സംസ്‌കാരത്തിന്റെ സുഗന്ധം

Friday 23 February 2018 2:45 am IST
പ്രയോഗക്ഷമതയ്ക്കുള്ള ആശാവഹമായ പരിവര്‍ത്തനമാണ് സമൂഹത്തില്‍ തപസ്യ സൃഷ്ടിച്ചത്. പമ്പയും ഗംഗയും ചേര്‍ന്ന ഭാരതത്തിന്റെ ഭാവിയില്‍ ഉറച്ച വിശ്വാസമുണ്ടാവുക എന്നത് ഭാവിയില്‍ ജനനന്മയ്ക്കുവേണ്ടിയുള്ള സാമൂഹിക രാഷ്ട്രീയ മാറ്റങ്ങള്‍ വരുന്നതിന്റെ സൂചന തന്നെയാണ്.

കേരളത്തിന്റെ സാമൂഹിക പരിതോവസ്ഥ ആവശ്യപ്പെട്ടതനുസരിച്ച് രൂപംകൊണ്ടതാണ് തപസ്യ-42വര്‍ഷം മുന്‍പ്. ഭാരതീയ സംസ്‌കൃതിയുടെ സനാതന സുഗന്ധമാണ് കേരളത്തിന് എങ്ങനെയോ നഷ്ടപ്പെട്ട ഒന്ന്. 'തപസ്യ'യുടെ നാന്ദിഗീതത്തില്‍ മഹാകവി അക്കിത്തം അതിനെ ഇങ്ങനെ നിര്‍വചിക്കുന്നു.

''പുറ്റുമണ്ണിന്റെ കരളിലെ കണ്ണു നീ-

രിറ്റില്‍ നിന്നാദ്യം കുരുത്ത പൂവേ,

മാനവവംശ സുഷുമ്‌നതന്നറ്റത്തൊ-

രാനന്ദമായി വിടര്‍ന്നപൂവേ,

ആയിരം കൂര്‍ത്ത ദളങ്ങളോടെ, പതി-

നായിരം വര്‍ഷം പുലര്‍ന്നപൂവേ,

ആത്മാവിനെന്നും ജരാനര തീണ്ടാത്തൊ-

രാലോചനാമൃതം തന്ന പൂവേ,

തൂവെള്ളത്താമരപ്പൂവേ നിരന്തരം

തൂവുക തൂവുക സൗരഭം നീ......''

ഈ വ്യക്തിത്വം സവിശേഷമാണ്. മറ്റു സാംസ്‌കാരിക കൂട്ടായ്മകള്‍ നിക്ഷിപ്ത താല്‍പര്യത്തിന്റെ നേട്ടപ്പട്ടിക സൃഷ്ടിക്കുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. 'തപസ്യ'യും അതിന്റെ മാതൃസംഘടനയായ 'സംസ്‌കാര്‍ഭാരതി'യും ആണ് ഈ കള്ളക്കളി തീണ്ടാത്തവ.

