പി. ജയരാജന് പരോക്ഷ വിമര്‍ശനം

Friday 23 February 2018 2:30 am IST

തൃശ്ശൂര്‍: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ജില്ലാ സമ്മേളനങ്ങളുടെ തനിയാവര്‍ത്തനം. പിണറായി സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടതിന് പഴി പോലീസിനും സിപിഐക്കും. പതിനാല് ജില്ലാ സമ്മേളനങ്ങളിലും നടന്ന വിമര്‍ശനത്തിന്റെ തനിയാവര്‍ത്തനമാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലും സ്ഥാനം പിടിച്ചത്.

സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍പോലും വിവാദങ്ങളില്‍പ്പെട്ട് വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാതെ പോകുകയാണെന്ന് റിപ്പോര്‍ട്ട് പരിതപിക്കുന്നു. ചിലയിടത്തെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകരുടെ ഇടപെടല്‍ സര്‍ക്കാരിന് തലവേദനയായിട്ടുണ്ട്. പോലീസില്‍ നിന്നും നീതി ലഭിക്കുന്നില്ലെന്ന പരാതി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനടക്കമുള്ളവര്‍ പോലീസിനെതിരെ പരസ്യമായി രംഗത്തുവന്ന സാഹചര്യത്തിലാണ്  റിപ്പോര്‍ട്ടിലെ പോലീസിനെതിരെയുള്ള പരാമര്‍ശങ്ങള്‍. പോലീസിനെ സമ്പൂര്‍ണമായി രാഷ്ട്രീയവത്കരിച്ചതാണ് സംസ്ഥാനത്തെ അരാജകത്വത്തിലേക്ക് നയിച്ചതെന്ന വസ്തുത മറച്ചുപിടിച്ചായിരുന്നു റിപ്പോര്‍ട്ട്. ഇന്നത്തെ പ്രതിനിധിചര്‍ച്ചയില്‍ മുഖ്യമന്ത്രിക്കെതിരെ ഉയരാവുന്ന ആരോപണങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് റിപ്പോര്‍ട്ടില്‍ പോലീസിനെതിരെ പരാമര്‍ശങ്ങളുണ്ടായതെന്നാണ് സൂചന. ജില്ലാ സമ്മേളനങ്ങളിലെ ചര്‍ച്ചയില്‍ ഭൂരിഭാഗം സമയവും അപഹരിച്ചത് സിപിഐക്കെതിരെയുള്ള വിമര്‍ശനത്തിനായിരുന്നു. സംസ്ഥാന സമ്മേളനത്തിലും ഇത് ആവര്‍ത്തിക്കാനാണ് സാധ്യത.

കെ.എം. മാണി വിഷയത്തില്‍ സിപിഐ അനാവശ്യ ചര്‍ച്ചകളാണ് നടത്തുന്നത്. മുന്നണി വിപുലീകരിക്കുന്നതിനെക്കുറിച്ച് സിപിഎം ഏകപക്ഷീയമായി ഒരു തീരുമാനവും എടുക്കില്ല. എന്നാല്‍ ഇടതുമുന്നണി വിപുലീകരിക്കേണ്ടത് അനിവാര്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

  പാര്‍ട്ടിയേക്കാള്‍ വലുതാകാന്‍ വ്യക്തികള്‍ ശ്രമിക്കുന്നത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുമെന്നും ഇത് അനുവദിക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നത് പി. ജയരാജനും കണ്ണൂര്‍ ജില്ലാ നേതൃത്വത്തിനുമുള്ള താക്കീതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.