എണ്ണാമെങ്കില്‍ എണ്ണിക്കോ!

Friday 23 February 2018 2:30 am IST

കഴിഞ്ഞ ദിവസം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ശക്തിപ്രകടനം കാണുവാന്‍ ഇടയായി. പ്രകടനംകണ്ട് നിന്നപ്പോള്‍ ഇതേപാര്‍ട്ടി പണ്ട് നടത്തിയ പ്രകടനങ്ങളെപ്പറ്റി ഓര്‍ത്തുപോയി. 

അന്നെല്ലാം തോട്ടം തൊഴിലാളികളും കൂലിപ്പണിക്കാരും ചുമട്ടുതൊഴിലാളികളും ഒക്കെയായിരുന്നു പ്രകടനങ്ങളില്‍ കൂടുതലായും പങ്കെടുത്തിരുന്നത്. ഇന്നാകട്ടെ റിട്ടയര്‍ ചെയ്ത സര്‍ക്കാര്‍ ഉദ്യോസ്ഥരും അധ്യാപകരും ചെറുകിട മുതലാളിമാരുമാണ് പ്രകടനക്കാര്‍. കുടവയര്‍ കാരണം നടക്കാന്‍ ആയാസപ്പെടുന്നവരേയും കണ്ടു. 

അന്ന് തൊഴിലാളികള്‍ ആവേശപൂര്‍വം മുഴക്കുന്ന മുദ്രാവാക്യങ്ങളാണ് പ്രകടനത്തെ കൊഴുപ്പിച്ചിരുന്നത്. ഇന്ന് ചെണ്ടമേളവും ഗരുഡന്‍ പറവയും ബാന്റ് മേളവും മുത്തുക്കുടയുമാണ് പ്രകടനത്തിന് ഗാംഭീര്യം പകരുന്നത്. 

അമ്പലത്തിലെ ഉത്സവ എഴുന്നള്ളിപ്പും പള്ളിയിലെ പെരുന്നാള്‍ പ്രദക്ഷിണവും സമന്വയിപ്പിച്ചതാകാം. ''മാറണം മാറ്റണം മാറ്റിമറിക്കണം നാറിപ്പുളിച്ചൊരീ നാടിന്‍ വ്യവസ്ഥയെ'' എന്നാണല്ലോ തൊണ്ടപൊട്ടുമാറ് പണ്ട് വിളിച്ചിരുന്നത്. ആ മാറ്റമെവിടെ? ഇപ്പോഴത്തെ മാറ്റമെവിടെ?

ഭരണക്കസേരയില്‍ കേറുന്നതിന് മുന്‍പ് തൊഴിലാളികളില്‍ നിന്നും നാലണയും എട്ടണയും സംഭാവന മേടിച്ചാണ് സമ്മേളനങ്ങള്‍ നടത്തിയിരുന്നത്. 

ഇപ്പോള്‍ വന്‍കിട ബസ്സുടമകളും സര്‍ക്കാര്‍ കോണ്‍ട്രാക്ടര്‍മാരും ഒക്കെയാണ് സമ്മേളനങ്ങള്‍ ഉത്സവമാക്കി മാറ്റുന്നത്. ഉത്സവമാമാങ്കങ്ങള്‍ക്കിടയില്‍ ആദിവാസി കോളനികളിലെ പട്ടിണിമരണങ്ങളെപ്പറ്റി ചിന്തിക്കാന്‍ നേരമെവിടെ?

നിലവിലുള്ള മിക്കവാറും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും പ്രവര്‍ത്തനശൈലി ഒന്നുതെന്നയാണ്. അതുകൊണ്ട് ആര്‍ക്കും ആരെയും കുറ്റപ്പെടുത്തുവാന്‍ അര്‍ഹതയില്ല. 'ഭരണം തന്നെ ശരണം നമുക്കും കിട്ടണം പണം' എന്നതാണല്ലോ പുതിയ മുദ്രാവാക്യം. 

ഏതായാലും ഇടതു-വലത് രാഷ്ട്രീയ കച്ചവടക്കാരുടെ പിന്നാലെ നടക്കുന്ന ചെറുപ്പക്കാര്‍ ഒരുനിമിഷം മാറി ചിന്തിക്കുവാന്‍ സമയമായിരിക്കുന്നു.