സംസ്ഥാനത്ത് പ്രബലമായി പടര്‍ന്നുപിടിച്ച പാശ്ചാത്യ ജീവിതശൈലിയുടെ അനുകരണം വിദ്യാഭ്യാസ രംഗത്തെ വിഷലിപ്തമാക്കുമ്പോള്‍ത്തന്നെ, ഇരട്ടദുരന്തംപോലെ 1975-ലെ അടിയന്തരാവസ്ഥ സ്വാതന്ത്ര്യത്തെയും സര്‍ഗപരമായ ആവിഷ്‌ക്കാരത്തെയും നിരോധിച്ചു. ഈ ചുറ്റുപാടിലാണ് മനുഷ്യസ്വാതന്ത്ര്യത്തിന്റെ ശബ്ദം മുഴക്കാന്‍ നാം നിര്‍ബന്ധിതരായത്. കെ.പി. കേശവമേനോന്‍, വി.എം. കൊറാത്ത്, എം.എ. കൃഷ്ണന്‍, പി. പരമേശ്വരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കോഴിക്കോട്ട് ഒരു ശിബിരം പ്രദര്‍ശിനി, വിചാരസഭ തുടങ്ങിയ സന്നാഹങ്ങളോടെ നടന്നത്. അതിന് 'രാഷ്ട്രീയ'മല്ല പ്രേരകശക്തി; സ്വാതന്ത്ര്യദാഹമാണ്, ദേശീയതയാണ്. പ്രവര്‍ത്തനം കേരളമൊട്ടാകെ വ്യാപിക്കുവാന്‍ അമാന്തമുണ്ടായില്ല. ആവേശകരമായ സന്ദേശം ദേശസ്‌നേഹികളെ കര്‍മോത്സുകരാക്കി. വടക്ക് കാഞ്ഞങ്ങാടു മുതല്‍ തെക്ക് നെടുമങ്ങാടുവരെ നാല്‍പതു യൂണിറ്റുകള്‍ രൂപംകൊണ്ടു. തമ്മിലുള്ള ആശയവിനിമയത്തിന് 'വാര്‍ത്തികം' എന്ന വാര്‍ത്താ പത്രികയും. വിഭവശേഷിയില്ല, പണപ്പിരിവു നടത്തിയതുമില്ല. ഈ ചലനത്തെ നിലവിലുള്ള വ്യവസ്ഥാപനത്തിന്റെ ഭാഗമാക്കിക്കൂടാ താനും. എന്നാലും ഒരു പ്രവര്‍ത്തന ആസ്ഥാനം കൂടിയേ തീരൂ. തലമുറകള്‍ ഇതിനെ ഏറ്റെടുത്തു നടത്തണമല്ലോ. പെരുമ്പാവൂരില്‍ ഒരു സ്ഥലം വാങ്ങി.

ജനതയുടെ ആത്മാഭിമാനം, ദേശസംസ്‌കൃതി, അതു വീണ്ടെടുക്കുക എന്നത് സാംസ്‌കാരിക വിദ്യാഭ്യാസരംഗത്തുനിന്നാവണം. പെട്ടെന്നു ഫലം കണ്ടില്ലെങ്കിലും ചിരസ്ഥായിയായ ഏതു സദുദ്യമവും സഫലീകൃതമാവുന്നത് അത്ഭുതം സൃഷ്ടിച്ചുകൊണ്ടായിരിക്കും. ഈ വിശ്വാസത്തില്‍ ആദ്യകാലംതൊട്ട് അക്ഷീണം പ്രവര്‍ത്തന രംഗത്തുണ്ടായിരുന്ന ചിലരെ എടുത്തുപറയട്ടെ. എം.എ. കൃഷ്ണന്‍: കേരളത്തിന്റെ സാംസ്‌കാരികരംഗം അടിയന്തരാവസ്ഥയുടെ കരിനിഴലിലായിരുന്നപ്പോള്‍ അതിനെതിരെ ആത്മാഭിമാനമുള്ള, സ്വാതന്ത്ര്യദാഹികളായ എഴുത്തുകാരെ സംഘടിപ്പിച്ച് തപസ്യയ്ക്ക് ചരിത്രപരമായ തുടക്കംകുറിച്ചത് എം.എ. സാറാണ്. പരമേശ്വര്‍ജി: അടിയന്തരാവസ്ഥ കഴിഞ്ഞ് ജയില്‍ മോചിതനായ അദ്ദേഹവും സാംസ്‌കാരിക വിദ്യാഭ്യാസത്തിനാണ് പ്രാധാന്യം നല്‍കിയത്. വൈകാതെ തിരുവനന്തപുരത്ത് ഭാരതീയ വിചാരകേന്ദ്രം സ്ഥാപിക്കുകയും, അതിനെ കല്‍പിത സര്‍വകലാശാലയാക്കി ബിരുദാനന്തര പഠന സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തു. (ഗുജറാത്ത് സര്‍വകലാശാലയുമായിട്ടാണ് സംയോജിപ്പിച്ചിട്ടുള്ളത്).

