പയ്യാവൂര്‍ ഊട്ട് മഹോത്സവം: വന്‍ ഭക്തജനത്തിരക്ക് ഇന്ന് നെയ്യഭിഷേകം

Thursday 22 February 2018 8:53 pm IST

 

പയ്യാവൂര്‍: പയ്യാവൂര്‍ ഊട്ട് മഹോത്സവത്തിന് വന്‍ ഭക്തജനത്തിരക്ക്. ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ നെയ്യമൃതുകാരുടെ നെയ്യൊപ്പിക്കല്‍, പൂര്‍ണ പുഷ്പാഞ്ജലി, അശ്വമേധ നമസ്‌കാരം, സാളഗ്രാമപൂജ, അക്ഷരശ്ലോക സദസ്സ്, കേളികൊട്ട്, തിടമ്പ്‌നൃത്തം, നെയ്യമൃതുകാരുടെ കുഴിയടുപ്പില്‍ നൃത്തം, ചൂളിയാട് ദേശവാസികളുടെ ഓമനക്കാഴ്ച, കുടകരുടെ മടക്കയാത്ര, സാംസ്‌കാരിക സമ്മേളനം എന്നിവ നടന്നു.

കാഞ്ഞിലേരി, മയ്യില്‍, കുറ്റിയാട്ടൂര്‍, ബ്ലാത്തൂര്‍, ചേടിച്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വാഴക്കുലകള്‍ ശേഖരിച്ച് കുംഭം 6ന് ചൂളിയാട്ടെ തൈവളപ്പ്, നല്ലൂര്‍, തടത്തില്‍കാവ്, ചമ്പോച്ചേരി, മടപ്പുരക്കില്‍ എന്നീ അഞ്ചു കുഴികളിലായി പഴുപ്പിച്ച കുലകള്‍ 21 ന് രാവിലെ പുറത്തെടുത്ത് കുഴികള്‍ക്ക് സമീപം അഞ്ച് പന്തലുകളിലായി തൂക്കിയിടുകയും ഇന്നലെ രാവിലെ ഇവ തണ്ടുകളിലാക്കി പയ്യാവൂരിലെത്തിക്കുകയുമായിരുന്നു. ഇന്നലെ രാവിലെ 10 മണിയോടെ തടത്തില്‍ കാവില്‍ നിന്നും പുറപ്പെട്ട ഓമനക്കാഴ്ചയെ മേലായി ഓലക്കുടയുമായി നയിച്ചു. വാദ്യമേളങ്ങള്‍, മുത്തുക്കുട, ആലവട്ടം, വെഞ്ചാമരം തുടങ്ങിയവയുടെ അകമ്പടിയോടെ ശുഭ്രവസ്ത്രധാരികളായി, നഗ്‌നപാദരായി മൂവായിരത്തോളം വാഴക്കുലകളുമായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് 15 കിലോമീറ്റര്‍ അകലെയുള്ള പയ്യാവൂര്‍ ശിവക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്.

 ഓമനക്കാഴ്ചയില്‍ അവസാനം കണ്ണിചേര്‍ന്ന അടുവാപ്പുറം തൈവളപ്പില്‍ എത്തിയപ്പോഴേക്കും യാത്രയയപ്പിന് വിവിധ ദേശങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ഭക്തരെത്തി. ഇന്നലെ അടുവാപ്പുറം ആല്‍ത്തറ തടുങ്ങി വിവിധ സ്ഥലങ്ങളില്‍ പാനകവിതരണവും ഉണ്ടായിരുന്നു. അടുവാപ്പുറത്തു നിന്നും കണിയാര്‍ വയല്‍, വയക്കര, ബാലങ്കരി, കാഞ്ഞിലേരി വഴി വൈകുന്നേരം 4 മണിയോടെ കാഴ്ച പയ്യാറ്റ് വയലിലെത്തി. തുടര്‍ന്ന് ദേവസ്വം അധികാരികള്‍, നെയ്യമൃത് ഭക്തര്‍ എന്നിവര്‍ ഗജവീരന്‍മാരുടെ അകമ്പടിയോടെ കാഴ്ചയെ വരവേറ്റു. കാഴ്ചസംഘം പയ്യാവൂരിലെത്തിയതോടെ കുടക് ഭക്തര്‍ മടങ്ങിപ്പോയി. കുടകരുടെ മടക്കയാത്ര ഏറെ ഭക്തിനിര്‍ഭരമായിരുന്നു. വൈകുന്നേരം 6 മണിയോടെ പതിനായിരക്കണക്കിന് ശിവഭക്തരെ സാക്ഷിയാക്കി കാഴ്ച ക്ഷേത്രസന്നിധിയില്‍ സമര്‍പ്പിച്ചു.

ഇന്നലെ രാവിലെ പയ്യാവൂരിന് സമീപത്തുള്ള 9 നെയ്യമൃത് മഠങ്ങളില്‍ നിന്നുമുള്ള നെയ്യമൃത് സംഘം അഭിഷേകത്തിനുള്ള നെയ്യുമായി ക്ഷേത്രത്തിലെത്തി. ഇവ ഇന്ന് 11 മണിക്ക് അഭിഷേകം ചെയ്യും. തുടര്‍ന്ന് ഇളനീരാട്ടം, കളഭാട്ടം എന്നിവയും ഉച്ചക്ക് നെയ്യമൃതുകാരുടെ അടിയിലൂണും നടക്കും. രാത്രി 9 ന് തിടമ്പെഴുന്നളളത്ത് തിരുനൃത്തം, 11 ന് തെയ്യംപാടിപ്പാട്ട്, നാളെ ഉച്ചക്ക് 12 ന് ആറാട്ടെഴുന്നള്ളത്ത്, തിരുനൃത്തം, രാത്രി 7 ന് തിരുനൃത്തം, 11 ന് കളത്തിലരിയും പാട്ടും എന്നിവയോടെ ഉത്സവം സമാപിക്കും. 25 ന് പഴശ്ശിഭഗവതി ക്ഷേത്രത്തിറ, 26 ന് മഠത്തില്‍ തിറ, 27 ന് മാങ്ങാടന്‍ വയല്‍ത്തിറ എന്നിവ നടക്കും. ഉത്സവത്തിന് പയ്യാവൂരിലെത്തിയവര്‍ക്കായി നൂറു കണക്കിന് ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നത് യാത്രാ ദുരിതത്തിന് പരിഹാരമായിട്ടുണ്ട്. ഇതുകൂടാതെ ക്ഷേത്രത്തില്‍ അന്നദാനവും ഉണ്ടായി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.