വി.എസ്. ബാലകൃഷ്ണപിള്ള,

തൊടുപുഴ

സിപിഎം നേതൃത്വം കണ്ണൂര്‍ മുക്തമാവണം

സമാധാനമുണ്ടാവണമെങ്കില്‍ സിപിഎം നേതൃത്വം കണ്ണൂര്‍ മുക്തമാകണം. കണ്ണില്‍ ചോരയില്ലാത്ത കണ്ണൂര്‍ ലോബിയുടെ കൈകളില്‍ അതിന്റെ നിയന്ത്രണമിരിക്കുന്നിടത്തോളം കാലം സമാധാനമുണ്ടാവില്ല.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നാണല്ലോ ഇടതും വലതുമായത്. സിപിഎമ്മും സിപിഐയും. കൊടിയുടെ നിറവും ഒന്നുതന്നെ. ചിഹ്‌നത്തില്‍ മാത്രം നേരിയ വ്യത്യാസം. എന്നാല്‍ ഇവ രണ്ടിന്റേയും സ്വഭാവമോ? കണ്ണൂര്‍ ലോബി പാര്‍ട്ടി നേതൃത്വം കൈവിടാനൊന്നും പോകുന്നില്ല. ജയരാജത്രയങ്ങളും വരമ്പത്തെ കൂലിക്കാരുമെല്ലാം ചേര്‍ന്ന് പാര്‍ട്ടിയെ നയിക്കുന്ന കാലത്തോളം അതിന്റെ ഈ ക്രൂരസ്വഭാവം നിലനില്‍ക്കും.

എം. ശ്രീധരന്‍, വരവൂര്‍, തൃശൂര്‍

 

സഹകരണ രജിസ്ട്രാര്‍ ഉത്തരവിറക്കുന്നില്ല

സംസ്ഥാന പ്രാഥമികസഹകരണബാങ്ക്, സംസ്ഥാന ജില്ലാ സഹകരണബാങ്ക്, സംസ്ഥാന അപക്‌സ് സഹകരണ സ്ഥാപനങ്ങള്‍, സഹകരണ വകുപ്പിന്റെ കീഴിലുള്ള അഞ്ച് ബോര്‍ഡുകള്‍, കേപ്പ്, സംസ്ഥാന സഹകരണയൂണിയന്‍, അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്. ഇത്രയും സ്ഥാപനങ്ങളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് തസ്തിക (പ്യൂണ്‍, വാച്ചര്‍, അറ്റന്‍ഡര്‍, സഹായക്/വാച്ച്മാന്‍, സെയില്‍സ്മാന്‍, കളക്ഷന്‍ ഏജന്റ്) എന്നീ തസ്തികകളിലേക്ക് വിജ്ഞാപനം വിളിച്ചപ്പോള്‍ ഡിഗ്രി യോഗ്യതയുള്ളവര്‍ അപേക്ഷ നല്‍കാന്‍ പാടില്ലെന്ന് സഹകരണ രജിസ്ട്രാര്‍ ഉത്തരവ്/സര്‍ക്കുലര്‍ ഇറക്കിയിട്ടില്ല. ഉത്തരവ്/സര്‍ക്കുലര്‍ ഇറക്കാന്‍ രജിസ്ട്രാര്‍ ഉടനെ നടപടി സ്വീകരിക്കണം.

അതുപോലെ കേരളത്തിലെ തൊഴില്‍രഹിതരായ എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ (സൗദി അറേബ്യ, മസ്‌ക്കറ്റ്, മാലെദ്വീപ്, സിംഗപ്പൂര്‍, യൂറോപ്യന്‍ രാജ്യങ്ങള്‍) നടത്താന്‍ തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്ററില്‍ സൗകര്യം ഏര്‍പ്പെടുത്തണം. ഒസിഇപിസി, നോര്‍ക്ക റൂട്ട്‌സ് വഴി ഗള്‍ഫിലെ എല്ലാ രാജ്യങ്ങളിലേയും കൂടുതല്‍ നിയമനം നടത്താന്‍ നടപടി വേണം.

നോര്‍ക്ക റൂട്ട്‌സിന്റെ  സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ജില്ലയിലെ പഞ്ചായത്ത് സെന്ററിലും നടത്താന്‍ സംവിധാനം ഉണ്ടാകണം. സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് കൂടുതല്‍ തൊഴിലവസരം ലഭ്യമാക്കണം. അധ്യാപക-അനധ്യാപക നിയമനവും കൂടുതല്‍ നടത്തപ്പെടണം. ഇക്കാര്യത്തില്‍ എന്‍ആര്‍ഐ ചെയര്‍പേഴ്‌സണ്‍ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

അനീഷ് കെ.തിരുവനന്തപുരം

പാഴ്‌ച്ചെലവിന് ഒരു വഴി

സര്‍ക്കാരുകള്‍ മാറി മാറി വരുമ്പോള്‍ പാഴ്‌ചെലവുകള്‍ക്കും ധൂര്‍ത്തിനും പുതിയ പുതിയ മേഖലകള്‍ കണ്ടെത്തും. ഇടതായാലും വലതായാലും ഇക്കാര്യത്തില്‍ മത്സരമാണ്. വര്‍ഷങ്ങളായി മുന്നണികള്‍ മാറി മാറി ഭരിക്കുന്ന നമ്മുടെ സംസ്ഥാനത്ത് ഒരു പാഴ്‌ച്ചെലവിന് മാത്രം യാതൊരു വ്യത്യാസവുമില്ല. അതാണ് അന്വേഷണ കമ്മീഷനുകള്‍!

