കതിരൂര്‍ ചിത്ര ഗ്രാമമാവുന്നു

Thursday 22 February 2018 8:52 pm IST

 

തലശ്ശേരി: ഇന്ത്യയിലെ ആദ്യത്തെ ഗ്രാമീണ ആര്‍ട്ട് ഗാലറി യാഥാര്‍ത്ഥ്യമാക്കിയ കതിരൂര്‍ ഗ്രാമപഞ്ചായത്ത് ചിത്ര ഗ്രാമമെന്ന ബഹുമതിക്ക് കൂടി അര്‍ഹരാവുകയാണെന്ന് പ്രസിഡന്റ് എം.ഷീജ പത്രസമ്മേളനത്തില്‍ അവകാശപ്പെട്ടു. ഇതിനായുള്ള പ്രവൃത്തികളുടെ രണ്ടാം ഘട്ടമായി പുല്യോട് സി.എച്ച്. നഗറില്‍ സംഘടിപ്പിക്കുന്ന ചതുര്‍ദിന ചിത്രകലാ ക്യാമ്പ് ഇന്ന് രാവിലെ 10ന് ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ ഉത്ഘാടനം ചെയ്യും. 

ദേശവാസികളില്‍ ചിത്ര സംസ്‌കാരവും ചിത്രസാക്ഷരതയും വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് പഞ്ചായത്ത് ഭരണസമിതി നടത്തിവരുന്ന പരിപാടികളിലൂടെ എല്ലാ വീടുകളിലും ചിത്രമെത്തിക്കും. കഴിഞ്ഞവര്‍ഷം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കതിരൂര്‍ പഞ്ചായത്തിലെത്തിയ ഒരു കൂട്ടം ചിത്രകാരന്മാര്‍ ചേര്‍ന്ന് ഗ്രാമത്തിലെ വിവിധ കേന്ദ്രങ്ങളിലെ ചുമരുകളില്‍ വരച്ച ചുമര്‍ചിത്രങ്ങള്‍ പൊതുസമൂഹത്തിലുണ്ടാക്കിയ മികച്ച പ്രതികരണങ്ങളില്‍ നിന്നുള്ള പ്രചോദനമാണ് എല്ലാ വീടുകളിലേക്കും ചിത്രങ്ങളെത്തിക്കാന്‍ പ്രേരിപ്പിച്ചത്. കേരള ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് എല്ലാ വീടുകളിലും ചിത്രങ്ങള്‍ എന്ന സന്ദേശവുമായി ഒരു പഞ്ചായത്ത് മുന്നിട്ടിറങ്ങുന്നതും ഇത്തരം സംരംഭങ്ങള്‍ക്ക് ആദ്യമായാണ് ലളിതകലാ അക്കാദമിയുടെ സഹായം എത്തുന്നതും.

കെ.ശശികുമാറാണ് ഇന്ന് ആരംഭിക്കുന്ന ക്യാമ്പ് നിയന്ത്രിക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.സനല്‍, പ്രശസ്ത ചിത്രകാരനും കതിരൂര്‍ സ്വദേശിയുമായ കെ.എം.ശിവകൃഷ്ണന്‍, ടി.ദീപേഷ്, കെ.ശശികുമാര്‍, വി.കെ.ലഹിജ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.