 ഒട്ടേറെ അധ്യാപകരും ഗ്രന്ഥകാരന്മാരും ഇനി ഉണ്ട്. ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക്  പ്രമുഖ് ഹരിയേട്ടന്‍ (ആര്‍. ഹരി): അനേകഗ്രന്ഥങ്ങള്‍ രചിച്ചത് ദേശസംസ്‌കൃതിയെ, വേദോപനിഷത്തുകളെ സംബന്ധിച്ചാണ്. കോഴിക്കോട്, തപസ്യ കാര്യദര്‍ശിയായിരുന്ന എന്‍.പി. രാജന്‍ നമ്പി തന്റെ വീട്ടില്‍ത്തന്നെ ഒരു പാഠശാല നടത്തി. എടപ്പാളില്‍ വട്ടംകുളം ശങ്കുണ്ണിമാസ്റ്റര്‍ രാമായണപാരായണം ക്ലാസുകള്‍ നടത്തുന്നതു കൂടാതെ 31 അധ്യായങ്ങളിലായി അധ്യാത്മരാമായണത്തിന്റെ ലളിതമായ മലയാളപരിഭാഷ പ്രസിദ്ധം ചെയ്തിട്ടുണ്ട്. ഈ രംഗത്ത് ഓരോ ജില്ലാഘടകങ്ങളിലും ഇതുപോലുള്ള പ്രവര്‍ത്തനം ഒട്ടേറെ തപസ്യ പ്രവര്‍ത്തകരും സ്വയം സേവകരും നടത്തിപ്പോരുന്നു. ജന.സെക്രട്ടറിമാര്‍, രക്ഷാധികാരികള്‍ എന്നിവരും പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, എസ്. രമേശന്‍ നായര്‍, ടി.ആര്‍. സോമശേഖരന്‍, ആര്‍. സഞ്ജയന്‍, കെ.പി. ശശിധരന്‍, പി. ബാലകൃഷ്ണന്‍ തുടങ്ങി എത്രയോ േപര്‍ ഈ യജ്ഞത്തില്‍ സഹകരിച്ചു. 

സംസ്‌കൃതിയുടെ പ്രകൃതിബന്ധം എന്നനിലയില്‍ പാരിസ്ഥിതിക പഠനവും പ്രകൃതി സംരക്ഷണവും ശീലിപ്പിക്കാനാണ് 'വനപര്‍വം' എന്ന പ്രസ്ഥാനം 'തപസ്യ'യുടെ ഭാഗമാക്കിയത്. ആചാരം എന്നനിലയില്‍ കുറെ ചെടികള്‍ നടുന്നതില്‍ ഒതുങ്ങുന്ന ഒന്നല്ല തപസ്യയുടെ വനപര്‍വം. സാധാരണ സസ്യങ്ങളുടെ വിത്തും തൈകളും അതതു കൃഷിഭവനുകളില്‍നിന്ന് ശേഖരിക്കുക. 'നാഗാര്‍ജുന' (ആയുര്‍വേദ കമ്പനി) സംഭാവന ചെയ്ത ഔഷധസസ്യങ്ങള്‍ വളര്‍ത്തുക എന്നതും പതിവായി. ചര്‍ച്ചായോഗങ്ങളിലൂടെ പ്രചരിപ്പിച്ച ആശയങ്ങള്‍ ഇവയാണ്: ഒന്ന്, ഗൃഹങ്ങളുടെ അടുത്ത് വേപ്പ് വളര്‍ത്തുന്നത്. രണ്ട്, കേരളത്തിന്റെ ജൈവ വൈവിധ്യവും അവയ്ക്ക് ജീവിതത്തോടുള്ള ബന്ധവും. മൂന്ന്, പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് വേദപാരമ്പര്യവുമായുള്ള ബന്ധം. നാല്, അന്യംനില്‍ക്കുന്ന സ്പീഷീസുകളെ സംരക്ഷിക്കല്‍. അഞ്ച്, വനസംരക്ഷണത്തിന് സഹായിക്കുക- പ്രത്യേകിച്ച് കാവുകളുടെ കാര്യത്തില്‍. ആറ്, ഈശ്വരന്‍ നല്‍കിയ വരമായ ഭൂമി എല്ലാ ജീവജാലങ്ങള്‍ക്കും ഒരുപോലെ അവകാശപ്പെട്ടത്.