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെ പിടിച്ചുലച്ച ഒന്നാണ് സോളാര്‍ തട്ടിപ്പ്! പതിവുപോലെ ഒരന്വേഷണ  കമ്മീഷന്‍ വന്നതോടെ ബഹളങ്ങള്‍ കെട്ടടങ്ങി. തെളിവെടുപ്പും വിസ്താരങ്ങളും നീണ്ടുപോയപ്പോള്‍ ഭരണം എല്‍ഡിഎഫിലെത്തി. കമ്മീഷന്‍ പുസ്തകക്കെട്ടു പോലത്തെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ഇത് യഥായോഗ്യം പഠിച്ച് നടപടിയെടുക്കാന്‍ കാലം ഏറെ എടുക്കുമെന്ന് ജനം ചിന്തിച്ചിരുന്നു. എന്നാല്‍ സകലമാന ജനത്തേയും അമ്പരപ്പിച്ച് മുഖ്യമന്ത്രി സമയം ഒട്ടും കളയാതെ നടപടികള്‍ പ്രഖ്യാപിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ കസേരവരെ തെറിച്ചു. പക്ഷേ പിന്നൊന്നും ഉണ്ടായില്ല. ഇനി ഉണ്ടാകുമെന്നും പ്രതീക്ഷിക്കേണ്ട. കാരണം എല്ലാവര്‍ക്കും അറിയാം.

ഏതു പ്രക്ഷോഭങ്ങളുടേയും നാവടക്കാന്‍ ഒരന്വേഷണ കമ്മീഷന്‍ മതി. വാര്‍ത്താമാധ്യമങ്ങളും അപ്പോള്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ അന്വേഷിച്ച് പോകും. കമ്മീഷന്‍ വന്ന്, സ്റ്റാഫ് വന്ന്, ഓഫീസും ഫര്‍ണിച്ചറും വന്ന്, അന്വേഷണ വിഷയങ്ങള്‍ കിട്ടി, കാലാവധി നീട്ടി നീട്ടി അവസാനം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സര്‍ക്കാര്‍ അത് അട്ടത്ത് വയ്ക്കും. ജനങ്ങള്‍ അത് മറക്കും. സോളാറിന്റെ ഗതിയും ഇതുതന്നെയാണ്. 

ടി. സംഗമേശന്‍, തൃശൂര്‍

കിം ജോങ് ഉന്നിന്റെ പ്രത്യയശാസ്ത്രം

ജനാധിപത്യ സോഷ്യലിസ്റ്റ് വിപ്ലവ പാര്‍ട്ടിയായ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ നെടുങ്കണ്ടം ഏരിയാ സമ്മേളനത്തിന്റെ ഫ്‌ളെക്‌സില്‍, ഉത്തര കൊറിയന്‍ ഏകാധിപതിയും ലോകത്തിലെ ഏറ്റവും അധമനായ രാഷ്ട്രത്തലവനും ആയ കിം ജോങ് ഉന്നിന്റെ ചിത്രം കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിച്ചുപോയി.

മാര്‍ക്‌സിസ്റ്റ് പ്രത്യയ ശാസ്ത്രം എവിടെ കിടക്കുന്നു? കിം ന്റെ പ്രത്യയശാസ്ത്രം എവിടെ കിടക്കുന്നു? ഇവ തമ്മില്‍ അജഗജാന്തരമുണ്ട്. പക്ഷേ ഇവിടെ രണ്ടും സമരസപ്പെട്ടിരിക്കുകയാണ്! മാര്‍ക്‌സിസ്റ്റു പാര്‍ട്ടി അത്രമാത്രം വളര്‍ന്നിരിക്കുന്നു!!

മാവോയും ഫിഡല്‍ കാസ്‌ട്രോയും ചെഗുവേരയുമൊക്കെ എവിടെപ്പോയി? ഇപ്പോള്‍ സ്വന്തക്കാരേയും, സ്വന്തം പാര്‍ട്ടിക്കാരെപ്പോലും കൊന്നൊടുക്കുന്ന, തനി 'വട്ടനാ'യ കിം ജോങ് ഉന്നാണോ 'മാര്‍ക്‌സിസ്റ്റു ദൈവം'?! 

ജോണ്‍ ജോര്‍ജ്, തൃശൂര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.