഡസനിലേറെ കേസുകള്‍ ഈ സംഘം നല്‍കുകയും ഇവയിലെല്ലാം ദയനീയ പരാജയം നേരിടുകയും ചെയ്തിരുന്നു. വര്‍ഷങ്ങളായി റസീറ്റുകളില്ലാതെ പണപ്പിരിവ് നടത്തിയത് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കണ്ടെത്തി താക്കീത് ചെയ്തിട്ടുണ്ട്. ഈ സംഘത്തെ ദേവസ്വം കമ്മീഷണര്‍ ശാസിക്കുകയും ചെയ്തിരുന്നു. 

2017 ഡിസംബറില്‍ 26 ദിവസം നീണ്ടുനിന്ന ശിവമഹായജ്ഞം ക്ഷേത്രം തന്ത്രിയുടെ ആവശ്യപ്രകാരം ദേവസ്വത്തില്‍ നിന്നും അനുമതി വാങ്ങിയാണ് നടത്തിയത്. കോടി അര്‍ച്ചനയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് വകുപ്പ് മന്ത്രിയാണ്. ചടങ്ങില്‍ അധ്യക്ഷത വഹിച്ചത് അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടുമാണ്. എന്നിട്ടും കോടി അര്‍ച്ചന നടത്തുവാന്‍ ദേവസ്വം അനുവാദമുണ്ടായിരുന്നില്ലെന്നുള്ള പ്രചാരണം വ്യാജമാണ്. ഇതുവഴി 21 ലക്ഷം രൂപയോളം മെച്ചം വെക്കുവാന്‍ കഴിയുകയും ദേവസ്വം കൗണ്ടറില്‍ 15 ലക്ഷം രൂപയുടെ അധിക വരുമാനം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

ഭക്തജനക്കൂട്ടായ്മ എന്ന പേരിലുള്ള സംഘടന ഹൈക്കോടയില്‍ നല്‍കിയിട്ടുള്ള പരാതിയുടെ സമാനമായ പരാതിയാണ് ജില്ലാ വിജിലന്‍സ് കോടതിയിലും കൊടുത്തിട്ടുള്ളത്. ഇതിന്‍മേല്‍ അന്വേഷണം നടത്തിയ വിജിലന്‍സ് സംഘത്തിന് ക്രമക്കേടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ പരാതി തള്ളുകയായിരുന്നു. നിലവിലെ കമ്മറ്റിയുടെ കാലാവധി 2017 ജനുവരി 8ന് അവസാനിച്ചെങ്കിലും യഥസമയത്ത് ദീര്‍ഘിപ്പിക്കുവാനുള്ള അപേക്ഷ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിരുന്നു. 1997 ല്‍ ദേവസ്വം ബോര്‍ഡിന് നല്‍കിയ ലിസ്റ്റ് പ്രകാരം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും ചില കാര്യങ്ങള്‍ ബാക്കിയുണ്ട്. നടപ്പന്തല്‍ നിര്‍മ്മാണം, ഗോപുര നിര്‍മ്മാണം, തീര്‍ത്ഥക്കുള നവീകരണം എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടത്. അതുകൊണ്ടുതന്നെയാണ് നേരത്തെയുള്ള കമ്മറ്റി തുടരുന്നത്. ക്ഷേത്രത്തില്‍ നടക്കുന്ന എല്ലാ പ്രവൃത്തികളും ദൈനംദിന ഭരണവും എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൃത്യമായി പരിശോധിച്ച് വരുന്നുണ്ടെന്നും കണക്കുകള്‍ എല്ലാ വര്‍ഷവും ഓഡിറ്റ് ചെയ്യാറുണ്ടെന്നും പുനരുദ്ധാരണക്കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.