സഞ്ജയന്‍ (എം.ആര്‍. നായര്‍), ഒ.വി. വിജയന്‍, വി.എം. കൊറാത്ത്, കാവാലം നാരായണപ്പണിക്കര്‍, ദുര്‍ഗാദത്തന്‍ എന്നീ സാഹിത്യാചാര്യന്മാരുടെ പേരില്‍ വാര്‍ഷിക പുരസ്‌കാരം നല്‍കിപ്പോരുന്നു. മേഖലാ പഠനശിബിരം പ്രധാനമായും കലാസാഹിത്യ പ്രശ്‌നങ്ങളെയും സാമൂഹിക പരിവര്‍ത്തനത്തെയും പുരസ്‌കരിച്ചുള്ളവയാണ്. നവരാത്രികാലത്ത് നടത്തിപ്പോരുന്ന രണ്ടു സംഗീതോത്സവങ്ങള്‍ ജനശ്രദ്ധ ആകര്‍ഷിച്ചുപോരുന്നു. ക്ലാസിക് കലാ സംഗീത പ്രേമികളാവുക എന്നത് ഭാരതീയര്‍ക്ക് അഭിമാനകരമാണ്. 'ഭരതമുനി'ദിനം കൊണ്ടാടുന്നത് അതിനുവേണ്ടിയാണ്. സംഗീത തല്‍പരരായ തപസ്യ പ്രവര്‍ത്തകര്‍ സംഘടിപ്പിക്കുന്ന ശുകപുരത്തെ നവരാത്രി സംഗീതോത്സവം കഴിഞ്ഞ പതിനെട്ടു കൊല്ലമായി നടക്കുന്നു. മറ്റൊരു സംഗീതസഭ കോഴിക്കോടു തളിയിലും.

ശാഖകളുടെ പഠനശിബിരങ്ങള്‍ കൂടാതെ എല്ലാവര്‍ഷവും മേഖലാ പഠനശിബിരങ്ങളും സംസ്ഥാന പഠനശിബിരവും മുടങ്ങാതെ നടക്കുന്നു. ആനുകാലിക സംഭവങ്ങളില്‍ എടുക്കേണ്ടുന്ന നിലപാടുകളാവും ഇവിടെ തീരുമാനിക്കുക. 42-ാമത് സംസ്ഥാന വാര്‍ഷികോത്സവമാണ് ഫെബ്രുവരി 23-25ന് കൊല്ലത്തു നടക്കുന്നത്. അതിവിപുലമാണ് ഈ സംഘടനാ സംവിധാനം. കൊല്ലത്തെ വാര്‍ഷികോത്സവത്തില്‍ പങ്കെടുക്കുന്നവരില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ബല്‍ദേവ് ശര്‍മ (നാഷണല്‍ ബുക്ക് ട്രസ്റ്റ് ചെയര്‍മാന്‍), ആഷാ മേനോന്‍, ജെ. നന്ദകുമാര്‍,(പ്രജ്ഞാ പ്രവാഹിന്റെ ദേശീയ സംയോജകന്‍), വി. മധുസൂദനന്‍ നായര്‍, ജോയ് മാത്യു, പ്രൊഫ. സി.ജി. രാജഗോപാല്‍, മങ്കൊമ്പു ഗോപാലകൃഷ്ണന്‍ എന്നിങ്ങനെ വിവിധ രംഗങ്ങളിലെ ആചാര്യ സ്ഥാനീയര്‍ ഉള്‍പ്പെടുന്നു. 

ഭാരതീയ പശ്ചാത്തലമുള്ളതുകൊണ്ടാണ് സംസ്‌കാര്‍ഭാരതി 'തപസ്യ'യുടെ മാതൃസംഘടന എന്ന സ്ഥാനം വഹിക്കുന്നത്. സ്വധര്‍മ സംരക്ഷണ പ്രസ്ഥാനം എന്നനിലയില്‍ ഈ അഖിലേന്ത്യാ സംഘടന സാംസ്‌കാരികരംഗത്ത് നവോന്മേഷം പകരുന്നു. പാശ്ചാത്യവല്‍ക്കരണത്തെ ദേശീയതയുടെ ആയുധംകൊണ്ട് നേരിടുന്നു. ഒരുപാടു രംഗങ്ങളില്‍ വിജയിക്കുകയും ചെയ്തു. അതൊരു ഭഗീരഥപ്രയത്‌നമാണ്. അധോലോകത്തെയും ദേശവിരുദ്ധ ശക്തികളെയും ആണല്ലോ തോല്‍പ്പിക്കേണ്ടത്. ആ ശക്തിയല്ലേ ഹിന്ദുമതം സ്വീകരിച്ച നോര്‍വേക്കാരനായ ഹാന്‍സ് ക്രിസ്ത്യന്‍ ആസ്‌ത്രോയെ 1995-ല്‍ കശ്മീരില്‍ കൊലപ്പെടുത്തിയത്? മനുഷ്യരില്‍ ഒരുവിഭാഗം തന്നെ അസുരരായി മാറി. അവരെ നേരിടാന്‍ പ്രതിക്രിയയല്ല ചെയ്യേണ്ടത്. ദേശീയ ധര്‍മ്മ സംരക്ഷണമാണ്- ഇതാണ് സംസ്‌കാര്‍ഭാരതിയുടെ നയം. 

തീര്‍ഥയാത്ര, ഗുരുപൂജ, സമാദരണസഭകള്‍, നാട്യ ശാസ്ത്രവും നാടന്‍ പാരമ്പര്യവും അനുസരിച്ചുള്ള രംഗകല ഇതൊക്കെയാണ് തുടര്‍ന്ന് നടന്നുപോരുന്നത്. ആ ശൈലി സ്വീകരിച്ചാണ് തപസ്യ ഇതിനകം അഞ്ചാറുവട്ടം അഖിലകേരള തീര്‍ഥയാത്ര നടത്തിയത്. ഇന്ന് ഈ രംഗത്ത് അനേകം പേരുണ്ട്. വലിയ കലാകാരന്മാരുണ്ട്. അവരുടെ പങ്ക് ബൃഹത്താണ്. നാടിന് അഭിമാനകരമാണ്. തീര്‍ത്ഥയാത്രയിലൂടെ തപസ്യക്ക് ബോധ്യപ്പെട്ടതാണ് ഈ സത്യം. 2001-ല്‍ കുമ്പളയിലെ വിഷ്ണുക്ഷേത്രത്തില്‍ ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്ത തീര്‍ഥയാത്ര എട്ടുദിവസംകൊണ്ട് തിരുവനന്തപുരത്തെത്തിയത് ഗായകസംഘത്തിന്റെയും നാടകസംഘത്തിന്റെയും 'വന്ദേമാതര'ത്തിനൊപ്പമായിരുന്നു. ഇത്തരം തീര്‍ഥയാത്രകള്‍ വീണ്ടുമുണ്ടായി. അഞ്ചുതവണ. അഖിലേന്ത്യാ പ്രാതിനിധ്യവും ഉണ്ടായിട്ടുണ്ട്, മിക്ക തീര്‍ഥാടനത്തിനും.

സംസ്‌കാര്‍ഭാരതിയുടെ വാര്‍ഷികയോഗങ്ങള്‍ക്കും പ്രത്യേക ശിബിരങ്ങള്‍ക്കും എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമുണ്ട് പ്രതിനിധികള്‍. പൂന, ആഗ്ര, മുംബൈ, ദല്‍ഹി, നാഗ്പൂര്‍, ഹരിയാന എന്നിവിടങ്ങളിലെ വാര്‍ഷിക മഹായോഗങ്ങളില്‍ തപസ്യയുടെ പ്രതിനിധികള്‍ പങ്കെടുത്തു എന്നത് വിലയേറിയ അനുഭവമായിരുന്നു.

നാല്‍പതിലേറെ കൊല്ലത്തെ ഈ സംസ്‌കൃതി സേവനം കേരളീയ ബൗദ്ധികരംഗത്ത് പുതിയൊരു ഉണര്‍വുണ്ടാക്കി എന്ന് എതിര്‍പക്ഷക്കാരും സമ്മതിക്കുന്നു. അവര്‍ ആശങ്കയും പ്രകടിപ്പിക്കാറുണ്ട്. പ്രയോഗക്ഷമതയ്ക്കുള്ള ആശാവഹമായ പരിവര്‍ത്തനമാണ് ഇങ്ങനെ സൃഷ്ടിക്കപ്പെട്ടത്. പമ്പയും ഗംഗയും ചേര്‍ന്ന ഭാരതത്തിന്റെ ഭാവിയില്‍ ഉറച്ച വിശ്വാസമുണ്ടാവുക എന്നത് ഭാവിയില്‍ ജനനന്മയ്ക്കുവേണ്ടിയുള്ള സാമൂഹിക രാഷ്ട്രീയമാറ്റങ്ങള്‍ വരുന്നതിന്റെ സൂചന തന്നെയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.